
മലപ്പുറം: ഓണപ്പരീക്ഷ അടുത്തിരിക്കെ അദ്ധ്യാപകരെല്ലാം സെൻസസ് ഡ്യൂട്ടിയുടെ അവസാനഘട്ട തിരക്കിലായത് വിദ്യാലയങ്ങളിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജില്ലയിലെ പല സ്‌കൂളുകളിലും 50 ശതമാനത്തോളം അദ്ധ്യാപകരാണ് സെൻസസ് ജോലികളിലുള്ളത്. എൽ.പി, യു.പി, ഹൈസ്‌കൂൾ തലങ്ങളിലെ അദ്ധ്യാപകരെ നേരിട്ട് ഫീൽഡ് ഡ്യൂട്ടിക്കും ഹയർസെക്കൻഡറി അദ്ധ്യാപകരെ ഇതിന്റെ മേൽനോട്ടത്തിനും ഡാറ്റ പരിശോധനയ്ക്കുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ അദ്ധ്യാപകർക്കുള്ള വിഷയാധിഷ്ഠിത പരിശീലനം കൂടി എത്തിയതോടെ പാഠഭാഗങ്ങൾ പൂർത്തിയാക്കാനാവാതെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ബുദ്ധിമുട്ടുകയാണ്.
ഓരോ ടേമിലും പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങൾ മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഡ്യൂട്ടി കാരണം ഇത് സമയബന്ധിതമായി തീർക്കാൻ കഴിഞ്ഞിട്ടില്ല. അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ പഠനാന്തരീക്ഷം തടസ്സപ്പെടുന്നത് രക്ഷിതാക്കളിലും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. നിലവിൽ സെൻസസ് ഡ്യൂട്ടിയില്ലാത്ത അദ്ധ്യാപകർ വൈകുന്നേരങ്ങളിൽ സ്‌പെഷ്യൽ ക്ലാസുകൾ എടുത്താണ് പാഠഭാഗങ്ങൾ തീർക്കാൻ ശ്രമിക്കുന്നത്. എങ്കിലും എല്ലാ വിഷയങ്ങളിലും എഴുത്തുപരീക്ഷയ്ക്ക് 30 ശതമാനം മാർക്ക് നിർബന്ധമായതിനാൽ ധൃതിപിടിച്ച് പഠിപ്പിച്ചു തീർക്കുന്നത് കുട്ടികളുടെ മാർക്കിനെ ബാധിച്ചേക്കാം.
20 ദിവസം പകുതി ദിവസവും 10 ദിവസം മുഴുവൻ സമയ ഡ്യൂട്ടി ലീവും അനുവദിച്ചാണ് അദ്ധ്യാപകരെ വിവര ശേഖരണത്തിന് നിയോഗിച്ചിരിക്കുന്നത്. ഈ മാസം 31 വരെയാണ് സെൻസസ് ഒന്നാംഘട്ടത്തിന്റെ ഭാഗമായി അദ്ധ്യാപകർ വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കേണ്ടത്. അതിനാൽ നിലവിലെ സാഹചര്യം പരിഗണിച്ച് വരുന്ന ഓണപ്പരീക്ഷയ്ക്ക് പരമാവധി ഒന്ന്, രണ്ട് പാഠങ്ങളിൽ നിന്നുമാത്രം ചോദ്യങ്ങൾ ഉൾപ്പെടുത്തണമെന്നും ചോദപ്പേപ്പർ ലഘൂകരിക്കണമെന്നുമാണ് അദ്ധ്യാപകരുടെയും സ്‌കൂൾ അധികൃതരുടെയും പ്രധാന ആവശ്യം.
നിശ്ചിത സമയത്തിനകം പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കും. പരീക്ഷാ തയ്യാറെടുപ്പുകൾക്കായി പിന്തുണ നൽകും. വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല.'
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പി.വി.റഫീഖ്
ഈ വരുന്ന ശനി, ഞായർ ദിവസങ്ങളിൽ ക്ലാസെടുക്കാതെ പാഠഭാഗം തീർക്കാൻ നിവൃത്തിയില്ല. താൽക്കാലിക അദ്ധ്യാപകരെ നിയോഗിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണാൻ ശ്രമിക്കണമായിരുന്നു.
അദ്ധ്യാപകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |