തിരുവനന്തപുരം: കരമന കൂടം തറവാട്ടിലെ ദുരൂഹമരണങ്ങളിൽ വഴിത്തിരിവായത് വീട്ടുജോലിക്കാരി ലീലയുടെ നിർണായക മൊഴി.
ജയമാധവൻ നായരുടെ മരണത്തെക്കുറിച്ച് കാര്യസ്ഥൻ രവീന്ദ്രൻ നായർ പൊലീസിന് നൽകിയ വിശദീകരണങ്ങളെല്ലാം ലീലയുടെ വെളിപ്പെടുത്തലിന് മുന്നിൽ പൊളിഞ്ഞുവീണു. സംശയങ്ങൾക്ക് ബലം കിട്ടിയതോടെ ശാസ്ത്രീയ തെളിവുകളും ബ്രെയിൻ മാപ്പിംഗ് പരിശോധനകളും നടത്തി പ്രതിയുടെ ചെറുത്തുനിൽപ്പുകൾ പൊളിക്കുകയായിരുന്നു ക്രൈംബ്രാഞ്ച്. അതോടെ കാര്യസ്ഥൻ രവീന്ദ്രൻ നായർ കുടുങ്ങി. റിമാൻഡിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി.
പൊളിഞ്ഞുവീണ് കള്ളക്കഥകൾ
ജയമാധവന്റെ മരണം ആശുപത്രിയിൽ സ്ഥിരീകരിച്ച ശേഷം താനും ലീലയും ചേർന്ന് കരമന പൊലീസ് സ്റ്റേഷനിൽ പോവുകയും പിന്നീട് ലീല കൂടത്തിൽ തറവാട്ടിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു എന്നായിരുന്നു രവീന്ദ്രൻ നായർ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ താൻ സ്റ്റേഷനിലേക്ക് പോയിട്ടില്ലെന്നും സംഭവത്തിനുശേഷം തന്നെ അവിടെ നിറുത്താതെ തിരിച്ച് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെടുകയാണ് രവീന്ദ്രൻ ചെയ്തതെന്നാണ് ലീല അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
ജയമാധവൻ നായർ കട്ടിലിൽ നിന്നുവീണ് ഗുരുതരാവസ്ഥയിലാണ് താൻ കണ്ടതെന്ന് രവീന്ദ്രൻ പറഞ്ഞെങ്കിലും ജയമാധവൻ നായരെ ആശുപത്രിയിലെത്തിക്കുന്നതിൽ രവീന്ദ്രൻ കാലതാമസം വരുത്തിയത് പൊലീസിന് സംശയം വർദ്ധിപ്പിച്ചു. സമീപത്ത് താമസിക്കുന്ന ഓട്ടോക്കാരൻ കൂടത്തിൽ തറവാട്ടിലാണ് ഓട്ടോ ഒതുക്കിയിടുന്നത്. സംഭവദിവസം തറവാട്ടിൽ ആ വണ്ടി ഉണ്ടായിരുന്നിട്ടും അത് വിളിക്കാതെ സുഹൃത്ത് അനിലിന്റെ കാർ വിളിച്ചുവരുത്തുകയും ഗുരുതര നിലയിലായിരുന്നിട്ടും കരമനയിലെ സ്വകാര്യ ആശുപത്രിയിൽ പോകാതെ കിലോമീറ്ററുകൾക്ക് അപ്പുറമുള്ള മെഡിക്കൽ കോളേജിൽ എത്തിച്ചതെന്തിനെന്ന ചോദ്യത്തിനും രവീന്ദ്രന് ഉത്തരമില്ലായിരുന്നു.
കാര്യസ്ഥനായ രവീന്ദ്രൻ നായർക്കെതിരെ കുടുംബത്തിലെ അവകാശികളിൽ ഒരാളായ ഉണ്ണിക്കൃഷ്ണൻ നായരുടെ ഭാര്യ പ്രസന്നകുമാരിക്ക് പുറമെ, മരിച്ച ജയമാധവന്റെ അച്ഛന്റെ അനന്തരവൾ ആനന്ദവല്ലിയും പരാതി നൽകിയിരുന്നു. കുടുംബത്തിലെ ആരുടെയും മരണവിവരം കാര്യസ്ഥൻ തങ്ങളെ അറിയിച്ചിട്ടില്ലെന്നായിരുന്നു ആനന്ദവല്ലിയുടെ ആരോപണം. ജയമാധവൻ രവീന്ദ്രൻ നായർക്ക് സ്വത്ത് എഴുതിവയ്ക്കാൻ ഒരു സാദ്ധ്യതയും ഇല്ലെന്നും ഇവർ പറഞ്ഞിരുന്നു. കേസിൽ പ്രതിയായ കാറുടമ അനിൽ ഇതിനിടെ മരണപ്പെട്ടിരുന്നു. മറ്റൊരു പ്രതിയായ കാർ ഡ്രൈവർ സജുവിനെ മുമ്പ് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. വിദേശത്തുള്ളസജുവിനെ വിളിച്ചുവരുത്തി അറസ്റ്റുചെയ്യാനാണ് പൊലീസിന്റെ നീക്കം.
കൊലപാതകം ചുവരിൽ തലയിടിപ്പിച്ച്
ജയമാധവൻ നായരെ കാര്യസ്ഥൻ രവീന്ദ്രൻ നായർ ചുവരിൽ തലയിടിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ മരണം സംഭവിക്കാതായതോടെ കട്ടിലിൽ വലിച്ചിട്ട് ശേഷം തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ചുമരിൽ തലയിടിപ്പിച്ചപ്പോഴുണ്ടായ മുറിവിൽ നിന്നുള്ള രക്തത്തുള്ളികളാണ് കട്ടിലിലും സമീപത്തുണ്ടായിരുന്ന തടിക്കഷണത്തിലും ഫോറൻസിക് സംഘം കണ്ടെത്തിയത്. ഇതേ രക്തത്തുള്ളികളാണ് കാറിൽ നിന്ന് പിന്നീട് ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |