
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ കുടവനാട് പൊൻപാറയിൽ സ്നേഹക്കുടീരം പകൽവീട് നിർമ്മിച്ചിട്ട് വർഷങ്ങളായി. ഇതുവരെ ഒരാളെപ്പോലും ഇവിടേക്ക് പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ എല്ലാ ആധുനിക സൗകര്യങ്ങളോടെയും 2020ൽ നിർമ്മിച്ചിട്ടും അടഞ്ഞുകിടക്കുന്ന ഈ കെട്ടിടത്തിന് ചുറ്റുമതിൽ നിർമ്മിക്കാനായി 20 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുകയാണ്. എന്നാൽ, വൃദ്ധസദനം നിർമ്മിക്കാനായി വിട്ടുകൊടുത്ത കെട്ടിടം ഡി അഡിക്ഷൻ യൂണിറ്റാക്കി മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
10 ലക്ഷം രൂപയോളം ചെലവഴിച്ച് ഫർണീച്ചർ ഉൾപ്പെടെയുള്ള എല്ലാ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കെട്ടിടമാണ് അധികൃതരുടെ അവഗണന കാരണം അടഞ്ഞുകിടക്കുന്നത്.
നന്ദിയോട് കേന്ദ്രമായി പ്രവർത്തിക്കുന്ന മുതിർന്ന പൗരന്മാരുടെ കൂട്ടായ്മയായ വി.എസ്.എസാണ് 35 സെന്റ് സ്ഥലം വൃദ്ധസദനത്തിനായി വാങ്ങിയത്. 2001 ജനുവരി പത്തിന് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ അവിടെ ശിലാസ്ഥാപനകർമ്മവും നടത്തി. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇവിടെ വൃദ്ധസദനം തന്നെ നിർമ്മിക്കാമെന്ന ധാരണയിൽ സ്ഥലം ജില്ലാ പഞ്ചായത്തിന് കൈമാറി. ഇവിടെ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടവും നിർമ്മിച്ചു. എന്നാൽ പ്രവർത്തനം മാത്രമില്ല.
പ്രവർത്തനം മാത്രം നടന്നില്ല
കൊവിഡ് നിയന്ത്രണത്തെ തുടർന്ന് ഈ കെട്ടിടം താത്കാലിക ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായി പ്രവർത്തിച്ചിരുന്നു. വൃദ്ധർക്ക് രാവിലെ 8 മുതൽ 5 വരെ ഇവിടെ വിശ്രമിക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളോടും കൂടിയാണ് പദ്ധതി പൂർത്തിയാക്കിയത്. ആഹാരം പാകം ചെയ്യുന്നതിനുള്ള അടുക്കള,ടി.വി, പുസ്തകങ്ങൾ, മരുന്ന് സൂക്ഷിക്കുന്നതിനുള്ള സൗകര്യം തുടങ്ങി എല്ലാം ഒരുക്കിയിരുന്നു. എന്നാൽ സ്നേഹകുടീരത്തിൽ പ്രവർത്തനം മാത്രം നടന്നില്ല.
സാമൂഹിക വിരുദ്ധരും
വനമേഖല കൂടി ആയതിനാൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രം കൂടിയാണിവിടം. പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇത്തരം സംഘങ്ങൾ ഇവിടം താവളമാക്കിയിട്ടുണ്ടെന്നാണ് ആക്ഷേപം. നന്ദിയോട് പഞ്ചായത്തിൽ 120 ഓളം വൃദ്ധജനങ്ങൾക്ക് പകൽ വീടിന്റെ സേവനം ആവശ്യമാണെന്ന് കണ്ടെത്തി. ഇതേ തുടർന്ന് നന്ദിയോട് പഞ്ചായത്ത് മുൻ ഭരണസമിതി നിരവധി തവണ ജില്ലാ പഞ്ചായത്ത് അധികാരികൾക്ക് കത്ത് നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |