SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.11 PM IST

രാമായണാമൃതം -5 സംശുദ്ധിയുടെ സീതായനം

a

രാമായണത്തിലെ സീത സഹിഷ്ണുതയുടെ, സഹനതയുടെ സാരഗർഭമായ ചിത്രമാണ്. ശ്രീരാമനോടൊപ്പം സർവപരിത്യാഗങ്ങളുടെയും പര്യായമായി പ്രകീർത്തിക്കപ്പെടുന്ന സീത വർത്തമാനകാല ജീവിതയാഥാർത്ഥ്യങ്ങളുടെ മുന്നിൽ സവിശേഷ ചിത്രമാണ്. രാമായണം രാമന്റെ അയനമാണെങ്കിൽ അത് സീതായനം കൂടിയാണ്. ഒരിക്കൽ പദ്മാക്ഷനെന്ന രാജാവ് സാക്ഷാൽ ലക്ഷ്മീദേവിയെ തന്റെ പുത്രിയായി ലഭിക്കാൻ മഹാവിഷ്ണുവിനെ തപസുചെയ്തു. പ്രാർത്ഥന കൈക്കൊണ്ട മഹാവിഷ്ണു നൽകിയ മഹാലിംഗത്തിൽനിന്നും സൗന്ദര്യവതിയായ ഒരു പെൺകുഞ്ഞു പിറന്നു. പത്മാക്ഷൻ അവൾക്കു 'പത്മ' എന്ന് പേരിട്ടു.

പത്മയുടെ സ്വയംവരമുഹൂർത്തത്തിൽ അവിടേക്കു കയറിവന്ന രാക്ഷസർ വിവാഹമണ്ഡപം തകർത്തു പദ്മാക്ഷനെ വധിച്ചു. രാവണനൊരുനാൾ പുഷ്പകവിമാനത്തിൽ സഞ്ചരിക്കവേ അഗ്നികുണ്ഡത്തിൽനിന്നും ഉയർന്നുവന്ന പത്മയെ കാണുകയുണ്ടായി. അടുത്തെത്തിയതും പത്മ അഗ്നികുണ്ഡത്തിൽ ചാടി.അവിടമാകെ പരതിയ രാവണന് അഞ്ചുരത്നങ്ങളുടെ രൂപത്തിലാണ് പദ്മയെ ലഭിച്ചത്. അവ പേടകത്തിലാക്കി രാവണൻ ലങ്കയിലെത്തി പതിയായ മണ്ഡോദരിയെ ഏൽപ്പിച്ചു.

ഒരുദിവസം രാവണനറിയാതെ മണ്ഡോദരി ആ പെട്ടി തുറന്നുനോക്കിയപ്പോൾ പദ്മ കന്യകാരൂപത്തിൽ അതിലിരിക്കുന്നതാണ് കണ്ടത്! ഒരു നിമിഷംപോലും ആ പേടകം ഇവിടെ വയ്ക്കരുതെന്ന് രാവണനെ മണ്ഡോദരി അറിയിച്ചു . കേട്ടമാത്രയിൽത്തന്നെ പേടകം മിഥിലയിൽ കൊണ്ടുപോയി കുഴിച്ചിടാൻ രാവണൻ ഏർപ്പാടാക്കി. എന്നാൽ,​ കുഴിച്ചിടും മുൻപ് പത്മ, രാവണനെയും വംശത്തെയും നശിപ്പിക്കാൻ ലങ്കയിലെത്തുമെന്നു ശപിച്ചു.

ആ പേടകമാണ് ജനകമഹാരാജന് ലഭിച്ചതും ജാനകിയായി വളർന്നതും മൈഥിലിയായി അറിയപ്പെട്ടതും; ആ പേടകത്തെ സിതത്തിൽ (ഉഴവുചാലിൽ)നിന്നു കിട്ടിയതിനാൽ 'സീത'യായതും. ഭരിക്കുന്നയാൾ ഭർത്താവും ഭരിക്കപ്പെടുന്ന ആൾ ഭാര്യയുമെന്നാണ്. ഭരിക്കുക എന്നാൽ ശാസിക്കുക, നിയന്ത്രണവിധേയയാക്കുക എന്നല്ല പരിപാലിക്കുക,​ പരസ്പരാദരത്തിനു വിധേയമാക്കുക എന്നാണ് . ഭരിക്കപ്പെടുക എന്നാൽ സഹധർമ്മം സംശുദ്ധഹൃദയത്തോടുകൂടി ആചരിക്കുക എന്നുമാണ്. അവിടെയാണ് 'സഹധർമ്മിണി' എന്ന വിശേഷണമുണ്ടാകുന്നത്. രാജധാനിയിലും കാനനോപാന്തത്തിലും സുഖ, ദുഃഖ,​ ശാന്ത സംഘർഷ വ്യത്യാസങ്ങളില്ലാതെ ചേർന്നുനിൽക്കുന്ന സീത വിശേഷണങ്ങൾക്കെല്ലാം അപ്പുറമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY