SignIn
Kerala Kaumudi Online
Thursday, 15 October 2026 5.42 AM IST

ഫ്ലാറ്റിന് സമീപം വീണ്ടും മണ്ണെടുപ്പ്; പ്രതിഷേധത്തെതുടർന്ന് നിറുത്തി

excavators

തിരുവനന്തപുരം: മണ്ണിടിച്ചിലിനെത്തുടർന്ന് ഫ്ലാറ്റിലെ താമസക്കാരെ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ഒഴിപ്പിച്ചതിന് പിന്നാലെ,​ അപകട സാദ്ധ്യത മേഖലയിൽ വീണ്ടും മണ്ണെടുപ്പ്. ഇവിടെ നിന്നുള്ള മണ്ണുകൊണ്ട് കഴിഞ്ഞ ദിവസങ്ങളിലെടുത്ത കുഴി മുടാനാണെന്നായിരുന്നു ഗുഡ്‌ഷെപ്പേർഡ്‌ സ്‌കൂൾ അധികൃതരുടെ വിശദീകരണം. ആക്കുളം പി.ആർ.എസ് ലേക്‌വില്ലെ ഫ്ലാറ്റ് സമുച്ചയത്തോട് ചേർന്ന് മണ്ണിടിച്ചിലുണ്ടായ ഭാഗത്താണ് ഇന്നലെ രാവിലെ രണ്ട് എക്‌സ്‌കവേറ്ററുകൾ ഉപയോഗിച്ച് വീണ്ടും മണ്ണിടിച്ചത്. ഫ്ലാറ്റിലെ താമസക്കാരടക്കം ഇടപെട്ടതോടെ ഈ ഭാഗത്തുനിന്ന് മണ്ണെടുക്കുന്നത് നിറുത്തിവച്ചു. തുടർന്ന് അപകട മേഖലയല്ലാത്ത സ്ഥലത്തുനിന്നുള്ള മണ്ണെത്തിച്ചത്.
അപകട സാദ്ധ്യതയുള്ളതിനാൽ മണ്ണിടിക്കലോ മറ്റ് നിർമ്മാണങ്ങളോ നടത്തരുതെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചിരുന്നു. ഇതിനിടെയാണ് ഇന്നലെ അശാസ്ത്രീയമായവിധം വീണ്ടും മണ്ണെടുപ്പിന് ശ്രമം നടന്നത്.
ഫ്ലാറ്റിന് നാല് മീറ്റർ മാത്രം അകലെയായി തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് മണ്ണിടിച്ചിലുണ്ടായത്. പാർശ്വഭിത്തി പൂർണമായും തകർന്ന് വലിയ വിള്ളലുകൾ രൂപപ്പെടുകയും ഫ്ലാറ്റിന് മുൻവശത്തെ റോഡ് ഏകദേശം 50 മീറ്റർ നീളത്തിലും 15 മീറ്റർ ഉയരത്തിലും ഇടിഞ്ഞുവീഴുകയും ചെയ്തു. സുരക്ഷാ മുൻകരുതലുകളോ പെർമിറ്റ് നിബന്ധനകൾ പ്രകാരമുള്ള റീട്ടെയിനിംഗ് വാളോ നിർമ്മിക്കാതെ അശാസ്ത്രീയമായാണ് സ്‌കൂൾ അധികൃതർ മണ്ണെടുത്തതെന്ന് റവന്യൂ അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മണ്ണെടുപ്പ് നിയമവിരുദ്ധമാണോ എന്നത് സംബന്ധിച്ച് പരിശോധിക്കാൻ കളക്ടർ നിർദ്ദേശിച്ചിട്ടേയുള്ളുവെന്നും പരിശോധന തുടങ്ങിയിട്ടില്ലെന്നും ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.

 വാക്കുപാലിച്ചില്ല; താമസ സൗകര്യം പരിമിതം
ഫ്ലാറ്റിൽനിന്ന് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് സ്‌കൂൾ അധികൃതർ ഹോട്ടലുകളിലടക്കം താമസ സൗകര്യമൊരുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇത് പൂർണമായും പാലിക്കപ്പെട്ടില്ല. 65 കുടുംബങ്ങളിൽപലരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും വീടുകളിലേക്ക് ചൊവ്വാഴ്ച രാത്രിയോടെ മാറി. 42 കുടുംബങ്ങൾക്കാണ് താമസ സൗകര്യം വേണ്ടിവന്നത്. ഇവർക്ക് വിവിധ ഹോട്ടലുകളിലടക്കം മുറി ലഭ്യമാക്കിയെങ്കിലും സൗകര്യങ്ങൾ പരിമിതമായിരുന്നു. ഒരുമുറിക്കുള്ളിൽ കൂടുതൽ പേർ കഴിയേണ്ട സാഹചര്യവുമുണ്ടായി. പരിമിതികൾ വയോധികരടക്കമുള്ളവരെ പ്രതിസന്ധിയിലാക്കി. ഫ്ലാറ്റിലെ താമസക്കാരുടെ അസോസിയേഷൻ ഇന്നലെ വിഷയത്തിൽ ഇടപെട്ട് പകരം സംവിധാനമൊരുക്കാനുള്ള നടപടികൾ ആരംഭിച്ചു. വിഷയം ജില്ലാ കലക്ടറടക്കമുള്ളവരുടെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL