വാളയാർ: ആടി(കർക്കടകം) മാസത്തെ വരവേറ്റ് അതിർത്തി ഗ്രാമങ്ങളിൽ ഉത്സവ പ്രതീതിയോടെ കോഴിയങ്കം. നിയമവിരുദ്ധമാണെങ്കിലും മധുരയിലെ ജല്ലിക്കട്ട് പോലെ പ്രിയ്യങ്കരമാണ് പാലക്കാടിന്റെ കിഴക്കൻ മേഖലയിലുള്ളവർക്ക് കോഴിയങ്കം. എല്ലാവർഷവും ആടി മാസത്തിൽ വലിയ ജനകീയ പങ്കാളിത്തത്തോടെയാണ് കോഴിയങ്കം നടക്കാറുള്ളത്. സായം സന്ധ്യകളിലാണ് അങ്കം തുടങ്ങുക. ഇത് പലപ്പോഴും പാതി രാത്രി വരെ നീണ്ട് നിൽക്കും. പത്ത് രൂപ മുതൽ ലക്ഷങ്ങൾ വരെ നീളുന്ന വാത് വെപ്പ്. കോഴികളുടെ ഇനവും നിറവും കണക്കാക്കി പന്തയം വയ്ക്കാൻ വൈദഗ്ദ്ധ്യമുള്ളവർ ഇവിടെയുണ്ട്. എല്ലാ ദിവസവും പ്രത്യേകം തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് കോഴിപ്പോര് നടക്കുക. ഇത് ആടി മാസം അവസാനിക്കും വരെ തുടരും. കർക്കടകം 18ന് സ്‌പെഷൽ കോഴിയങ്കമാണ്. അന്ന് വാളയാർ മുതൽ ഗോവിന്ദാപുരം വരെ നീണ്ടു കിടക്കുന്ന അതിർത്തിയിലെ നൂറോളം കേന്ദ്രങ്ങളിൽ കോഴിയങ്കം നടക്കും. കോഴിപ്പോര് കാണാൻ തമിഴ്നാട്ടിൽ നിന്നും നിരവധി പേർ ഇവിടെ എത്താറുണ്ട്. തികഞ്ഞ സൗഹാർദ്ദ അന്തരീക്ഷത്തിലാണ് ഇവിടെ കോഴിയങ്കം നടക്കുന്നത്. ജയിക്കുന്ന കോഴിയുടെ ഉടമയ്ക്ക് പന്തയത്തുകയും തോറ്റ കോഴിയെയും എടുക്കാം. കാണികളും മീഡിയേറ്റർമാരുടെ സാന്നിദ്ധ്യത്തിൽ പന്തയം വെക്കും. മത്സരം പൂർത്തിയായാലുടൻ പന്തയത്തുക കൈമാറും. ഔദ്യോഗിക പന്തയത്തുകയേക്കാൾ പല മടങ്ങ് കാണികൾക്കിടയിൽ വാതുവെപ്പായി മറിയും. കോഴികൾക്ക് ഉത്തേജനത്തിന് ലഹരി കൊടുക്കുന്നതും ബ്ലേഡിൽ വിഷം പുരട്ടുന്നതും തടയാൻ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്.
വിവിധതരം അങ്കക്കോഴികൾ: കടക്‌നാഥ്- കരുത്തിന്റെ പ്രതീകം ഉയർന്ന പ്രതിരോധശേഷി. അസീൽ- പിൻവാങ്ങാത്ത പോരാട്ടവീര്യം, നീണ്ട കാലുകൾ, കട്ടിയുള്ള ചുണ്ടുകൾ. പെരുവടി-വലിയ ശരീര പ്രകൃതി, ക്ഷീണമില്ലാതെ പൊരുതും. കീരി- വീര്യം കൂടിയ ഇനം, മൺ നിറവും കറുപ്പും കലർന്ന പുള്ളികളുള്ള തൂവലുകൾ. പൂതി- സൗമ്യ ഭാവത്തിൽ ഇറങ്ങി പിന്നീട് പോർമുഖം ഇളക്കിമറിക്കും. പരുന്ത്- അങ്കത്തട്ടിൽ പറന്ന് കൊത്തുന്ന ഇനം. പരുന്തിന്റെ നിറം. മായില- മയിലിന്റെ നിറം. ബലമുള്ള കൊക്ക്. കാക്ക- നല്ല കറുത്ത നിറം. നന്നായി പൊരുതുന്ന ഇനം. ചെമ്പൂട്ടി- ചുവപ്പും കറുപ്പും കലർന്ന നിറം. എതിർ കോഴികളെ ചവിട്ടി വീഴ്ത്തി തോൽപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |