
പ്രതിഷേധവുമായി നാട്ടുകാർ
കഴക്കൂട്ടം: ദേശീയപാത 66ന്റെ നിർമ്മാണം പുരോഗമിക്കുമ്പോൾ പള്ളിപ്പുറം ജംഗ്ഷനിൽ അണ്ടർപാസ് ഉൾപ്പെടുത്താത്തത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. ഇവിടെ അണ്ടർപാസ് നിർമ്മിച്ചില്ലെങ്കിൽ അണ്ടൂർക്കോണം പഞ്ചായത്തിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ യാത്രാമാർഗം പ്രതിസന്ധിയിലാകും.
നിലവിലുള്ള രൂപരേഖ അനുസരിച്ച് ദേശീയപാതയിൽ റിട്ടെയ്‌നിംഗ് വാൾ കെട്ടിയടയ്ക്കുന്ന രീതിയാണുള്ളത്. ഇത് നടപ്പായാൽ പാച്ചിറ,പറമ്പിൽപാലം,അണ്ടൂർക്കോണം,തിരുവെള്ളൂർ,പള്ളിപ്പുറം,കണിയാപുരം വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാത ഇല്ലാതാകും. നേരത്തെ പലതവണ ഈ ആവശ്യം ഉന്നയിച്ച് പരാതി നൽകിയെങ്കിലും ഫലമുണ്ടായിരുന്നില്ല.
വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് അണ്ടൂർക്കോണം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ മന്ത്രി പി.കെ.ബഷീറിനെ കണ്ട് നിവേദനം നൽകിയിരുന്നു. അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ ജനകീയ സമിതി രൂപീകരിച്ച് അനിശ്ചിതകാല സമരം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം
അധികയാത്രയും സമയനഷ്ടവും
പാത അടയുന്നതോടെ പാച്ചിറ റോഡിൽ നിന്ന് ദേശീയപാത മുറിച്ചുകടക്കാൻ സി.ആർ.പി.എഫ് ജംഗ്ഷൻ വഴിയോ ആലുംമുട് ജംഗ്ഷൻ വഴിയോ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ടി വരും. 50 മീറ്റർ അപ്പുറമുള്ള റോഡിലെത്താൻ ഇനി മൂന്നോ നാലോ കിലോമീറ്റർ അധികം സഞ്ചരിക്കേണ്ട അവസ്ഥയാകുമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് സ്ഥിതിചെയ്യുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം,സ്കൂളുകൾ,അണ്ടൂർക്കോണം മേഖല,പള്ളിപ്പുറം വില്ലേജ് ഓഫീസ്,എൽ.പി സ്കൂൾ,പോത്തൻകോട് തോന്നയ്ക്കൽ ദേവീക്ഷേത്രം,പള്ളിപ്പുറം നാഗരാജ ക്ഷേത്രം,ചാമുണ്ഡി ക്ഷേത്രം,കരിച്ചാറ ജുമാമസ്ജിദ് തുടങ്ങിയ ആരാധനാലയങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കുമുള്ള പ്രധാന വഴിയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |