SignIn
Kerala Kaumudi Online
Saturday, 27 June 2026 4.00 AM IST

ബഡ്‌ജറ്റ്: ബലഹീനതയും യാഥാർത്ഥ്യ ബോധവും

a

മുഖ്യമന്ത്രി വി.ഡി.സതീശൻ അവതരിപ്പിച്ച 2026-27ലെ ബഡ്‌ജറ്റ് കഴിഞ്ഞ ദശകത്തിലെ സാമ്പത്തിക വ്യതിയാനത്തിൽ നിന്നുള്ള നിർണായകമായ ഒരു മാറ്റത്തെ സൂചിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചത്. കേരളത്തിന്റെ പ്രശ്നങ്ങൾ കൃത്യമായി നിർണയിച്ചെങ്കിലും പക്ഷേ, വിശ്വസനീയമായ പരിഹാരങ്ങളൊന്നും വാഗ്ദാനം ചെയ്‌തില്ല. സത്യസന്ധമായ ധവളപത്രം അവതരിപ്പിച്ചതിന് സർക്കാർ കൈയടി അർഹിക്കുന്നുണ്ട്.

ബഡ്‌ജറ്റ്, യാഥാർത്ഥ്യബോധത്തിന്റെയും വഴിതിരുത്തലിന്റെയും ഭാഷ സംസാരിക്കുമ്പോഴും വർഷങ്ങളായി കേരളത്തെ ബാധിച്ച ഘടനാപരമായ ബലഹീനതകൾ തുടരുന്നു. ഏറ്റവും പ്രകടമായ ബലഹീനത, കേരളത്തിന്റെ വൻ ബാദ്ധ്യതയായ ചെലവുകളെ ചങ്ങലയ്‌ക്കിടാൻ ശ്രമിക്കാത്തതാണ്. പുതുക്കിയ എസ്റ്റിമേറ്റുകളിൽ റവന്യു വരുമാനത്തിന്റെ 77.6 ശതമാനവും ബാദ്ധ്യതയുള്ള ചെലവുകളാണ്- ശമ്പളം, പെൻഷനുകൾ, പലിശ അടവുകൾ തുടങ്ങിയവ. റവന്യു കമ്മി 35,355 കോടിയായി തുടരുന്നു.

യാഥാർത്ഥ്യബോധത്തെക്കുറിച്ച് സംസാരിക്കുന്നുവെങ്കിലും ഈ ഘടനാപരമായ ബാദ്ധ്യത കുറയ്ക്കുന്നതിന് ബഡ്‌ജറ്റ് ഗൗരവമായ ഒരു രൂപരേഖയും നൽകുന്നില്ല. പകരം, പദ്ധതി വലിപ്പം കുറയ്ക്കുക എന്ന എളുപ്പവഴിയാണ് തിരഞ്ഞെടുത്തത്. അതായത് ഉത്പാദനക്ഷമമല്ലാത്ത ചെലവുകൾ പരിഷ്കരിക്കുന്നതിനുപകരം വികസന ചെലവ് കുറച്ചു.

ആദ്യ രണ്ടു സാമ്പത്തിക മാസത്തിനുള്ളിൽ (ഏപ്രിൽ-മെയ്) 5,629 കോടി അധിക വരുമാനം രേഖപ്പെടുത്തിയിട്ടും യാഥാസ്ഥിതികമായ ഒരു ബഡ്‌ജറ്റ് അവതരിപ്പിക്കാനുള്ള തീരുമാനം വിശ്വാസ്യത തകർക്കുന്നതാണ്. സർക്കാരിന് യാഥാർത്ഥ്യബോധമുണ്ടായിരുന്നെങ്കിൽ, കുറഞ്ഞത് ഈ നേട്ടം അംഗീകരിച്ച് ആനുപാതികമായി ഭാവി പരിഷ്കാരങ്ങൾ വരുത്തണമായിരുന്നു.

വലിയ പ്രഖ്യാപനങ്ങൾ,

ചെറിയ വിഹിതങ്ങൾ

അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ഒരു ആഗോള സമുദ്ര കേന്ദ്രമാക്കി (മിഷൻ സമുദ്ര‌) മാറ്റുമെന്നാണ് ബഡ്ജറ്റിലെ പ്രഖ്യാപനം. പക്ഷേ പരിവർത്തനാത്മകമെന്ന് കരുതപ്പെടുന്ന ഈ പദ്ധതിക്ക് 400 കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ധനസഹായ തന്ത്രമോ, നടപ്പാക്കൽ ഏജൻസിയോ, വ്യക്തമായ നാഴികക്കല്ലുകളോ ഇല്ല. ഇതൊരു പദ്ധതിയല്ല. ഒരു പദ്ധതിക്കു മുൻപേയുള്ള ഒരു പ്രഖ്യാപനം മാത്രമാണ്.

വ്യോമയാന കേന്ദ്രത്തിനും സാമ്പത്തിക ഇടനാഴികൾക്കും മിതമായ വിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്, നിർവഹണ ചട്ടക്കൂടില്ല.

എം.എസ്.എം.ഇ യുവജന പദ്ധതിക്ക് സംസ്ഥാനവ്യാപകമായി ടോക്കൺ തുകയായി 100 കോടി

ദുർബല വിഭാഗത്തെ പിന്തുണയ്‌ക്കാൻ ലക്ഷ്യമിട്ടുള്ള വൺ കേരളം കരുതൽ മിഷന് പ്രതീകാത്മകമായി ഒരു കോടി

കാണാത്ത

പരിഷ്കാരങ്ങൾ

പെൻഷൻ പരിഷ്കരണത്തിന് ഒരു ശ്രമവുമില്ല. സബ്സിഡികൾ യുക്തിസഹമാക്കുന്നതിന് വിശ്വസനീയമായ ഒരു പദ്ധതിയുമില്ല. പൊതുവായ പ്രസ്താവനകൾക്കപ്പുറം നികുതി പാലനം മെച്ചപ്പെടുത്താൻ ഗൗരവതരമായ ഒരു നീക്കവുമില്ല. ഉയർന്ന ചെലവിന്റെ പ്രശ്നം തിരിച്ചറിഞ്ഞെങ്കിലും അതിൽ തൊടേണ്ടെന്ന് തീരുമാനിച്ചു. പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാൻ ആവശ്യമായ, ബുദ്ധിമുട്ടുള്ള പരിഷ്‌‌‌‌കാരങ്ങൾ ഒഴിവാക്കുന്നത് കഴിഞ്ഞ ദശകത്തിലെ ബ‌ഡ്‌ജറ്റുകളെ നിർവചിച്ച അതേ രീതിയാണ്.

ശുഭാപ്തിവിശ്വാസം

നൽകുന്ന ഘടകം

ജാഗ്രതയോടെയുള്ള ഉയർത്തിക്കാട്ടലുകളുടെയും ഫണ്ടില്ലാത്ത പ്രഖ്യാപനങ്ങളുടെയും കൂട്ടത്തിൽ പ്രതീക്ഷകൾ നൽകുന്ന ഒരു മേഖലയുണ്ട്- കേന്ദ്ര സർക്കാർ പദ്ധതികളുമായി ചേർന്നുള്ള വിന്യാസം. മിഷൻ സമുദ്ര, നിർദ്ദിഷ്ട സാമ്പത്തിക ഇടനാഴി, അപൂർവ ധാതുക്കളിൽ കേന്ദ്രീകരിക്കൽ തുടങ്ങിയ പദ്ധതികൾക്ക് താഴെ പറയുന്ന കേന്ദ്ര സംരംഭങ്ങളിൽ നിന്ന് പിന്തുണ നേടാൻ കഴിയും:

സാഗർമാല (തുറമുഖങ്ങളുടെ വികസനം)

പി.എം ഗതിശക്തി (സംയോജിത അടിസ്ഥാനസൗകര്യ ആസൂത്രണം)

ഭാരത്‌മാല (ഹൈവേയും കണക്ടിവിറ്റി പദ്ധതികളും)

നാഷണൽ ക്രിട്ടിക്കൽ മിനറൽസ് മിഷൻ (അപൂർവ ധാതുക്കളും തന്ത്രപരമായ ധാതുക്കളും)

കേരള സർക്കാർ ഉയർന്ന നിലവാരമുള്ള പദ്ധതി നിർദ്ദേശങ്ങൾ പെട്ടെന്ന് തയ്യാറാക്കി കേന്ദ്രത്തെ വിശ്വാസത്തിലെടുത്താൽ ഗണ്യമായ കേന്ദ്ര ഫണ്ടിംഗും നയപരമായ പിന്തുണയും ലഭ്യമാക്കാം. ഇതിനായി കരുതലോടെ നീങ്ങണം. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഈ കേന്ദ്ര പദ്ധതികൾ പ്രയോജനപ്പെടുത്തുന്നതിൽ വളരെയധികം വിജയിച്ചിട്ടുണ്ട്. മികച്ച പദ്ധതി തയ്യാറെടുപ്പ്, വേഗത്തിലുള്ള ഭൂമി ഏറ്റെടുക്കൽ, കേന്ദ്രവുമായുള്ള കൂടുതൽ സ്ഥിരതയുള്ള ഇടപെടൽ എന്നിവയിലൂടെയാണത്.

മുന്നോട്ടുള്ള പാത

2026-27ലെ പരിഷ്‌കൃത ബഡ്‌ജറ്റിൽ ഉത്തരവാദിത്വത്തിന്റെ സ്വരമുണ്ടെങ്കിലും പരിഷ്‌കാരത്തിന്റെ ത്വര ഇല്ല. കേരളത്തിന്റെ സാമ്പത്തിക പ്രശ്നങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷേ രോഗത്തെ ചികിത്സിക്കുന്നതിനുപകരം ലക്ഷണങ്ങളെ കൈകാര്യം ചെയ്യാനാണ് ശ്രമം. ഈ ബ‌ഡ്‌ജറ്റ് ഒരു വഴിത്തിരിവായി മാറണമെന്ന് സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, മൂന്ന് മേഖലകളിൽ കൂടുതൽ ശ്രദ്ധ വേണം:

1.മിഷൻ സമുദ്രയ്ക്കും മറ്റ് പദ്ധതികൾക്കും കീഴിൽ വിശദമായ ഫണ്ടിംഗ് പ്ളാൻ തയ്യാറാക്കി കേന്ദ്ര ഫണ്ട് പ്രയോജനപ്പെടുത്തുക

2.പെൻഷനുകളും സബ്‌സിഡികളും അടക്കം ചെലവുകൾ നിയന്ത്രിക്കാൻ ഘടനാപരമായ പരിഷ്കാരങ്ങൾ ആരംഭിക്കുക

3.വേഗത്തിലുള്ള പദ്ധതി നിർവഹണത്തിനും ഭൂമി ഏറ്റെടുക്കലിനും വേണ്ടിയുള്ള സ്ഥാപനശേഷി വർദ്ധിപ്പിക്കുക.

സാഗർമാല, ഗതിശക്തി, മറ്റ് ദേശീയ പദ്ധതികൾ എന്നിവയ്ക്ക് കീഴിലുള്ള പ്രധാന പദ്ധതികൾക്ക് സംസ്ഥാനം കേന്ദ്ര ധനസഹായം ഉറപ്പാണെന്ന് കരുതുന്നുണ്ടെന്ന് തോന്നുന്നു. കേന്ദ്ര സഹായം നിർണായകമായ ചലനാത്മകത നൽകുമെങ്കിലും, എല്ലാം ഡൽഹിയിൽ നിന്ന് വന്നോളുമെന്ന പ്രതീക്ഷയിൽ വികസിത കേരളം കെട്ടിപ്പടുക്കാൻ കഴിയില്ല. സുസ്ഥിര പുരോഗതിക്ക് ആവശ്യമായ സങ്കീർണമായ പരിഷ്കാരങ്ങൾ ഏറ്റെടുക്കൽ, പദ്ധതി നിർവഹണം മെച്ചപ്പെടുത്തൽ, വിശ്വസനീയമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവയിൽ തനത് നിലപാട് സംസ്ഥാനം സൃഷ്‌ടിക്കേണ്ടതുണ്ട്. ഇവയില്ലാതെ, ഉദാരമായ കേന്ദ്ര സഹായംപോലും ശാശ്വതമായ വികസന ഫലങ്ങളിലേക്ക് നയിച്ചേക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY