SignIn
Kerala Kaumudi Online
Sunday, 12 July 2026 5.13 AM IST

തൂക്കിയടിച്ച് തൂഫാൻ, നായകനായി ചെന്നിത്തല

pol

ആഭ്യന്തര വകുപ്പിന്റെ ലഹരിവേട്ടയായ 'ഓപ്പറേഷൻ തൂഫാൻ" ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് ശക്തിപ്രാപിക്കുകയാണ്. തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജൻസികളുമായും ചേർന്നുള്ള ഓപ്പറേഷനാണ് ഇനി. അഞ്ച് സംസ്ഥാനങ്ങളിലെ പൊലീസ് ഉന്നതരെ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചുവരുത്തി ഏകോപനവും പങ്കാളിത്തവും ഉറപ്പാക്കിയത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ്. 'ഓപ്പറേഷൻ തൂഫാൻ" മറ്റ് സംസ്ഥാനങ്ങളിലും ചലനമുണ്ടാക്കിയെന്ന് പ്രശംസിച്ച അന്യസംസ്ഥാന പൊലീസ് ഉന്നതർ, തൂഫാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ലഹരി മാഫിയ്ക്കെതിരെ പൊലീസ് കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണ്.

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂർണമായി ഇല്ലാതാക്കുകയാണ് 'ഓപ്പറേഷൻ തൂഫാൻ" ഇനി ലക്ഷ്യമിടുന്നത്. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കും. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജൻസികളുമായും ചേർന്നായിരിക്കും 'ഓപ്പറേഷൻ തൂഫാന്റെ' അടുത്തഘട്ടം. ലഹരിക്കടത്തുകാരുടെയും വിതരണക്കാരുടെയും വിവരങ്ങൾ ഇന്റലിജൻസ് വിഭാഗങ്ങൾ പരസ്പരം കൈമാറും. 5 സംസ്ഥാനങ്ങളിലെയും പൊലീസ് ഉന്നതരുടെ സംയുക്തയോഗങ്ങൾ ഇടയ്ക്കിടെ ചേരും. കർണാടക ആഭ്യന്തരമന്ത്രി 15ന് തലസ്ഥാനത്തെത്തും. ലഹരിവേട്ടയ്ക്ക് പിന്തുണ തേടി തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരെ രമേശ് ചെന്നിത്തല നേരിൽ കാണും. ഭാവി തലമുറയെക്കരുതി ആഭ്യന്തര വകുപ്പ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' ആരംഭശൂരത്വം മാത്രമായി ഒതുങ്ങില്ലെന്ന വ്യക്തമായ സൂചനയാണ് ചെന്നിത്തല നൽകുന്നത്.

'ഓപ്പറേഷൻ തൂഫാൻ"ശക്തമായതോടെ ലഹരിക്കടത്തുകാർ തന്ത്രങ്ങൾ മാറ്റിയിട്ടുണ്ട്. ഓൺലൈനിലും കൊറിയറിലും ഹോംഡെലിവറിയായും ലഹരി വിതരണം ചെയ്യുന്നു. ട്രെയിനുകളിൽ കൊണ്ടുവന്ന് ചെറിയ സ്റ്രേഷനുകളിൽ ഉപേക്ഷിക്കുന്ന പുതിയ തന്ത്രവും പയറ്റുന്നു. ലഹരിക്കടത്തിന്റെ പുതിയ മാർഗങ്ങൾ കേന്ദ്ര ഏജൻസികളുടെ സഹായത്തോടെ കണ്ടെത്തി തടയാനാണ് തീരുമാനം. തൂഫാൻ തുടങ്ങിയതോടെ ലഹരിയുടെ വരവ് കാര്യമായി കുറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലും ഇതിന്റെ പ്രതിഫലനമുണ്ട്. ലഹരി വ്യാപകമല്ലാതായതോടെ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്നു വാങ്ങി ലഹരിയായി ഉപയോഗിക്കുന്നതും കൂടുകയാണ്. അർബുദത്തിനുള്ള മരുന്നുപോലും ലഹരിക്കായി ഉപയോഗിക്കുന്നു. ഇത് തടയാൻ ആരോഗ്യവകുപ്പുമായി ചേർന്ന് സംയുക്ത ഓപ്പറേഷൻ തുടങ്ങുമെന്ന് ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലേക്ക് രാസലഹരി എത്തുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്. കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ ലാബുകളിലുണ്ടാക്കുന്ന രാസലഹരി ഒരിക്കൽ ഉപയോഗിച്ചാൽ യുവാക്കളെ ആജീവനാന്തം അടിമകളാക്കി മാറ്റുന്നതാണ്. മാരക ലഹരിവസ്തുവായ എം.ഡി.എം.എ നിർമ്മിക്കുന്ന കർണാടകയിലെ ലാബ് കണ്ടെത്തിയിട്ടുണ്ട്. വിവരങ്ങൾ കർണാടക പൊലീസിന് കൈമാറി. ശക്തമായ നടപടിയുണ്ടാവുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചിട്ടുമുണ്ട്. കഞ്ചാവും ഹെറോയിനുമടക്കം ഏറ്റവുമധികം എത്തുന്നത് ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽ നിന്നാണ്. അതിനാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി യോജിച്ചുള്ള ഓപ്പറേഷന് പ്രസക്തിയേറെയാണ്. ഇതിനായി കർണാടക,​ തമിഴ്നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾ എസ്.പി റാങ്കിൽ കുറയാത്ത നോഡൽ ഓഫീസർമാരെ നിയോഗിക്കും. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ,സംസ്ഥാന അതിർത്തികൾ എന്നിവിടങ്ങളിൽ ശക്തമായ പരിശോധനയും 'ഓപ്പറേഷൻ തൂഫാന്റെ' അടുത്ത ഘട്ടത്തിലുണ്ടാവും.

ലഹരിവേട്ടക്കാർ വരുന്നു

ലഹരി വസ്തുക്കൾ പിടികൂടാനും ഉറവിടം കണ്ടെത്തി നശിപ്പിക്കാനുമുള്ള സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘത്തിന് ഉടൻ രൂപം നൽകും. എല്ലാ സബ്ഡിവിഷനുകളിലും നാർകോട്ടിക് സെൽ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലായിരിക്കും ദൗത്യസംഘം. ലഹരിവേട്ടയ്ക്ക് ദൗത്യസംഘം വരുന്നതോടെ സ്റ്റേഷനുകളിലെ പൊലീസുകാരുടെ ജോലിഭാരം കുറയും. ഭാവിയിൽ എല്ലാ സ്റ്റേഷനുകളിലും ലഹരിവേട്ടയ്ക്ക് സംഘങ്ങളുണ്ടാക്കുന്നതും പരിഗണനയിലാണ്. ദൗത്യസംഘത്തിന് കൂടുതൽ ആൾബലവും വാഹനങ്ങളും നൽകും.


ഉറവിടം കണ്ടെത്തും

ലഹരിശൃംഖലയുടെ വേരറുക്കാൻ ലഹരിയുടെ ഉറവിടം കണ്ടെത്താനും ശ്രമിക്കും. ലഹരിയെത്തിക്കുന്നന്ന അന്തർസംസ്ഥാന റൂട്ടുകൾ, മയക്കുമരുന്ന് ശൃംഖലകൾ, കൊറിയർ വഴിയുള്ള കടത്തുകാർ എന്നിവയെല്ലാം കണ്ടെത്തും. ഇന്റർനെറ്റിലെ അധോലോകമായ ഡാർക്ക്നെറ്റിലെ ഇടപാടുകളും സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള ലഹരിവിൽപ്പനയും വി.പി.എൻ വഴിയുള്ള എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയവുമെല്ലാം പൊലീസ് നിരീക്ഷിക്കുന്നുണ്ട്. ലഹരി ശൃംഖലകൾ കണ്ടെത്താൻ ഡാറ്റാഅനലറ്റിക്സ്, സൈബർ നിരീക്ഷണം, സംയോജിത ഇന്റലിജൻസ് സംവിധാനങ്ങളൊരുക്കി.

''ലഹരിമാഫിയയെ ഒതുക്കി കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കും. പൊതുജനാരോഗ്യം, ക്രമസമാധാനം, വിദ്യാഭ്യാസം, കുടുംബ ഭദ്രത, സാമൂഹ്യസുരക്ഷ എന്നിവയെ ബാധിക്കുന്ന പ്രശ്നമാണിത്. യുവാക്കളെ സംരക്ഷിക്കാനും പൊതുസുരക്ഷ ശക്തിപ്പെടുത്താനും മയക്കുമരുന്നുരഹിതവും ആരോഗ്യകരവും പ്രതിരോധശേഷിയുള്ളതുമായ സമൂഹം കെട്ടിപ്പടുക്കണം.''

-രമേശ് ചെന്നിത്തല,

ആഭ്യന്തര മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOOFAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION