SignIn
Kerala Kaumudi Online
Friday, 24 July 2026 4.17 AM IST

പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്‌ത കേസിൽ പൊലീസ് അനാസ്ഥയെന്ന് മെഡി.കോളേജ് സ്റ്റേഷനിൽ വൻ വിദ്യാർത്ഥി പ്രതിഷേധം

തിരുവനന്തപുരം: സഹപാഠികളായ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ പ്രതിക്ക് ജാമ്യം കിട്ടാൻ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് ആക്ഷേപം. പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്നാണ് ആരോപിച്ച് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു.

ഇന്നലെ രാത്രി 11.30ഓടെയാണ് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ സ്‌റ്റേഷന് മുന്നിൽ പ്രതിഷേധവുമായെത്തിയത്. ഒരു പെൺകുട്ടി നൽകിയ പരാതിയിലാണ് ചൊവ്വാഴ്ച വയനാട് സ്വദേശി മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയുമായ ആബേൽ അഗസ്റ്റിനെ അറസ്റ്റുചെയ്തത്. ഫോണിൽ ഇയാൾ പെൺകുട്ടികളുടെ ചിത്രം പകർത്തി പ്രചരിപ്പിക്കുന്നത് പതിവായതോടെയാണ് പരാതി നൽകിയത്. 13 സീനിയർ വിദ്യാർത്ഥികളുടെ ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്.

പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ നിന്ന് എടുത്ത ഫോട്ടോകളാണ് മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ആദ്യം പരാതിയുമായി രണ്ട് പെൺകുട്ടികളാണ് എത്തിയത്. ഇതിൽ ഒരു പരാതിയിൽ പൊലീസ് കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ജാമ്യം ലഭിച്ചെന്ന് അറിഞ്ഞതോടെ ഏഴ് പെൺകുട്ടികൾ പരാതിയുമായി ഇന്നലെ സ്‌റ്റേഷനിലെത്തുകയായിരുന്നു. എന്നാൽ പൊലീസ് എഫ്.ഐ.ആർ ഇടാനോ കുട്ടികളുടെ മൊഴിയെടുക്കാനോ കൂട്ടാക്കിയില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. നിസാര വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തതാണ് ജാമ്യം ലഭിക്കാൻ ഇടയാക്കിയതെന്ന് ഇവർ ആരോപിച്ചു.
പരാതികൾക്ക് ഒരേ സ്വഭാവമാണെന്നും വ്യത്യസ്ത എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നുമായിരുന്നു പൊലീസ് നിലപാട്. ഒറ്റ കുറ്റകൃത്യമായതിനാൽ ഒരു എഫ്.ഐ.ആറിൽ അന്വേഷണം തുടരാമെന്നും മറ്റ് പരാതികൾ കൂടി ഇതോടൊപ്പം ഉൾപ്പെടുത്താമെന്നും അറിയിച്ച പൊലീസ് ഇവരെ മടക്കി അയച്ചു. ഇതുകൂടാതെ പെൺകുട്ടികളെ പരിഹസിക്കുകയും അവരുടെ ഫോട്ടോ എടുത്തെന്നും ആരോപണമുണ്ട്.

ഏഴ് പരാതികളിലും വ്യത്യസ്ത എഫ്.ഐ.ആർ ഇട്ട് കേസെടുക്കണമെന്നായിരുന്നു വിദ്യാർത്ഥികളുടെ ആവശ്യം. തുടർന്ന് രാത്രിയോടെ പരാതിക്കാരും എസ്.എഫ്.ഐ പ്രവർത്തകരും സ്‌റ്റേഷനിലെത്തുകയായിരുന്നു. എന്നാൽ രാത്രിയായതിനാൽ പരാതി സ്വീകരിക്കാനും എഫ്.ഐ.ആർ ഇടാനുമാകില്ലെന്ന നിലപാട് പൊലീസ് തുടർന്നതോടെ ക്ഷുഭിതരായ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിയുമായി സ്‌റ്റേഷൻ വളഞ്ഞു.

പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളുടെ ദൃശ്യം പൊലീസ് പകർത്തിയതോടെ പൊലീസും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റമുണ്ടായി. കർശന നടപടി സ്വീകരിക്കണമെന്നും പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെട്ടു. ഒടുവിൽ എല്ലാ പരാതികളിലും വ്യത്യസ്ത എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാമെന്ന് പൊലീസ് സമ്മതിച്ചതിനെ തുടർന്ന് 12.45ഓടെ വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL