SignIn
Kerala Kaumudi Online
Sunday, 25 October 2026 2.46 AM IST

7 പതിറ്റാണ്ടുകളിലൂടെ വളർന്ന ശാസ്ത്രകേരളം

1

കേരളത്തിന്റെ ശാസ്ത്രസാങ്കേതിക വികസന നാൾവഴികളിലൂടെ ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒയും സംസ്ഥാന ആസൂത്രണ ബോർഡ് അംഗവുമായ ജി.വിജയരാഘവന്റെ പ്രദക്ഷിണം

---------------------------------------------------------------------------------------------

കേരളം രൂപീകൃതമായി 70 വർഷം പൂർത്തിയാക്കുമ്പോൾ നാം കൈവരിച്ച നേട്ടങ്ങൾ ഏറെയാണ്. രാജ്യത്തെ മികച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയതിൽ ശാസ്ത്ര-സാങ്കേതിക രംഗം കൈവരിച്ച കുതിപ്പ് എടുത്തുപറയേണ്ടതുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സാക്ഷരത, മാനവവികസനം എന്നിവയിലെ നേട്ടങ്ങൾ വ്യാപകമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളുടെ അസാധാരണമായ വളർച്ചയെക്കുറിച്ച് അത്രയധികം ചർച്ചചെയ്യപ്പെടുന്നില്ല. ബഹിരാകാശ ഗവേഷണം മുതൽ ഇലക്ട്രോണിക്‌സ് വരെ, ബയോടെക്‌നോളജി മുതൽ ബയോമെഡിക്കൽ എൻജിനീയറിംഗ് വരെ, സമുദ്ര ശാസ്ത്രം മുതൽ കാർഷിക ഗവേഷണം വരെ, ഗണിതം മുതൽ വിവരസാങ്കേതിക വിദ്യ വരെ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സംസ്ഥാനം കൈവരിച്ചത് ശ്രദ്ധേയമായ മുന്നേറ്റമാണ്. നമ്മുടെ ശാസ്ത്ര സ്ഥാപനങ്ങളിൽ പലതും ദേശീയ-അന്തർദ്ദേശീയ പ്രാധാന്യമുള്ളവയാണ്. ചിലത് കേന്ദ്രസർക്കാർ മുൻകൈയിലും മറ്റു ചിലത് കേരള സർക്കാരും സ്ഥാപിച്ചതാണ്. വ്യക്തികളുടെ ദീർഘവീക്ഷണത്തിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും ഉയർന്നു വന്നവയുമുണ്ട്. ശാസ്ത്രസാങ്കേതിക വികസന നാൾവഴികളിലൂടെ നമ്മുടെ ഓർമ്മകൾ സഞ്ചരിക്കുക തന്നെ വേണം.

ആധുനിക കേരളത്തിന് മുമ്പുള്ള

ശാസ്ത്ര പാരമ്പര്യം


കേരളത്തിന്റെ ശാസ്ത്രവും -ഗണിതശാസ്ത്രവുമായുള്ള ബന്ധം 1956- ൽ ആരംഭിച്ചതല്ല. പുരാതന വിദ്യാകേന്ദ്രമായ കാന്തള്ളൂർ ശാലയടക്കം അതിന് പൗരാണിക അടിത്തറയുണ്ട്. 14 മുതൽ 16 വരെയുളള നൂറ്റാണ്ടുകൾക്കിടയിൽ രേഖപ്പെടുത്തപ്പെട്ട വിജ്ഞാന ചരിത്രം പ്രധാനമാണ്. കേരളീയ ജ്യോതിശാസ്ത്ര- ഗണിത സ്‌കൂൾ ഗണിത ചിന്തയിൽ നൂതന സംഭാവന നൽകി. സംഗമഗ്രാമ മാധവനും അദ്ദേഹത്തെ പിന്തുടർന്ന പണ്ഡിതന്മാരും സങ്കീർണ്ണമായ ഗണിതരീതികളും ത്രികോണമിതിയിലും ജ്യോതിശാസ്ത്രത്തിലും പ്രധാന മുന്നേറ്റങ്ങൾ വികസിപ്പിച്ചു. ഈ ബൗദ്ധിക പാരമ്പര്യം ഇന്നത്തെ കേരളത്തിലെ തൃക്കണ്ടിയൂർ, തിരൂർ, ആലത്തിയൂർ, തിരുനാവായ എന്നിവിടങ്ങളിൽ, മദ്ധ്യ കേരളത്തിലെ വിശാലമായ പണ്ഡിത പാരമ്പര്യങ്ങളുമായി ബന്ധപ്പെട്ട് അഭിവൃദ്ധി പ്രാപിച്ചു. നൂറ്റാണ്ടുകൾക്ക് ശേഷം, ഈ പൈതൃകം കോഴിക്കോട്ടെ ആധുനിക കേരള സ്‌കൂൾ ഒഫ് മാത്തമാറ്റിക്‌സ് സ്ഥാപിക്കാൻ പ്രചോദനമായി. കേന്ദ്രസർക്കാരിന്റെ ആറ്റോമിക് എനർജി വകുപ്പും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റും തമ്മിലുള്ള സഹകരണത്തിലൂടെ വിഭാവനം ചെയ്ത ഈ സ്ഥാപനം 2007-ൽ ആണ് പ്രവർത്തനം തുടങ്ങുന്നത്. ഡോ. അനിൽ കക്കോഡ്കറും ഡോ. എം.എസ്. വല്യത്താനും ഈ സംരംഭം യാഥാർത്ഥ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.


 ശാസ്ത്രം ബഹിരാകാശത്തോളം


തുമ്പയിൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങൾ തുടങ്ങിയത് വലിയ ശാസ്ത്ര കുതിപ്പായിരുന്നു. തുമ്പയുടെ കാന്തിക ഭൂമദ്ധ്യരേഖയോടുള്ള അടുപ്പത്തിന്റെ പ്രധാന്യം ഡോ. വിക്രം സാരാഭായ് തിരിച്ചറിഞ്ഞു. തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ സ്ഥാപിക്കുകയും 1963 നവംബർ 21-ന് ആദ്യത്തെ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപിക്കുകയും ചെയ്തത് അസാധാരണയാത്രയുടെ തുടക്കമായിരുന്നു. ലളിതമായ രീതിയിൽ തുടങ്ങിയ ഈ ശാസ്ത്രയാത്ര പിന്നീട് ഇന്ത്യയിലെ പ്രധാനപ്പെട്ട ശാസ്ത്ര-സാങ്കേതിക സംരംഭങ്ങളിലൊന്നായി വികസിച്ചു. 1969-ൽ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ സ്ഥാപിക്കപ്പെട്ടു. സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജി സെന്റർ 1972-ൽ വിക്രം സാരാഭായ് സ്‌പേസ് സെന്ററായി. തിരുവനന്തപുരത്തും പരിസരത്തുമുള്ള വി.എസ്.എസ്.സി, മറ്റ് ഐ.എസ്.ആർ.ഒ സ്ഥാപനങ്ങളായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ, ഐ.എസ്.ആർ.ഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ്, വിക്ഷേപണ വാഹനങ്ങൾ, പ്രൊപ്പൽഷൻ സംവിധാനങ്ങൾ എന്നിവയെല്ലാം ബഹിരാകാശ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് എടുത്തുപറയാവുന്ന നേട്ടങ്ങളാണ്. ഇന്ത്യയുടെ ബഹിരാകാശവിക്ഷേപണ പരിപാടികളുടെ ജന്മഗൃഹമായതിൽ കേരളത്തിന് അഭിമാനിക്കാം.


 ശാസ്ത്ര വളർച്ച എല്ലാ മേഖലയിലും


സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങളും അനുബന്ധമേഖലകളും പരിപോഷിക്കുന്ന ശാസ്ത്ര സ്ഥാപനങ്ങളുടെ ആരംഭവും പ്രധാനമാണ്. 1963-ൽ ശ്രീകാര്യത്ത് സ്ഥാപിതമായ സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിൽ മുഖ്യം.1947-ൽ കേരള രൂപീകരണത്തിന് മുമ്പ് സ്ഥാപിതമായ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പിന്നീട് കൊച്ചിയിൽ ആസ്ഥാനം വികസിപ്പിച്ചു. 1957-ൽ സ്ഥാപിതമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി ഈ രംഗത്തെ ഗവേഷണത്തിന് സംഭാവന നൽകി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫിയുടെ പ്രാദേശിക കേന്ദ്രം, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളുമായി കൊച്ചി സമുദ്ര ഗവേഷണത്തിന്റെ സുപ്രധാന കേന്ദ്രമായും ഉയർന്നു. നീല സമ്പദ് വ്യവസ്ഥ (ബ്ലൂ ഇക്കോണമി)യുടെ വികസനവും വിഴിഞ്ഞത്തെ പ്രധാന തുറമുഖമമായി വികസിപ്പിക്കുന്ന പ്രവർത്തനവും നടക്കുമ്പോൾ നാം ഈ മേഖലയിൽ നൽകിയ ശ്രദ്ധ ശരിയായ ദിശയിൽ തന്നെയായിരുന്നുവെന്ന് ഉറപ്പിക്കാം.

സി. അച്യുതമേനോനും ശാസ്ത്ര-സാങ്കേതികവിദ്യയുടെ

സ്ഥാപനവത്കരണവും


മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന്റെ നേതൃത്വത്തിലാണ് ശാസ്ത്ര വികസനത്തിൽ പ്രധാനഘട്ടം തുടങ്ങുന്നത്. 1972-ൽ സ്റ്റേറ്റ് കമ്മിറ്റി ഓൺ സയൻസ് ആൻഡ് ടെക്‌നോളജി സ്ഥാപിച്ചത് പ്രധാന ചുവടുവയ്പ്പായിരുന്നു. ശാസ്ത്ര-വ്യാവസായിക വികസനത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തുന്ന സംരംഭങ്ങൾക്ക് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു. അതിലൊന്നാണ് തിരുവനന്തപുരത്തെ റീജ്യണൽ റിസർച്ച് ലബോറട്ടറി. ഇപ്പോൾ അത് സി.എസ്.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി (എൻ.ഐ.ഐ.എസ്.ടി ) എന്നറിയപ്പെടുന്നു. കേരളത്തിൽ ഗവേഷണ സൗകര്യങ്ങൾ സ്ഥാപിക്കാൻ കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിനെ സമീപിച്ച സി. അച്യുതമേനോൻ ഇതിനായി വലിയ ഇടപെടൽ നടത്തി. തുടർന്ന് സി.എസ്.ഐ.ആർ കോംപ്ലക്‌സ് 1975-ൽ പ്രവർത്തനം ആരംഭിച്ചു, റീജ്യണൽ റിസർച്ച് ലബോറട്ടറി 1978-ൽ സ്വതന്ത്ര സി.എസ്.ഐ.ആർ സ്ഥാപനമായി. ഈ കാലഘട്ടത്തിൽ ഉയർന്നുവന്ന മറ്റ് സ്ഥാപനങ്ങളിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ്, സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ എന്നിവ ഉൾപ്പെടുന്നു.

കെൽട്രോണും ഇലക്ട്രോണിക്‌സ് വിപ്ലവവും


ആധുനിക സാങ്കേതികവിദ്യ അധിഷ്ഠിത വ്യവസായത്തിലേക്ക് നീങ്ങാനുള്ള കേരളത്തിന്റെ സ്വപ്നത്തിന് ഒരു സ്ഥാപനം സാക്ഷാത്കാരമായെങ്കിൽ അത് കെൽട്രോൺ ആയിരുന്നു.1973-ൽ സ്ഥാപിതമായ കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് വ്യവസായം പ്രാരംഭഘട്ടത്തിലായിരുന്ന സമയത്ത് തുടങ്ങിയ ധീരമായ പരീക്ഷണമായിരുന്നു. കെ.പി.പി. നമ്പ്യാർ ആയിരുന്നു കെൽട്രോണിന്റെ ആദ്യകാല വികസനത്തിന് പിന്നിലെ ചാലകശക്തി. വിദ്യാസമ്പന്നരായ യുവാക്കൾക്ക് തൊഴിൽ സൃഷ്ടിക്കാൻ കൂടിയുള്ള വ്യവസായമായി ഇലക്ട്രോണിക്‌സിനെ സമീപിക്കുന്ന കാഴ്ചപ്പാട് അദ്ദേഹം കേരളത്തിന് പകർന്നുതന്നു. കെൽട്രോണിനെ അതിന്റെ സാമ്പത്തിക നേട്ടത്തിന്റെയോ അവിടെ നിർമ്മിച്ച ഉത്പന്നങ്ങളുടെയോ പേരിലല്ല വിലയിരുത്തേണ്ടത്. അതിനേക്കാളുമൊക്കെ 'ടെക്‌നോളജി' സംസ്‌കാരം ഇവിട സൃഷ്ടിക്കാൻ കെൽട്രോൺ വഴിയൊരുക്കി. 1970-കളിൽ തിരുവനന്തപുരത്ത് ഇലക്ട്രോണിക്‌സ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്റർ (ഇ.ആർ ആൻഡ് ഡി.സി) സ്ഥാപിച്ചത് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടിംഗ് 'ആവാസവ്യവസ്ഥയെ' കൂടുതൽ ശക്തിപ്പെടുത്തി. ഇലക്ട്രോണിക്‌സിലും കമ്പ്യൂട്ടിംഗിലും ഗവേഷണം, വികസനം, പരിശീലനം എന്നിവയ്ക്ക് സംഭാവന നൽകുകയും പിന്നീട് സെന്റർ ഫോർ ഡെവലപ്‌മെന്റ് ഒഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗിന്റെ (സിഡാക്) ഭാഗമാവുകയും ചെയ്തു.


വൈദ്യശാസ്ത്രം, ബയോമെഡിക്കൽ എൻജിനീയറിംഗ്....


കേരളത്തിന്റെ ശാസ്ത്ര യാത്രയുടെ മറ്റൊരു പ്രധാനമാനം വൈദ്യശാസ്ത്രം, എൻജിനീയറിംഗ്, നൂതന ഗവേഷണം എന്നിവ സംയോജിപ്പിക്കുന്ന സ്ഥാപനങ്ങളുടെ വികസനമാണ്. ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ഈ ചരിത്രത്തിൽ പ്രധാന സ്ഥാനം വഹിക്കുന്നു. ഡോ. എം.എസ്. വല്യത്താന്റെ നേതൃത്വത്തിൽ, വൈദ്യഗവേഷണം, ക്ലിനിക്കൽ പ്രാക്ടീസ്, എൻജിനീയറിംഗ് എന്നിവ ഒരുമിച്ച് ചേർന്ന് ഇന്ത്യൻ ആരോഗ്യസംരക്ഷണത്തിന് പ്രസക്തമായ സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ കഴിയുമെന്ന് ശ്രീചിത്ര തെളിയിച്ചു. കാർഡിയോ വാസ്‌കുലാർ മെഡിസിൻ, ബയോമെഡിക്കൽ എൻജിനീയറിംഗ്, മെഡിക്കൽ ഡിവൈസുകൾ, തദ്ദേശീയ സാങ്കേതിക വികസനം എന്നിവയിലെ അതിന്റെ പ്രവർത്തനം പ്രായോഗിക ആരോഗ്യ ആവശ്യങ്ങൾക്ക് നേരിട്ടുള്ള ഗവേഷണ മാതൃകഒരുക്കി. തദ്ദേശീയ ഹൃദയ വാൽവുകളുടെയും മറ്റ് മെഡിക്കൽ സാങ്കേതികവിദ്യകളുടെയും വികസനം ഇന്ത്യൻ സ്ഥാപനങ്ങൾക്ക് സങ്കീർണ്ണമായ ബയോമെഡിക്കൽ ഗവേഷണം ഏറ്റെടുക്കാനും അതിനെ ഉത്പന്നങ്ങളാക്കി മാറ്റാനും കഴിയുമെന്ന് തെളിയിച്ചു. അതിലൊന്ന് ശ്രീചിത്രയിലെ ബ്ലഡ് ബാഗ് സാങ്കേതികവിദ്യയുടെ വികസനമായിരുന്നു.

ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ നിന്ന് വിട്ട് സംരംഭകനായ സി.ബാലഗോപാൽ ഈ സാങ്കേതികവിദ്യ വാണിജ്യവത്കരിക്കാൻ പെൻപോൾ സ്ഥാപിച്ചു. ആ സംരംഭം പിന്നീട് ടെറുമോ പെൻപോളായി വികസിച്ചു, ലോകത്തെ മുൻനിര ബ്ലഡ് ബാഗ് നിർമ്മാതാക്കളിൽ ഒന്നായി അത് മാറി. ദേശീയ-അന്തർദ്ദേശീയ വിപണികൾക്കായി ദന്ത ഉത്പന്നങ്ങൾ, പല്ലുകൾ, കൃത്രിമ പല്ലുകൾ എന്നിവ നിർമ്മിക്കുന്ന സംരംഭങ്ങളുടെ ആസ്ഥാനമാണ് ഇന്ന് സംസ്ഥാനം. കൊച്ചിയിലെ എസ്.എഫ്.ഒ ടെക്‌നോളജീസ് പോലുള്ള കമ്പനികൾ ഇലക്ട്രോണിക്‌സ്, പ്രിസിഷൻ എൻജിനീയറിംഗ്, മെഡിക്കൽ ഉപകരണ നിർമ്മാണം എന്നിവയിൽ കഴിവുകൾ വികസിപ്പിച്ചെടുത്തു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ ആവിർഭാവം ശാസ്ത്രസാങ്കേതിക വ്യാപനത്തിന്റെ മറ്റൊരു പടവാണ്. 1990-ൽ സ്ഥാപിതമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഒഫ് എജ്യുക്കേഷൻ സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നാണ് അതിന്റെ ഉത്ഭവം. ഈ സ്ഥാപനം പിന്നീട് പ്രത്യേക ബയോടെക്‌നോളജി ഗവേഷണകേന്ദ്രമായി പരിണമിച്ചു. 2007-ൽ ആർ.ജി.സി.ബി കേന്ദ്രസർക്കാരിന്റെ ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള ദേശീയസ്ഥാപനമായി. ഡോ.പി.കെ.അയ്യങ്കാറെ പോലുള്ള പ്രഗത്ഭരായ ശാസ്ത്രജ്ഞരുടെ സേവനവും കേരളത്തിന്റെ ശാസ്ത്രവികസനത്തിൽ ഗുണകരമായി മാറി. ഇന്ത്യയുടെ ആണവോർജ്ജ പരിപാടിയിലും ശാസ്ത്രവികസനത്തിലും അദ്ദേഹത്തിന്റെ സംഭാവന വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

(തുടരും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SASTHRAKERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION