
സാങ്കേതികവിദ്യ മനുഷ്യജീവിതത്തെ സമൂലം മാറ്റിമറിച്ചു കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. കുട്ടികളുടെ പഠനം മുതൽ വിനോദം വരെയും സൗഹൃദങ്ങൾ മുതൽ ആശയവിനിമയം വരെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എന്നാൽ അതേ സാങ്കേതികവിദ്യ കുട്ടികളുടെ സുരക്ഷയ്ക്കും മാനസികാരോഗ്യത്തിനും പുതിയ വെല്ലുവിളികൾ ഉയർത്തുന്നുവെങ്കിൽ, അതിന്റെ ഉത്തരവാദിത്വം ആരുടേതാണ് എന്ന ചോദ്യവും നാം ഗൗരവമായി തന്നെ ഉന്നയിക്കേണ്ടതുണ്ട്.
കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മെറ്റയ്‌ക്കെതിരെ അമേരിക്കയിൽ നടന്ന നിയമനടപടികളും അതിന്റെ ഭാഗമായി പുറത്തുവന്ന വിവരങ്ങളും ഈ ദിശയിലുള്ള ചർച്ചയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ ഉൾപ്പെട്ട നിയമനടപടികളുടെ പശ്ചാത്തലത്തിൽ മെറ്റ വലിയ തുക നൽകുന്ന വിധത്തിൽ ഒത്തുതീർപ്പിലേക്ക് എത്തിയതായാണ് റിപ്പോർട്ടുകൾ. തുക എത്രയെന്നതിലുപരി, കുട്ടികളെ ലക്ഷ്യമിട്ടുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ രൂപകൽപ്പനയും പ്രവർത്തനരീതിയും നിയമത്തിന്റെയും പൊതുസമൂഹത്തിന്റെയും പരിശോധനയ്ക്ക് വിധേയമാകുന്നു എന്നതാണ് ഇവിടെ സുപ്രധാനമായ കാര്യം.
ഇത് അമേരിക്കയുടെ മാത്രം വിഷയമല്ല. ഇന്ത്യയിലെ വലിയൊരു ശതമാനം കുട്ടികളും 'മെറ്റ' അടക്കമുള്ള ആഗോള കമ്പനികളുടെ സേവനങ്ങൾ ഉപയോഗിക്കുന്നവരാണ്.
അമേരിക്കയിൽ ഉയർന്ന അതേ ചോദ്യങ്ങൾ ഇന്ത്യയിലും ഉയരേണ്ടതുണ്ട്; ഉയരണം.
അമേരിക്കയിൽ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ ശക്തമായ നിയന്ത്രണങ്ങളും മേൽനോട്ട സംവിധാനങ്ങളും സംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്.
പ്രായപരിധി ഉറപ്പാക്കുക, കുട്ടികളുടെ ഉപയോഗസമയം ക്ലിപ്തപ്പെടുത്തുക, രാത്രി സമയത്തെ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരിക, സ്‌കൂൾ സമയത്ത് ഇത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള നോട്ടിഫിക്കേഷനുകൾക്ക് കർശന നിരോധനം, സ്വതന്ത്ര ഓഡിറ്റിംഗ് നടപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ അതിന്റെ ഭാഗമാണ്.
ഇത്തരം നടപടികൾ അമേരിക്കയിലെ കുട്ടികൾക്ക് ആവശ്യമെന്ന് വരുമ്പോൾ, ഇന്ത്യയിലെ കുട്ടികൾക്ക് അതിന്റെ ആവശ്യമില്ലെന്ന് പറയാനാകുമോ? ഇന്ത്യയിലെ കുട്ടികളും അതേ പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നത്. വ്യത്യാസമുള്ളത് ഭാഷയിലും സാമൂഹിക സാഹചര്യങ്ങളിലും മാത്രമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കുട്ടികളുടെ കാര്യത്തിലും ഡിജിറ്റൽ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ഈ വിഷയത്തിൽ ഇന്ത്യയ്ക്ക് ഒരു നിയമപരമായ അടിത്തറയുണ്ട്. നമുക്ക്
ഡിജിറ്റൽ സുരക്ഷ സംബന്ധിച്ച നിയമപരമായ സംവിധാനങ്ങളൊന്നുമില്ല എന്ന് പറയാൻ സാധിക്കില്ല. ഉപഭോക്തൃ സംരക്ഷണ നിയമം, വിവരസാങ്കേതികവിദ്യാ നിയമവും അതിന് കീഴിലുള്ള ചട്ടങ്ങളും, പോക്‌സോ നിയമം, ജുവനൈൽ ജസ്റ്റിസ് നിയമം എന്നിവ കുട്ടികളുടെ സംരക്ഷണത്തിന് വിവിധ തലങ്ങളിൽ നിയമപരമായ അടിത്തറ നൽകുന്നുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന സമത്വവും വ്യക്തിസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഈ സംരക്ഷണത്തിന്റെ വിശാലമായ പശ്ചാത്തലമാണ്.
2021ൽ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച ഡിജിറ്റൽ മേഖലയിലെ 'സേഫ്, ട്രസ്റ്റഡ് ആൻഡ് അക്കൗണ്ടബിൾ' സമീപനവും ഇതിന്റെ ഭാഗമായിരുന്നു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രിയായിരുന്ന കാലത്ത് ഈ നിയമങ്ങളുടെ ചട്ടക്കൂട് അടുത്തുനിന്ന് വീക്ഷിക്കാനും പല വിഷയങ്ങളിലും നേരിട്ട് ഇടപെടാനും എനിക്ക് അവസരം ലഭിച്ചിരുന്നു.
എന്നാൽ നിയമങ്ങൾ നിലവിലുണ്ടെന്നത് കൊണ്ടുമാത്രം മതിയാകില്ല. അവ ഫലപ്രദമായി നടപ്പാക്കപ്പെടുന്നുണ്ടോ എന്നതാണ് പ്രധാനപ്പെട്ട കാര്യം.
വേണം, സമഗ്ര പരിശോധന
ഇന്ത്യയിൽ കുട്ടികളുടെ ഡിജിറ്റൽ സുരക്ഷയെക്കുറിച്ച് സമഗ്രമായ ഒരു പരിശോധന ആവശ്യമാണ്. അതിന്റെ ഭാഗമായി ചില അടിസ്ഥാന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ തേടണം. ഇന്ത്യയിലെ കുട്ടികളെയും കൗമാരക്കാരെയും സംബന്ധിച്ച് മെറ്റ പോലെയുള്ള കമ്പനികൾ നടത്തിയ അവരുടെ ഗവേഷണങ്ങൾ എന്താണ് പറയുന്നത്? കുട്ടികളുടെ പ്രായം സ്ഥിരീകരിക്കുന്ന സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാണ്? അപകടകരമായ ഉള്ളടക്കം കണ്ടെത്താനും നീക്കംചെയ്യാനും കമ്പനികൾ സ്വീകരിക്കുന്ന നടപടികൾ എത്രത്തോളം ശക്തമാണ്? കുട്ടികളെ കൂടുതൽ സമയം പ്ലാറ്റ്‌ഫോമിൽ തുടരാൻ പ്രേരിപ്പിക്കുന്ന രൂപകൽപ്പനകൾക്ക് എന്തെങ്കിലും നിയന്ത്രണമുണ്ടോ?
ഇത്തരം വിഷയങ്ങളിൽ സുതാര്യത ഉറപ്പാക്കേണ്ടത് കമ്പനികളുടെ മാത്രം ഉത്തരവാദിത്വമല്ല. സർക്കാരിനും നിയമനിർമ്മാണ സ്ഥാപനങ്ങൾക്കും സ്വതന്ത്ര സ്ഥാപനങ്ങൾക്കും അതിൽ പങ്കുണ്ട്. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ, പാർലമെന്റ്, സംസ്ഥാന സർക്കാരുകൾ എന്നിവയ്ക്ക് ഈ വിഷയത്തിൽ തങ്ങളുടേതായ ഉത്തരവാദിത്വമുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം പരിശോധിക്കാൻ കൂടുതൽ ശക്തമായ സ്വതന്ത്ര സംവിധാനങ്ങൾ ആവശ്യമാണെങ്കിൽ അതിനുള്ള നിയമപരമായ ഇടപെടലുകളും ഉണ്ടാകണം.
ഇരട്ട മാനദണ്ഡം പാടില്ല
ഇവിടെ ഒരു അടിസ്ഥാനതത്വം നാം അംഗീകരിക്കണം. ഒരു കമ്പനിയുടെ പ്ലാറ്റ്‌ഫോം അമേരിക്കൻ കുട്ടികൾക്ക് അപകടകരമാകാൻ സാദ്ധ്യതയുള്ളതാണെങ്കിൽ, അതേ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന ഇന്ത്യൻ കുട്ടികൾക്ക് അത് സുരക്ഷിതമാണെന്ന് കരുതാൻ കാരണമെന്താണ്?
രാജ്യങ്ങൾക്കനുസരിച്ച് നിയമങ്ങൾ വ്യത്യസ്തമായിരിക്കാം. എന്നാൽ കുട്ടികളുടെ സുരക്ഷയുടെ അടിസ്ഥാന മാനദണ്ഡങ്ങളിൽ വലിയ വ്യത്യാസം ഉണ്ടാകരുത്.
ഈ കമ്പനികളുടെ സ്വാധീനം രാജ്യങ്ങളുടെ അതിർത്തികൾ കടന്നുപോകുന്നുണ്ടെങ്കിൽ, അവയുടെ ഉത്തരവാദിത്വവും അതേരീതിയിൽ വിലയിരുത്തപ്പെടണം. സാങ്കേതികവിദ്യയെ തടയുക എന്നതല്ല ലക്ഷ്യം. കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ ലോകം ഉറപ്പാക്കുകയാണ് ലക്ഷ്യം. അമേരിക്കയിൽ ഉണ്ടായ നിയമനടപടികൾ ഇന്ത്യയ്ക്ക് ഒരു മുന്നറിയിപ്പാണ്.
വലിയ കമ്പനികൾ എത്ര ശക്തരായാലും കുട്ടികളുടെ സുരക്ഷയ്ക്ക് മുകളിൽ അവർക്കൊരു അധികാരവും ഉണ്ടാകരുത്. ഇന്ത്യയ്ക്ക് സ്വന്തം നിയമങ്ങളും സ്ഥാപനങ്ങളും ഉപയോഗിച്ച് ഈ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യയിലെ കുട്ടികൾക്ക് സുരക്ഷിതമായ ഡിജിറ്റൽ ലോകം ഉറപ്പാക്കുന്നത് അവരുടെ ഭാവിയോടുള്ള നമ്മുടെ ഉത്തരവാദിത്വമാണ്. അതിൽ വിട്ടുവീഴ്ചയ്ക്ക് ഇടമുണ്ടാകരുത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |