SignIn
Kerala Kaumudi Online
Monday, 13 July 2026 11.56 AM IST

ഇറാന്റെ ആക്രമണം; പ്രതിരോധം കടുപ്പിച്ച് ഗൾഫ് രാജ്യങ്ങൾ, നാല് മിസൈലുകൾ തകർത്തെന്ന് ജോർദാൻ

missiles
പ്രതീകാത്മക ചിത്രം

അബുദാബി: ഇറാൻ ആക്രമണം കടുപ്പിച്ചതോടെ പ്രതിരോധം ശക്തമാക്കി ഗൾഫ് രാജ്യങ്ങൾ. യുഎസ് വ്യോമത്താവളങ്ങൾ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണം. ഇറാനിൽ നിന്ന് രാജ്യത്തിന്റെ വ്യോമാതിർത്തി കടന്ന നാല് മിസൈലുകൾ തകർത്തതായി ജോർദാൻ സൈന്യം അറിയിച്ചു. കുവൈറ്റ് സിറ്റി, ജോർദാൻ, ബഹ്റൈൻ എന്നിവിടങ്ങളിൽ മിസൈൽ - ഡ്രോൺ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നാണ് വിവരം.

യുഎസ് വ്യോമാക്രമണങ്ങളെത്തുടർന്ന് ഇറാൻ തിങ്കളാഴ്ച പുലർച്ചെ മുതൽ ഗൾഫ് മേഖലകളിൽ ആക്രമണം നടത്തുന്നതായി കുവൈറ്റ് പറഞ്ഞു. എന്നാൽ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ കുവൈറ്റ് സൈന്യം റിപ്പോർട്ട് ചെയ്തിട്ടില്ല. ഗൾഫ് മേഖലയിലുടനീളം ഇറാന്റെ ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ രണ്ടുതവണ മിസൈൽ മുന്നറിയിപ്പ് സൈറണുകൾ മുഴക്കി. ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജോർദാനിലെ പ്രിൻസ് ഹസ്സൻ വ്യോമത്താവളം ആക്രമിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രിൻസ് ഹസ്സൻ വ്യോമത്താവളം മിസൈലും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ തീയിട്ടെന്നും മാദ്ധ്യമങ്ങൾ വ്യക്തമാക്കി.

ഇറാനിലെ മഹ്ഷറിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെയാണ് ആക്രമണങ്ങൾ ശക്തമായത്. ഹോർമുസിലെ കപ്പലുകളെ ഇറാൻ ആക്രമിച്ചതിന് പിന്നാലെ ശനിയാഴ്ച യുഎസ് ഇറാനെ ആക്രമിച്ചിരുന്നു. മേഖലയിലെ സമുദ്ര സുരക്ഷ മുൻനിർത്തിയാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രതികരണം. കപ്പലുകൾക്ക് നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷി ഇല്ലാതാക്കുമെന്നും യുഎസ് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ഇറാനിൽ യുഎസ് നടത്തുന്ന മൂന്നാംഘട്ട ആക്രമണമാണിത്.

അതേസമയം, പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായതോടെ ക്രൂഡോയിൽ, സ്വർണം, ഓഹരി വിപണികൾ കടുത്ത സമ്മർദ്ദത്തിലേക്കാണ് നീങ്ങുന്നത്. ഹോർമുസ് കടലിടുക്കിലൂടെ ചരക്ക് ഗതാഗതം വീണ്ടും തടസപ്പെടാനുള്ള സാദ്ധ്യത ക്രൂഡോയിൽ വിലയിൽ കുതിപ്പുണ്ടാക്കി. ഇതോടെ ആഗോള സമ്പദ് വ്യവസ്ഥ വീണ്ടും നാണയപ്പെരുപ്പത്തിന്റെ പിടിയിലായി. യുഎസ് ക്രൂഡ് വില (ഡബ്ല്യുടിഐ) വില ബാരലിന് 4.50 ശതമാനമായി കുതിച്ച് 74.62 ഡോളറിലെത്തി. ബ്രെന്റ് വില 4.44ശതമാനം മുന്നേറി 79.37 ഡോളറുമായി.

English Summary

Iran has intensified its attacks targeting U.S. military facilities, prompting Gulf countries to strengthen their air defenses. Jordan said it intercepted four missiles that crossed into its airspace, while missile and drone alerts were reported in Kuwait, Jordan, and Bahrain. The escalation follows U.S. strikes on Iran and rising tensions around the Strait of Hormuz. The conflict has also impacted global markets, with crude oil prices surging amid fears of disruptions to shipping through the vital waterway.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN ATTACK, GULF COUNTRIES, US AIR BASES, JORDAN AIR DEFENSE, KUWAIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360