
സർക്കാർ പ്രതിരോധത്തിൽ
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രക്ഷോഭം കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്തതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും സി.ജെ.പി പ്രക്ഷോഭത്തിന് രാജ്യമെമ്പാടും വൻ പിന്തുണ ലഭിക്കുന്നതും യുവജനങ്ങൾ പങ്കാളികളാകുന്നതും സർക്കാരിന് സമ്മർദ്ദം കൂട്ടുന്നു. അതിനാൽ വരും ദിവസങ്ങളിൽ പ്രശ്‌നപരിഹാരത്തിന് സർക്കാർ വഴങ്ങിയേക്കും.
ജന്തർ മന്ദറിൽ സി.ജെ.പിയും പാർലമെന്റിനുള്ളിലും പുറത്തും പ്രതിപക്ഷ പാർട്ടികളും സമരം നടത്തുന്നത് വെല്ലുവിളിയാണ്. ഇന്റർനെറ്റ് വിച്ഛേദിച്ചും മെട്രോ സ്റ്റേഷനുകൾ അടച്ചും സമരം ദുർബലപ്പെടുത്താൻ ശ്രമിച്ചത് വ്യാപക വിമർശനത്തിന് വഴിവച്ചു. സമരത്തിന് പിന്തുണയുമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധം തുടങ്ങി.
ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്റിൽ ചർച്ചയ്‌ക്ക് വഴങ്ങി പ്രശ്‌നം പരിഹരിക്കാനുള്ള സർക്കാർ നീക്കങ്ങളോട് പ്രതിപക്ഷം സഹകരിക്കുന്നില്ല. പ്രധാന്റെ രാജി പ്രഖ്യാപനത്തിന് ശേഷം ചർച്ചയാകാമെന്ന നിലപാടിലാണിത്. പാർലമെന്റിന് പുറത്ത് ഇന്നലെ ഭരണ-പ്രതിപക്ഷ എം.പിമാർ കൈയാങ്കളിയുടെ വക്കോളമെത്തിയെന്നതും ശ്രദ്ധേയം. സുപ്രധാന ബില്ലുകൾ സഭയിലെത്തിച്ച് ചർച്ചയില്ലാതെ പാസാക്കാനുള്ള നീക്കം സർക്കാർ നടത്താനുമിടയുണ്ട്.
സി.ജെ.പിയോട്
അകലം പാലിച്ച് കോൺ.
പ്രതിപക്ഷ കക്ഷികൾ സി.ജെ.പി സമരത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചെങ്കിലും കോൺഗ്രസ് അകലം പാലിക്കുന്നു.
വിമർശനം ഒഴിവാക്കാൻ മുതിർന്ന നേതാവ് പവൻ ഖേര സമരപന്തലിലെത്തിയെങ്കിലും വിദ്യാർത്ഥികൾക്കൊപ്പമെന്നതാണ് പാർട്ടി നിലപാട്.
അതേസമയം ഡൽഹിയിലെങ്ങും വൻ സുരക്ഷയാണ്. ബാരിക്കേഡുകളും പരിശോധനകളും വ്യാപകം. പൊലീസിനെ നഗരത്തിലെങ്ങും വ്യാപകമായി വിന്ന്യസിച്ചിട്ടുണ്ട്. ഇതിനിടയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിലും ഇന്നലെ ഗാന്ധി സ‌്‌മൃതിയിലും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ അപ്രതീക്ഷിത പ്രതിഷേധ പ്രകടനങ്ങൾ പൊലീസിന് പണികൂട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |