SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.19 PM IST

തലസ്ഥാന വികസനം: മന്ത്രി സി പി ജോണും ശശി തരൂർ എം പിയും ചർച്ച നടത്തി,കെഎസ്ആർടിസിക്ക് ആദായനികുതി ഇളവ് ആവശ്യപ്പെടും

cp-john
ശശി തരൂരും സിപി ജോണും

​തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ വികസന പദ്ധതികൾ വേഗത്തിലാക്കുന്നതിനായി ഗതാഗത മന്ത്രി സി.പി ജോണും തിരുവനന്തപുരം എം.പി ശശി തരൂരും ചർച്ച നടത്തി. കെ.എസ്.ആർ.ടി.സിക്ക് ആദായനികുതി ഇളവ് , വിഴിഞ്ഞം തുറമുഖത്തിനായുള്ള സാഗർമാല ഫണ്ട് വിനിയോഗം, വിഴിഞ്ഞം പുനരധിവാസം തുടങ്ങിയ നിർണായക വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്. സംസ്ഥാന തലത്തിൽ അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങളും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട പ്രധാന ആവശ്യങ്ങളും സംബന്ധിച്ച് യോഗത്തിൽ ധാരണയായി.

നഗരസഭയ്ക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ടുകൾ നേടിയെടുക്കാനും, അർബൻ ചലഞ്ച് ഫണ്ടിനായുള്ള പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിക്കാനും സംസ്ഥാന തലത്തിൽ നടപടികൾ സ്വീകരിക്കും. തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി ബാക്കിയുള്ള 22 ഏക്കർ ഭൂമി ഏറ്റെടുക്കൽ, സംസ്ഥാനത്തെ മൈനിംഗ് കോറിഡോർ പ്രശ്നപരിഹാരം, ആക്കുളം കായൽ നവീകരണം എന്നിവയും വേഗത്തിലാക്കും. ഇതിനുപുറമെ തിരുവനന്തപുരത്തെ തുറമുഖങ്ങളിൽ ഹരിത ഇന്ധന ബങ്കറിംഗ് സൗകര്യം ഏർപ്പെടുത്തൽ, മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ സ്ഥാപിക്കൽ, റെയിൽവേയുമായി ബന്ധപ്പെട്ട് മേലറന്നൂർ മേൽപ്പാല നിർമാണം എന്നിവയും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുള്ള വിഷയങ്ങളായി യോഗം വിലയിരുത്തി.

​കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട വിവിധ ആവശ്യങ്ങൾ ശശി തരൂർ എം.പി വഴി ഉന്നയിക്കാനും യോഗത്തിൽ തീരുമാനിച്ചു.കെ.എസ്.ആർ.ടി.സിക്ക് ആദായനികുതി ഇളവിന് പുറമെ എം.പി ഫണ്ടിൽ നിന്നുള്ള സഹായം ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കും. കടലാക്രമണം തടയുന്നതിനുള്ള കേന്ദ്ര സഹായം, നഗരത്തിലെ ഡ്രെയിനേജ് സംവിധാനം നവീകരിക്കുന്നതിനുള്ള പദ്ധതികൾ എന്നിവ കേന്ദ്രത്തെ അറിയിക്കും. പേപ്പാറ ഡാമിലെ സംഭരണ ശേഷി വർധിപ്പിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങുക, ദേശീയ ജലപാതയ്ക്ക് കേന്ദ്ര സഹായം ലഭ്യമാക്കുക, വലിയതുറ തുറമുഖ വികസനം, സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ടാറ്റാ ആശുപത്രി സ്ഥാപിക്കാനുള്ള സാധ്യതകൾ എന്നിവയും കേന്ദ്ര സർക്കാരിന്റെ മുൻപാകെ അവതരിപ്പിക്കാൻ എം.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടർ കെ. എസ് അഞ്ജുവും പങ്കെടുത്തു.

English Summary

Transport Minister C. P. John and Thiruvananthapuram MP Shashi Tharoor held discussions to accelerate development projects in the capital district. Key issues included income tax exemptions for KSRTC, the utilisation of Sagarmala funds for Vizhinjam Port, and rehabilitation measures for people affected by the Vizhinjam project.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM, THIRUVANANTHAPURAM DEVELOPMENT, CP JOHN SHASHI THAROOR MEETING, KERALA CAPITAL DEVELOPMENT, തലസ്ഥാന വികസനം, SHASHI THAROOR NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY