
കാട്ടാക്കട: നെയ്യാർഡാമിൽ പർവതാരോഹണ പരിശീലനകേന്ദ്രം വേണമെന്ന നാട്ടുകാരുടെയും സാഹസിക യാത്രികരുടെയും ആവശ്യം ഇപ്പോഴും നടപ്പായിട്ടില്ല. പരിശീലന കേന്ദ്രത്തിനായുള്ള പഠനത്തിനായി 2018ൽ ഒരു വിദഗ്ദ്ധസമിതിയെ നിയമിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.എന്നാൽ നടപ്പിലാക്കാൻ കായികവകുപ്പ് ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നെയ്യാർഡാമിലും പരിസരത്തും കൂറ്റൻപാറകളും മലയിടുക്കുകളും ധാരാളമുണ്ട്. ആനമുടി കഴിഞ്ഞാൽ ഏറ്റവും വലിയ കൊടുമുടിയായ അഗസ്ത്യകൂടവും ഇവിടെയാണ്. 45 വർഷങ്ങൾക്ക് മുമ്പ് ഉയർന്ന ആവശ്യമാണ് ഇവിടെ പർവതാരോഹണ പരിശീലനകേന്ദ്രം സ്ഥാപിക്കണമെന്നത്. ഇവിടം സന്ദർശിച്ച കേണൽ ജി.വി.രാജയാണ് ആദ്യമായി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. നീലലോഹിതദാസ് കായികമന്ത്രിയായപ്പോൾ പരിശീലനകേന്ദ്രത്തിനായി ബഡ്ജറ്റിൽ പണവും അനുവദിച്ചിരുന്നു. നെയ്യാർഡാമിലെ കാളിപ്പാറയാണ് ആസ്ഥാനമായി അന്ന് തിരഞ്ഞെടുത്തത്. വർഷത്തിൽ മിക്കമാസങ്ങളിലും ഡാമിൽ എൻ.സി.സി, ദേശീയ പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ട്,വിവിധ സ്വകാര്യ പർവതാരോഹണക്കാർ എന്നിവരൊക്കെ പരിശീലനത്തിനെത്തുന്നത് ഇവിടെയാണ്.
4000 അടി ഉയരമുള്ള കാളിപ്പാറയിലാണ് പരിശീലനം നടത്തുന്നത്. നാട്ടിൽ പർവതാരോഹണത്തിൽ പരിശീലനം നേടിയ നിരവധിപേരാണുള്ളത്. അവർക്ക് തൊഴിലും നെയ്യാർ ഡാമിന്റെ വികസനത്തിനും വഴിതുറക്കുമായിരുന്ന പദ്ധതിയാണ് പാതിവഴിയിൽ നിലച്ചുപോയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |