
തിരുവനന്തപുരം: തലസ്ഥാനത്തെ ഹണിട്രാപ്പ് ആരോപണത്തിൽ വഴിത്തിരിവ്. പരാതിക്കാരനായ തെലുങ്കാന സ്വദേശി മാർക്ക് വിജയകുമാർ തന്റെ ബിസിനസ് പങ്കാളിയും കുഞ്ഞിന്റെ പിതാവുമാണെന്ന് കേസിലെ പ്രതി റോഷ്‌നി സുരേഷ് സമൂഹ മാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തി.
ഹണിട്രാപ്പിലൂടെ പണം തട്ടിയെടുത്തെന്ന പരാതിയിൽ സംശയമുള്ളതിനാൽ വിശദമായ അന്വേഷണം നടത്താനും വിജയകുമാറിനെ ചോദ്യം ചെയ്യാനുമാണ് പൊലീസിന്റെ തീരുമാനം. ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് റോഷ്നി വീഡിയോ പങ്കുവച്ചത്. ' തന്റെ ബിസിനസ് തകർക്കുന്നതിനും സാമ്പത്തിക നേട്ടത്തിനും വേണ്ടിയാണ് വിജയകുമാർ ആരോപണം ഉന്നയിക്കുന്നത്. ഹണിട്രാപ്പ് നടത്തിയെന്നും അഞ്ചുകോടി തട്ടിയെടുത്തെന്നുമുള്ള ആരോപണത്തിൽ വ്യക്തതവരുത്താനാണ് ഇക്കാര്യങ്ങൾ പറയുന്നത്. തന്നെ അറസ്റ്റുചെയ്ത് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്ന് കണ്ട് മജിസ്‌ട്രേറ്റ് അറസ്റ്റ് റദ്ദാക്കിയെന്നും " റോഷ്‌നി വ്യക്തമാക്കി.
കുഞ്ഞിനും വിജയകുമാറിനും ഒപ്പമുള്ള ഫോട്ടോയും ക്ഷേത്രത്തിൽ വിവാഹിതരായതിന്റെ ഫോട്ടോയും റോഷ്നി പുറത്തുവിട്ടു. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ സ്ഥാനത്തുള്ളത് വിജയകുമാറിന്റെ പേരാണെന്നുമാണ് വെളിപ്പെടുത്തിയത്. ഇരുവരും ജർമ്മൻഭാഷ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ പങ്കാളികളാണെന്ന് വഞ്ചിയൂർ പൊലീസ് കണ്ടെത്തി.
വിജയകുമാറിന്റെ അക്കൗണ്ടിൽ നിന്ന് റോഷ്നിയുടെ അക്കൗണ്ടിലേക്കും തിരിച്ചും നിരവധി തവണ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. ഹണിട്രാപ്പാണെങ്കിൽ റോഷ്‌നി എന്തിന് വിജയകുമാറിന് പണം അയയ്‌ക്കണമെന്നതാണ് പൊലീസിന്റെ സംശയം. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും ക്ഷേത്രത്തിൽ താലികെട്ടുന്ന ഫോട്ടോകളും പരിശോധിച്ച ശേഷം നിയമപരമല്ലാതെ ഇവരുടെ വിവാഹം നടന്നിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
വിജയകുമാറിന്റെ ഭാര്യ നൽകിയ പരാതിയിലെ മറ്റു പ്രതികളുടെ കാര്യത്തിൽ വിശദമായ പരിശോധന നടത്തും. ഇവരുടെ മൊഴിരേഖപ്പെടുത്തിയ ശേഷം മാത്രമേ തുടർനടപടികൾ ഉണ്ടാകുകയുള്ളൂ. ബിസിനസ് തർക്കമാണ് പരാതിക്ക് കാരണമെന്ന ആരോപണത്തിലും കൂടുതൽ പരിശോധന വേണം. വിജയകുമാറിനെ ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂവെന്നും പൊലീസ് വിലയിരുത്തുന്നു. നേരത്തേ രണ്ടുതവണ വിവാഹിതയായ റോഷ്‌നി, നിയമപരമായി ബന്ധം വേർപെടുത്തിയിരുന്നു. ഇതിനിടെ മൂന്നാമത് വിവാഹം കഴിച്ചു. ഇയാൾക്കെതിരെ തൃക്കാക്കര പൊലീസിൽ പീഡന പരാതിയും നൽകിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |