വിതുര: പ്രതികൂല കാലാവസ്ഥയിലും വിനോദസഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ പതിനായിരക്കണക്കിന് സഞ്ചാരികളുടെ കുത്തൊഴുക്ക്. മൂന്ന് ദിവസമായി പൊൻമുടി,കല്ലാർ,ബോണക്കാട്,പേപ്പാറ,വിതുര മേഖലയിൽ മഴ കോരിച്ചൊരിയുകയാണ്. പൂജാഅവധിയായതിനാൽ കുട്ടികളടക്കം അനവധി കുടുംബങ്ങളാണ് പൊൻമുടി സന്ദർശിക്കാനെത്തിയത്.ബസുകൾ കുറവായതിനാൽ കെ.എസ്.ആർ.ടി.സി ബസിലെത്തിയവർക്ക് നിശ്ചിതസമയത്ത് മടങ്ങിപോകാവാൻ കഴിയാതെ മണിക്കൂറുകളോളം പൊൻമുടിയിൽ കുടുങ്ങി. ഇനിയും മഴ കനത്താൽ പൊൻമുടി അടച്ചിടാൻ സാദ്ധ്യതയുണ്ട്.
പേപ്പാറ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വെള്ളം ഉയരുകയും പൊടിയക്കാല റോഡ് വെള്ളത്തിൽ മുങ്ങുകയും ചെയ്തതോടെ പൊടിയക്കാലയിലേക്കുള്ള സഞ്ചാരം മണിക്കൂറുകളോളം നിലച്ചിരുന്നു. കല്ലാർ മൊട്ടമൂട്,ആറാനക്കുഴി,പേപ്പാറ,ചെമ്മാംകാല,ചാത്തൻകോട്, മണലി, തലത്തൂതക്കാവ് ആദിവാസിമേഖലകളിലും കനത്തമഴ പെയ്തു.
മലവെള്ളപ്പാച്ചിൽ: ജാഗ്രത
പൊൻമുടി ബോണക്കാട് വനമേഖലയിൽ ശക്തമായ മഴപെയ്തതിനെ തുടർന്ന് മണിക്കൂറുകളോളം മലവെള്ളപ്പാച്ചിലുണ്ടായി. വാമനപുരം നദിയിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ട്. കല്ലാറിലും പേപ്പാറ ഡാമിലും ജലനിരപ്പ് ഉയർന്നു. നദീതീരങ്ങളിൽ അധിവസിക്കുന്നവർ ജാഗ്രതപാലിക്കണമെന്നാണ് നിർദ്ദേശം.
സംസ്ഥാനപാത വെള്ളത്തിൽ
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയിലെ വിതുര, ഹൈസ്കൂൾ ജംഗ്ഷൻ, കൊപ്പം ചേന്നൻപാറ,ശിവൻകോവിൽജംഗ്ഷൻ,തേവിയോട്,മന്നൂർക്കാണം എന്നീ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. മന്നൂർക്കോണത്ത് ബൈക്ക് വെള്ളത്തിൽ മുങ്ങുകയും ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു.
വിതുരയിൽ വെള്ളപ്പൊക്കം
വിതുര കലുങ്ക് ജംഗ്ഷനിലെ കടകളിൽവെള്ളംകയറി വൻനാശനഷ്ടമുണ്ടായി. മരുതാമല മക്കിയും വെള്ളത്തിൽ മുങ്ങി.ഇവിടെയും അനവധി വീടുകളിൽ വെള്ളം കയറി. മലവെള്ളപ്പാച്ചിലുണ്ടായതോടെ വാമനപുരം നദിയിലെ ചെറ്റച്ചൽ സൂര്യകാന്തിപാലം വെള്ളത്തിനിടയിലായി. ഇതോടെ വിതുര ചെറ്റച്ചൽ സൂര്യകാന്തി തെന്നൂർ റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതതടസമുണ്ടായി.
മരം വീണ് ഗതാഗതം തടസപ്പെട്ടു
കനത്തമഴയെ തുടർന്ന് കല്ലാർ ഇരുപത്തിയാറാംകല്ലിന് സമീപം മരം കടപുഴകി വീണതിനെ തുടർന്ന് പൊൻമുടി റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതതടസം നേരിട്ടു. വൈദ്യുതിലൈനും തകർന്നു. ഫയർഫോഴ്സും വൈദ്യുതിജീവനക്കാരുമെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |