SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.15 AM IST

ദുരിതം വിട്ടൊഴിയാതെ കൊടിനട- മാർക്കറ്റ് റോഡ്

general

ബാലരാമപുരം: ബാലരാമപുരം പഞ്ചായത്തിൽ മണലി വാർഡിലെ കൊടിനട- മാർക്കറ്റ് റോഡ് തകർന്നിട്ട് വർഷങ്ങളായിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. നൂറ് കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. കൊടിനട കച്ചേരിക്കുളം മുതൽ വിഴിഞ്ഞം റോഡിൽ മാർക്കറ്റിന് മുൻവശം വരെ റോഡിൽ അവിടവിടെ കുഴികൾ രൂപപ്പെട്ട് വെള്ളക്കെട്ടായ നിലയിലാണ്.

ദേശീയപാതയിൽ തിരക്കേറുമ്പോൾ ആളുകൾ മണലി മാർക്കറ്റ് റോഡ് വഴിയാണ് കടന്നുപോകുന്നത്. മണലി വാർഡിൽ പരുത്തിമഠം റസിഡന്റ്സ് അസോസിയേഷനിലെ നൂറോളം കുടുംബങ്ങളും കൊടിനട മുതൽ മാർക്കറ്റ് റോഡ് വരെയുള്ള അമ്പതോളം താമസക്കാരും ആശ്രയിക്കുന്ന പ്രധാന ബൈറോഡാണിത്. ജില്ലാ പഞ്ചായത്ത് 10ലക്ഷം രൂപ അനുവദിച്ച് റോഡിന്റെയും ഓടയുടേയും പണികൾ നടക്കുന്നതിനിടെ ചിലർ എതിർപ്പുമായി രംഗത്തെത്തിയതോടെ സ്വകാര്യ ദന്തൽ ക്ലിനിക്ക് സമീപം നിർമ്മാണജോലികൾ തടസ്സപ്പെട്ടു. ജലജീവൻ മിഷന്റെ ഭാഗമായി മുൻ മെമ്പർ ഷാമിലാബീവി ഇടപെട്ട് മാർക്കറ്റ് റോഡിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുകയും പൊട്ടിപ്പൊളിഞ്ഞ ഓടകൾ മാറ്റി പുതിയ സ്ലാബുകൾ നവീകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ പഞ്ചായത്ത് എസ്റ്റിമേറ്റ് എടുക്കുകയും റോഡ് നവീകരണത്തിന് ഫണ്ട് അനുവദിക്കുകയും ചെയ്തു.

കുഴികളിൽ വീണ് അപകടം

ബൈക്ക് യാത്രക്കാരുൾപ്പെടെ റോഡിലെ കുഴികളിൽ വീണ് അത്യാഹിതമുണ്ടാവുന്നത് പതിവാണ്. കൊടിനട ഭാഗത്തേക്ക് 50മീറ്ററോളം ഭാഗം റോഡ് പണി തടസപ്പെട്ട നിലയിലാണ്. നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉൾപ്പെടെ പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും പ്രാദേശിക എതിർപ്പുകൾ മൂലം റോഡിന്റെ പണികൾ പൂർത്തിയാക്കാൻ സാധിച്ചില്ല.

നിർമ്മാണം അനിശ്ചിതത്വത്തിൽ

മണലി വാർ‌ഡിൽ കൊടിനട- മാർക്കറ്റ് റോഡിൽ ടാറിംഗ് ഉൾപ്പെടെ 7 ലക്ഷത്തോളം രൂപയുടെ പണികർ പൂർത്തീകരിച്ചു. പണി തടസപ്പെട്ടതുമായി ബന്ധപ്പെട്ട് ബാലരാമപുരം പൊലീസിലും ബന്ധപ്പെട്ട വകുപ്പിലും പരാതി നൽകിയെങ്കിലും മേൽനടപടിയുണ്ടായില്ല. പഞ്ചായത്ത് സെക്രട്ടറിക്ക് എഫ്.ഐ.ആർ പകർപ്പ് കൈമാറി പണി തുടരാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വാർഡിലെ രാഷ്ട്രീയ പ്രാദേശിക എതിർപ്പുകൾ നിർമ്മാണപ്രവൃത്തികൾക്ക് വീണ്ടും തിരിച്ചടിയായി. കരാർ കാലാവധി പൂർത്തിയായതോടെ അനുവദിച്ച ബാക്കി തുക തിരികെ ജില്ലാ പഞ്ചായത്ത് മരാമത്ത് ഫണ്ടിലേക്ക് പോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL