
കാട്ടാക്കട: രാത്രിയായാൽ കാട്ടാക്കട ടൗണും പ്രധാന കവലയും പരിസര പ്രദേശങ്ങളും പൂർണമായും ഇരുട്ടിലാകുന്നതായി പരാതി. ഹൈമാസ്റ്റ് ലൈറ്റും നിരവധി തെരുവുവിളക്കുകളും ദിവസങ്ങളായി പ്രവർത്തനരഹിതമായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്.
കാട്ടാക്കട പൊലീസ് സ്റ്റേഷന് മുന്നിൽപോലും രാത്രിയിൽ മതിയായ വെളിച്ചമില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
വെളിച്ചക്കുറവ് കാരണം കാൽനടയാത്രക്കാരും വാഹനയാത്രക്കാരും വലിയ ബുദ്ധിമുട്ടിലാണ്. ഇരുട്ടിൽ അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
നടപടി വേണം
ടൗണിൽ വെളിച്ചമില്ലാത്ത സാഹചര്യം സാമൂഹ്യവിരുദ്ധ സംഘങ്ങൾക്കും ലഹരിമാഫിയകൾക്കും അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. രാത്രിയിൽ പൊലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാർക്കും മതിയായ വെളിച്ചമില്ലാത്തത് സുരക്ഷാആശങ്ക ഉയർത്തുന്നതാണ്. പ്രവർത്തനരഹിതമായ ഹൈമാസ്റ്റ് ലൈറ്റും കേടായ തെരുവുവിളക്കുകളും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി കാട്ടാക്കട ടൗണിൽ വെളിച്ചം ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കെ.എസ്.ഇ.ബിയും ഇടപെടണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |