SignIn
Kerala Kaumudi Online
Sunday, 20 September 2026 11.09 PM IST

മോർഫിംഗ് ചതിയുടെ ഭീകരത

READ ENGLISH VERSION
mm

അനുദിനം സാങ്കേതികവിദ്യ വളർന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ശാരീരികമായ ക്ളേശങ്ങൾ ഒഴിവാക്കി വളരെ എളുപ്പത്തിലും കൃത്യതയോടെയും കാര്യങ്ങൾ ചെയ്യാൻ സാങ്കേതിക വിദ്യയുടെ ഈ വളർച്ച നൽകുന്ന സഹായം വിലപ്പെട്ടതാണ്. ഫോൺ എന്ന ഉപകരണം ആശയവിനിമയത്തിനപ്പുറം നമ്മുടെ ബാങ്കായും ജീവിതത്തിലെ സന്തോഷദായകമായ നിമിഷങ്ങൾ പകർത്തുന്ന ക്യാമറയായും വിരൽത്തുമ്പിൽ വിവരങ്ങൾ പകരുന്ന യന്ത്രമായുമൊക്കെ മാറിയിരിക്കുന്നു. ഇതിൽനിന്ന് ഒരു തിരിച്ചുപോക്ക് ഇനി സാദ്ധ്യമല്ല. ബോറടി മാറ്റാൻ ചെറുപ്പക്കാർ മാത്രമല്ല വയസായവരും ഇന്ന് ആശ്രയിക്കുന്ന സ്‌മാർട്ട് ഫോൺ ബ്ളോഗും വ്ളോഗും റീലും മറ്റുമായി പണം നേടിത്തരുന്ന പെട്ടി കൂടി ആയിരിക്കുന്ന കാലമാണിത്. ഇതിന്റെ നല്ല വശങ്ങൾക്കപ്പുറം വിപത്തായി മാറുന്ന ദൂഷ്യവശങ്ങളും സമൂഹത്തിൽ വേരോടിയിരിക്കുന്നു എന്നത് ആശങ്കയോടെയല്ലാതെ കാണാനാകില്ല.

ഫോണിലൂടെ നടക്കുന്ന സൈബർ തട്ടിപ്പുകളാണ് എല്ലാവരും ഒരുപോലെ ഭയക്കേണ്ട ഒരു വലിയ വിപത്ത്. ഒരു വ്യക്തിയുടെ സ്വഭാവമഹിമയെയും വ്യക്തിത്വഗുണത്തെയും സത്യസന്ധതയെയും കീർത്തിയെയും അടിമുടി അട്ടിമറിച്ച് 'തെളിവ്' സഹിതം സമൂഹത്തിന്റെ മുന്നിൽ കരിതേയ്ച്ച് കാണിക്കാനും സാങ്കേതിക വിദ്യയുടെ സഹായത്താൽ ഫോണിലൂടെ കഴിയും എന്നതാണ് ഇക്കാലത്ത് ഏറ്റവും വലിയ ദുരന്തം. അടുത്തകാലത്തുണ്ടായ ഫോട്ടോ മോർഫിംഗ് ചതിക്കഥകൾ പൊതുസമൂഹത്തിൽ സൃഷ്ടിച്ചിട്ടുള്ള ആശങ്ക ഭീകരമാണ്. വിദ്യാർത്ഥികളും യുവജനങ്ങളുമാണ് സഹപാഠികളുടെയും അദ്ധ്യാപികമാരുടെയും ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി പ്രചരിപ്പിക്കുകയും അശ്ളീല സൈറ്റുകൾക്ക് വിൽപ്പന നടത്തുകയും ചെയ്യുന്നത് എന്നത് നടുക്കമുളവാക്കുന്നതാണ്. ഏറ്റുമാനൂരിലും കൊച്ചിയിലും ബിരുദപഠനം നടത്തുന്ന രണ്ട് വിദ്യാർത്ഥികളെ മോർഫിംഗ് ചതി കാണിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിലും കുറച്ചുനാൾ മുൻപ് സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. കൂടെ പഠിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ എടുക്കുക എന്നത് മിനിട്ടിന് മിനിട്ടിന് സെൽഫികൾ എടുത്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു പ്രയാസവുമുള്ള കാര്യമല്ല. ഇത്തരം ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ളീല ചിത്രങ്ങളാക്കി മാറ്റാൻ ഇന്നത്തെ കാലത്ത് വലിയ പരിജ്ഞാനമൊന്നും ആവശ്യമില്ല. വേണ്ട നിർദ്ദേശങ്ങൾ നൽകിയാൽ എ.ഐ ടൂളുകൾ യഥാർത്ഥ ചിത്രങ്ങളേക്കാൾ വിശ്വസനീയമായ രീതിയിൽ വ്യാജ ചിത്രങ്ങൾ നിർമ്മിച്ചുതരും. ഇത് പണം നൽകി വാങ്ങാൻ അശ്ളീല സൈറ്റുകൾ തയ്യാറാകും. അതല്ലെങ്കിൽ പ്രതികാരം തീർക്കാനും ഇരകളാക്കപ്പെടുന്ന പെൺകുട്ടികളെ മാനസികമായി തകർക്കാനും ഈ ചിത്രം അവരുടെ സുഹൃദ് ‌വലയങ്ങളിൽ പ്രചരിപ്പിക്കുന്നതിലൂടെ കഴിയും. ഗുരുതരമായ മനോവൈകൃതത്തിന് അടിമയായവർക്കല്ലാതെ ഇത്തരം വില്ലത്തരത്തിന് മുതിരാനാവില്ല. എറണാകുളത്തെ കോളേജിലെ വിദ്യാർത്ഥി അദ്ധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ക്ളോസ്‌ഡ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. മനോവൈകൃതവും കുറുക്കുവഴിയിലൂടെയുള്ള പണ സമ്പാദനവുമാണ് ഇതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങൾ.

ഇത്തരം പ്രവൃത്തികൾ അതിന് ഇരയാകുന്നവരുടെ ഭാവി തന്നെ ഇല്ലാതാക്കും. ഇതിനെതിരെ നിയമ നടപടി കൂടുതൽ ശക്തമാക്കേണ്ടതാണ്. അതോടൊപ്പം പൊതുസമൂഹം കൂടുതൽ ജാഗ്രത പുലർത്തേണ്ടതും ആവശ്യമാണ്. വിദ്യാർത്ഥികൾക്ക് സാങ്കേതികവിദ്യയുടെ ദുരുപയോഗത്തെക്കുറിച്ച് നിരന്തരം കലാലയങ്ങളിൽ ബോധവത്‌കരണം നടത്തേണ്ടതും ആവശ്യമാണ്. തൃക്കാക്കര മോർഫിംഗ് കേസിൽ പ്രൊമോഷൻ ഗ്രൂപ്പുകളും പ്രിമീയം ഗ്രൂപ്പുകളും സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചേരാൻ പ്രത്യേക ഫീസും ഏർപ്പെടുത്തിയിരുന്നു. ഇത് നിർമ്മിക്കുന്നവർ മാത്രമല്ല കാണാൻ തയ്യാറായി പണം നൽകുന്നവരും നിയമ നടപടികൾ നേരിടേണ്ടതാണ്.

English Summary

Smartphones, once used mainly to overcome boredom, are now popular among both young and older people as a source of income However, alongside their benefits, their harmful effects are also becoming deeply rooted in society.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMARTPHONES, SOCIAL MEDIA, BLOGS, VLOGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION