
സ്ഥലം വാങ്ങാൻ പണമില്ല
മുടപുരം: ഭൂമി വാങ്ങാൻ പണമില്ലാതെ, കിഴുവിലം പഞ്ചായത്തിലെ 13 അങ്കണവാടികൾ വാടകകെട്ടിടത്തിൽ.പഞ്ചായത്തിൽ മൊത്തം 30 അങ്കണവാടികളാണ് ഉള്ളത്.എല്ലാ സാമ്പത്തിക വർഷവും അങ്കണവാടികൾക്ക് ഭൂമി വാങ്ങാനായി,പഞ്ചായത്ത് ബഡ്ജറ്റിൽ ഫണ്ട് അനുവദിക്കാറുണ്ട്.ബഡ്ജറ്റിൽ വകയിരുത്തിയ തുക കൊണ്ട് 5 സെന്റ് ഭൂമി വാങ്ങാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.
ഭൂമിയുടെ മാർക്കറ്റ് വിലയേക്കാൾ വളരെ കുറവാണ് ബഡ്ജറ്റ് വിഹിതം.സ്ഥലം കണ്ടെത്തിയാൽ അതിന് റവന്യു വകുപ്പ് നിശ്ചയിക്കുന്ന വില മാർക്കറ്റ് വിലയേക്കാൾ വളരെ കുറവാണ്.റവന്യു വകുപ്പ് നിശ്ചയിക്കുന്ന വിലയേക്കാൾ 30 ശതമാനം വർദ്ധിപ്പിക്കാനെ ഗ്രാമപഞ്ചായത്തിന് ഇപ്പോൾ അധികാരമുള്ളൂ.അതുകൊണ്ടാണ് മാർക്കറ്റ് വില കൊടുത്ത് ഭൂമി വാങ്ങാൻ കഴിയാത്തത്.
റവന്യു വകുപ്പ് നിശ്ചയിക്കുന്ന വിലയേക്കാൾ 50 ശതമാനം വില വർദ്ധിപ്പിക്കാൻ ഗ്രാമപഞ്ചായത്തിന് അധികാരം നൽകിയാൽ അങ്കണവാടികൾക്ക് സ്ഥലം വാങ്ങാൻ കഴിയുമെന്നാണ് ഗ്രാമപഞ്ചായത്ത് മെമ്പർമാർ പറയുന്നത്.
അങ്കണവാടിക്ക് സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനും എം.എൽ.എ ഫണ്ടോ ഡിപ്പാർട്ടുമെന്റ് ഫണ്ടോ അനുവദിക്കണമെന്നാണ് ഗ്രാമപഞ്ചായത്ത് മെമ്പർമാർ ആവശ്യപ്പെടുന്നത്.
അങ്കണവാടികൾ പ്രവർത്തിക്കുന്നത് - വനിതാ ശിശു വികസനവകുപ്പിന് കീഴിൽ
ആകെ - 30 അങ്കണവാടികൾ
വാടക കെട്ടിടത്തിൽ - 13 എണ്ണത്തിന്
സ്വന്തം സ്ഥലവും കെട്ടിടവുമുള്ളത് - 16 എണ്ണത്തിന്
സ്കൂൾ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത് - ഒരു അങ്കണവാടി
രണ്ട് അങ്കണവാടികൾക്ക് സൗജന്യമായി ഭൂമി ലഭിച്ചിട്ടുണ്ട്.
82-ാം അങ്കണവാടി സ്മാർട്ട് അങ്കണവാടിയാക്കാൻ നിർദ്ദേശം സമർപ്പിച്ചു
5 സെന്റ് സ്ഥലമാണ് അങ്കണവാടിക്ക് വേണ്ടത്.
വാടക കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് മിക്ക അങ്കണവാടികളും പ്രവർത്തിക്കുന്നത്.അങ്കണവാടികൾക്ക് ലഭിക്കുന്ന കളിക്കോപ്പുകളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കാൻ തന്നെ പൂർണതോതിൽ കഴിയുന്നില്ല.
എല്ലാ അങ്കണവാടികൾക്കും സ്വന്തമായി സ്ഥലം വാങ്ങണമെന്ന് ഗ്രാമപഞ്ചായത്തിന് ആഗ്രഹമുണ്ട്.എന്നാൽ മാർക്കറ്റ് വില കൊടുത്ത് സ്ഥലം വാങ്ങാൻ കഴിയാത്തതാണ് ബുദ്ധിമുട്ട്.
ഷമീർ കിഴുവിലം,പ്രസിഡന്റ്,
കിഴുവിലം ഗ്രാമപഞ്ചായത്ത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |