SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

മെസി തട്ടിപ്പിൽ എസ്.ഐ.ടി പണി തുടങ്ങി സർവ രേഖകളും പിടിച്ചെടുക്കും

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കുമെന്ന പേരിൽ നടത്തിയ ദുരൂഹ ഇടപാടുകളുടെ രേഖകൾ കായികവകുപ്പിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുക്കും. ഇന്നലെ ഓൺലൈനായി ചേർന്ന ആദ്യ എസ്.ഐ.ടി യോഗത്തിൽ എ.ഡി.ജി.പി പി.വിജയൻ ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. രേഖകൾ പരിശോധിച്ച ശേഷമാവും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. നിയമവിരുദ്ധ ഇടപാടുകൾ പൂർണമായി കണ്ടെത്തിയശേഷമേ മുൻ മന്ത്രി വി.അബ്ദുറഹിമാനെ ചോദ്യം ചെയ്യുള്ളൂ.

കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന്റെ അന്വേഷണ റിപ്പോർട്ടിനൊപ്പം ചില രേഖകളുണ്ട്. എന്നാൽ മുഴുവൻ ഇടപാടുകളും അന്വേഷിക്കാനാണ് സർക്കാർ ഉത്തരവ്. ചട്ടങ്ങൾ പാലിക്കാതെ സ്വകാര്യ സ്പോൺസറെ തിരഞ്ഞെടുത്തതിന്റെയും അർജന്റീന ടീം അധികൃതരുമായി മുൻമന്ത്രി നടത്തിയ ഇ- മെയിൽ ആശയവിനിമയത്തിന്റെയും രേഖകൾ പിടിച്ചെടുക്കും. സ്വകാര്യ സ്പോൺസർക്ക് അർജന്റീന ഫുട്ബാൾ അസോസിയേഷനുമായി കരാറൊപ്പിടാൻ, സർക്കാർ ഉത്തരവ് കായികവകുപ്പ് തിരുത്തിയതിന്റെ ഫയലുകൾ ശേഖരിക്കും. 210 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയിൽ ടെൻഡറില്ലാതെ സ്പോൺസറായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ കായികവകുപ്പ് നേരിട്ടു തിരഞ്ഞെടുത്തതിന്റെ നടപടിക്രമങ്ങളും പരിശോധിക്കും.

ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം തേടാതെ ഇടപാടുമായി മുന്നോട്ടുപോയതും ദുരൂഹമാണ്. കരാർ പ്രകാരമുള്ള പണം അടയ്ക്കാൻ വൈകിയ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അർജന്റീന ഫുട്ബാൾ അസോസിയേഷൻ 40 ലക്ഷം യു.എസ് ഡോളർ പിഴ ചുമത്തിയിരുന്നു. ഇത് ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് അന്നത്തെ കായിക സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് കത്തയച്ചതും അന്വേഷണ പരിധിയിലുണ്ട്.

സാമ്പത്തിക ബാദ്ധ്യതയും തപ്പും

സംസ്ഥാന സർക്കാരിനുണ്ടായ സാമ്പത്തിക ബാദ്ധ്യതയുടെ വിവരങ്ങളും മുൻ കായികമന്ത്രിയുടെ ഓഫീസ്,​ മുൻ ചീഫ് സെക്രട്ടറി എന്നിവർ കമ്പനിയുമായി നടത്തിയ ചർച്ചകളുടെ വിവരങ്ങളും ശേഖരിക്കും. അർജന്റീന ടീമിനെ ക്ഷണിക്കാൻ അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള സംഘം സ്പെയിൻ സന്ദർശിച്ചിരുന്നു. ഇതിനു 13,04,434 രൂപ ചെലവായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL