SignIn
Kerala Kaumudi Online
Monday, 07 September 2026 6.07 PM IST

ടോൾ പ്ലാസകളിൽ പണം നൽകുന്നുണ്ടോ? നിങ്ങളുടെ പണം പോകുന്നത് വലിയ തട്ടിപ്പിലേക്ക്, മുന്നറിയിപ്പുമായി ഇഡി

toll-plaza
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ഫാസ്റ്റ് ടാഗ് സ്‌കാൻ ചെയ്യുന്നതിൽ പ്രശ്നം നേരിട്ടാൽ ഒരിക്കലും ടോൾ പ്ലാസകളിൽ പണം അടയ്ക്കരുതെന്ന മുന്നറിയിപ്പുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് (ഇഡി). നിങ്ങൾ അടയ്ക്കുന്ന പണം ഒരിക്കലും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ എത്താൻ സാദ്ധ്യതയില്ലെന്ന് ഇ.ഡി അറിയിച്ചു. ഈ പണം വ്യാജ രസീതുകളുണ്ടാക്കി സ്വകാര്യ അക്കൗണ്ടുകളിലേക്കാണ് പോകുന്നതെന്ന് ഇഡി അന്വേഷണത്തിൽ കണ്ടെത്തി.

പണം നൽകുന്ന വാഹനങ്ങൾക്ക് വ്യാജ രസീതുകൾ നൽകാൻ ടോൾ ഓപ്പറേറ്റർമാർ 'മൊബ്ഡാറ്റ', 'എനി' എന്നീ അനധികൃത മൊബൈൽ ആപ്ലിക്കേഷനുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം എൻഎച്ച്എഐയുടെ ഔദ്യോഗിക രേഖകളിൽ ഉൾപ്പെടുത്തുന്നില്ല. നിരവധി സംസ്ഥാനങ്ങളിലെ ടോൾ പ്ലാസകളിൽ തട്ടിപ്പ് രീതി വ്യാപകമാണെന്ന് ഇഡി ഉദ്യോഗസ്ഥർ പറയുന്നു. ഫാസ്റ്റ് ടാഗിലേക്ക് പൂർണ്ണമായും മാറാത്ത പഴയ വാഹനങ്ങളുടെയും ട്രക്കുകളുടെയും ഡ്രൈവർമാരാണ് ഈ തട്ടിപ്പിന് ഇരയാകുന്നത്.

ടോൾ പ്ലാസയിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഫാസ്റ്റ് ടാഗ് റീഡിംഗ് കൃത്യമായി നടക്കാറില്ല. ഈ സമയങ്ങളിൽ ടോൾ ബൂത്തുകളിലെ സ്വകാര്യ സ്‌കാനർ ഉപയോഗിച്ചാണ് വാഹന ഉടമകൾ പണം അടയ്ക്കുന്നത്. ഈ പണം ദേശീയപാത അതോറിറ്റിയുടെ രേഖകളിൽ എത്തുന്നില്ലെന്ന് ഇഡി വ്യക്തമാക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി സെപ്റ്റംബർ 2 ന് പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ സ്ഥലങ്ങളിൽ ഇഡി സംഘങ്ങൾ റെയ്ഡ് നടത്തിയിരുന്നു.

മിർസാപൂരിലെ ആട്രൈല ടോൾ പ്ലാസയിലും മറ്റ് പ്ലാസകളിലും നടക്കുന്ന അനധികൃത പണപ്പിരിവിനെതിരയാണ് അന്വേഷണം നടത്തിയത്. ഫാസ്റ്റ് ടാഗ് അക്കൗണ്ടിൽ ബാലൻസ് ഇല്ലാതെ ആട്രൈല ടോൾ പ്ലാസയിൽ എത്തുന്ന വാഹനങ്ങളിൽ നിന്ന് നിയമവിരുദ്ധ ആപ്പ് ഉപയോഗിച്ചാണ് പണം പിരിക്കുന്നതെന്ന് ഉത്തർപ്രദേശ് പൊലീസ് ഇതിനകം കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനയിൽ ഏകദേശം 100 പ്ലാസകളിൽ അനധികൃത ആപ്പുകൾ വിന്യസിച്ചിരിക്കുന്നതായി കണ്ടെത്തി.

കോടിക്കണക്കിന് രൂപയുടെ അനധികൃത രസീതുകളുടെ ഡിജിറ്റൽ രേഖയും കണ്ടെടുത്തു. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ഇടനിലക്കാരും എൻഎച്ച്എഐ ചുമതലയുള്ള ടോൾ ഓപ്പറേറ്റർമാരും നിരീക്ഷണത്തിലാണ്. ഇതുവരെ നടത്തിയ പരിശോധനകളിൽ ഏകദേശം 1.03 കോടി രൂപ പണം കണ്ടെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOLL PLAZA FRAUD, TOLL PAYMENT SCAM, ED WARNING, TOLL PLAZA SCAM INDIA, FASTAG FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360