SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.30 PM IST

സാവരിയയുടെ മരണം ,​ അന്യദേശത്ത് പൊലിഞ്ഞ സ്വപ്നങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും

savaria

അന്യനാട്ടിൽ വിദ്യ തേടിപ്പോയ ഒരു മലയാളി പെൺകുട്ടിക്ക് നേരിടേണ്ടി വന്ന ക്രൂരത കേവലം ഒരു കൊലപാതകമല്ല, മറിച്ച് അന്താരാഷ്ട്ര തലത്തിൽ ഗൗരവമേറിയ അന്വേഷണം ആവശ്യപ്പെടുന്ന വലിയൊരു നീതിനിഷേധമാണ്.


ഒരുപാട് സ്വപ്നങ്ങളുമായി, നാടിന്റെയും കുടുംബത്തിന്റെയും പ്രതീക്ഷയായി മെഡിക്കൽ പഠനത്തിനായി ഉസ്ബക്കിസ്ഥാനിലേക്ക് വിമാനം കയറിയതാണ് ഹരിപ്പാട് പിലപ്പുഴ സ്വദേശിനിയായ സാവരിയ ബസന്ത് (21). എന്നാൽ, ദിവസങ്ങൾക്ക് മുമ്പ് ബുഖാറ സ്റ്റേറ്റ് മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മലയാളി സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് എത്തിയത് ആ ഇരുപത്തിയൊന്നുകാരിയുടെ മരണവാർത്തയായിരുന്നു. കേവലം ഒരു തർക്കത്തിനിടയിലുണ്ടായ സ്വാഭാവിക മരണം എന്നതിനപ്പുറം, ആസൂത്രിതമായ പീഡനത്തിന്റെയും കടുത്ത ക്രൂരതയുടെയും ഒടുവിലാണ് സാവരിയയുടെ ജീവൻ അപഹരിക്കപ്പെട്ടതെന്ന ഗുരുതരമായ വിവരങ്ങളാണ് പുറത്തുവരുന്നത്.
സഹപാഠിയും മലപ്പുറം സ്വദേശിയുമായ സാദറുൽ അനാമെന്ന യുവാവാണ് ഈ കൊലപാതകത്തിന് പിന്നിൽ എന്ന് വ്യക്തമായിട്ടുണ്ട്. ലാപ്ടോപ്പ് കൊണ്ട് തലയ്ക്കടിച്ചാണ് സാവരിയയെ കൊലപ്പെടുത്തിയതെന്ന പ്രാഥമിക വിവരങ്ങളാണ് ആദ്യം പുറത്തുവന്നതെങ്കിലും, പിന്നീട് ബന്ധുക്കൾ മൃതദേഹം നാട്ടിലെത്തിച്ച് നടത്തിയ പുനഃപരിശോധനകളിൽ (റീ പോസ്റ്റ്മോർട്ടം) ഞെട്ടിക്കുന്ന മറ്റ് ചില കാര്യങ്ങളാണ് വെളിപ്പെട്ടത്. സാവരിയയുടെ ശരീരമാസകലം കടുത്ത മർദനമേറ്റ ചതവുകളും നട്ടെല്ലിന് പൊട്ടലുമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് പെട്ടെന്നുണ്ടായ ഒരു പ്രകോപനമല്ല, മറിച്ച് ക്രൂരമായ പീഡനത്തിന്റെ ഫലമായാണ് ഈ മരണം സംഭവിച്ചതെന്ന സംശയം ബലപ്പെടുത്തുന്നു.


മതപരിവർത്തന സമ്മർദ്ദവും ഭീഷണികളും
സാവരിയയുടെ കുടുംബം ഉയർത്തുന്ന ഏറ്റവും ഗുരുതരമായ ആരോപണം, പ്രതിയായ സാദറുൽ അനാം സാവരിയയെ നിരന്തരമായി മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നു എന്നതാണ്. ഇതിന് അവൾ വഴങ്ങാതിരുന്നതാണ് ഇത്രയും ക്രൂരമായ മർദനത്തിലേക്കും ഒടുവിൽ കൊലപാതകത്തിലേക്കും നയിച്ചതെന്ന് സാവരിയുടെ സുഹൃത്തുക്കൾ പങ്കുവെച്ച് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുടുംബം ആവർത്തിച്ചു വ്യക്തമാക്കുന്നു. വിദേശ സർവകലാശാലയിലെ ഹോസ്റ്റൽ മുറിക്കുള്ളിൽ, സ്വന്തം നാട്ടുകാരനായ ഒരുവനിൽ നിന്ന് ഒരു പെൺകുട്ടിക്ക് ഇത്തരം കടുത്ത സമ്മർദ്ദങ്ങളും ഭീഷണികളും നേരിടേണ്ടി വന്നു എന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കൃത്യമായ വിവരങ്ങൾ പങ്കുവെക്കാൻ ഉസ്ബക്ക് അധികൃതരോ വിദ്യാർത്ഥികളെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്ത ഏജൻസികളോ പൂർണ്ണമായി തയ്യാറായിട്ടില്ല എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു. കേരള പൊലീസ് ഹരിപ്പാട് സ്റ്റേഷനിൽ കേസെടുക്കുകയും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്തിട്ടുണ്ടെങ്കിലും, വിദേശത്ത് നടന്ന കൊലപാതകമായതിനാൽ സംസ്ഥാന ഏജൻസികൾക്ക് മാത്രം എത്രത്തോളം കാര്യക്ഷമമായി ഇതിൽ ഇടപെടാനാകുമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്.
ദേശീയ വനിതാ കമ്മീഷൻ ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയും കേരള ഡി.ജി.പിയോട് അടിയന്തര നടപടി റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും ഉസ്ബക്കിസ്ഥാൻ സർക്കാരുമായി നിരന്തരം ബന്ധപ്പെട്ട് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ നിയമപരമായ സമ്മർദ്ദം ചെലുത്തേണ്ടതുണ്ട്.

ഉയർന്ന വിദ്യാഭ്യാസവും മെച്ചപ്പെട്ട കരിയറും സ്വപ്നം കണ്ട് ഭാരതത്തിൽ നിന്നും, പ്രത്യേകിച്ച് കേരളത്തിൽ നിന്നും ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. ഇങ്ങനെയുള്ള നമ്മുടെ മക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ സംവിധാനങ്ങൾ ഇവിടെയുണ്ടോ? വിദേശ സർവകലാശാലകളിൽ മലയാളി വിദ്യാർത്ഥികൾ നേരിടുന്ന മാനസിക-ശാരീരിക പീഡനങ്ങളെക്കുറിച്ച് കൃത്യമായ നിരീക്ഷണവും പരാതി പരിഹാര സെല്ലുകളും ഉണ്ടാകേണ്ടത് അനിവാര്യമാണ്.
സാവരിയക്ക് നീതി ലഭിക്കുക എന്നത് കുടുംബത്തിന്റെ മാത്രം ആവശ്യമല്ല; മറിച്ച് ഇനിയൊരു വിദ്യാർത്ഥിക്കും അന്യനാട്ടിൽ വെച്ച് ഇത്തരമൊരു ദുർവിധി ഉണ്ടാകാതിരിക്കാൻ വേണ്ടിയുള്ള സമൂഹത്തിന്റെ പോരാട്ടമാണ്. ഈ കേസിൽ കൃത്യമായ ഗൂഢാലോചനകൾ നടന്നിട്ടുണ്ടോ എന്നും പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും കേന്ദ്ര ഏജൻസികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ അന്വേഷിക്കണം.
സാവരിയ എന്ന ആ ഇരുപത്തിയൊന്നുകാരിയുടെ ചിതറിയ സ്വപ്നങ്ങൾക്ക് മുന്നിൽ നമുക്ക് മൗനം പാലിക്കാനാകില്ല. അധികാര കേന്ദ്രങ്ങളുടെ കൃത്യമായ ഇടപെടലുകളിലൂടെ പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുകയും, സാവരിയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുകയും ചെയ്യേണ്ടത് നിയമവ്യവസ്ഥയുടെ ഉത്തരവാദിത്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY