SignIn
Kerala Kaumudi Online
Wednesday, 23 September 2026 3.34 AM IST

പശ്ചിമഘട്ടത്തിന്റെ ആശങ്കകൾ

a

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് കരട് വിജ്ഞാപനം കേരളത്തിലെ മലയോര ജനതയെ വീണ്ടും ആശങ്കയിലാഴ്‌ത്തിയിരിക്കുന്നു. സംസ്ഥാനത്തെ 131 വില്ലേജുകളെ ഉൾപ്പെടുത്തി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രഖ്യാപനത്തിനെതിരെ കേരളം ശക്തമായ എതിർപ്പാണ് ഉന്നയിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കപ്പെടണം എന്നതിൽ വിട്ടുവീഴ്ച പാടില്ല. കാരണം അതിൽ വരുത്തുന്ന വീഴ്ചകൾ പ്രകൃതിയുടെ രൂക്ഷമായ ക്ഷോഭങ്ങൾക്ക് ഇടവരുത്താം. അതേസമയം കാർഷിക ജനവാസ മേഖലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം വഴിയാധാരമാക്കി മാറ്റാൻ അത് ഇടയാക്കാനും പാടില്ല. അതിനാൽ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെയും കേരളത്തിന്റെയും നിലപാടുകൾ ഒരേപോലെ പ്രാധാന്യമർഹിക്കുന്നതാണ്.

കേരളത്തിന്റെ ഉയർന്ന ജനസാന്ദ്രതയും സവിശേഷമായ ഭൂപ്രകൃതിയും പരിഗണിച്ച്, ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും പൂർണമായി ഒഴിവാക്കി 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്റർ വനമേഖല മാത്രമായി പരിമിതപ്പെടുത്തണമെന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ ശുപാർശ. എന്നാൽ ഈ നിർദ്ദേശം തള്ളിക്കളഞ്ഞ് പഴയ വിസ്‌തൃതി തന്നെ വേണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കേന്ദ്രത്തിന്റെ നിർദ്ദേശം അതേപടി നടപ്പാക്കിയാൽ ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലെ മലയോര വാസികൾക്ക് അത് വലിയ ഇരുട്ടടിയായി മാറും. കേരളത്തിലെ കർഷകർ തലമുറകളായി ചോരനീരാക്കി മാറ്റിയെടുത്ത കൃഷിയിടങ്ങൾ അവർക്ക് അന്യായമായി മാറുകയും അവരുടെ ജീവിതം തന്നെ വഴിമുട്ടുകയും ചെയ്യും. ഉപഗ്രഹ ചിത്രങ്ങളെ മാത്രം ആശ്രയിച്ച് തയ്യാറാക്കിയ അതിർത്തി നിർണയങ്ങൾ പലയിടത്തും ജനവാസ കേന്ദ്രങ്ങളെയും വനഭൂമിയായി തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് വളരെ ഗൗരവപൂർവം പരിശോധിക്കേണ്ട ഒന്നാണ്.

ഒരു പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിക്കപ്പെട്ടാൽ അവിടെ വൻകിട നിർമ്മാണങ്ങൾ ഒന്നും അനുവദിക്കില്ല. ഖനനം, ക്വാറികൾ തുടങ്ങിയവയ്ക്ക് പൂർണ നിരോധനം വരും. കൃഷിയിടങ്ങളിലെ മാറ്റങ്ങൾക്കും വീട് നിർമ്മാണത്തിനും റോഡ് വികസനത്തിനും മറ്റും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണ്ടിവരുമെന്ന അവസ്ഥ ഈ മേഖലകളെ അപ്പാടെ സ്തംഭിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്യും. അതിനാൽ ജനവാസ കാർഷിക മേഖലകളെ ഒഴിവാക്കണമെന്ന നിർദ്ദേശം കൃത്യമായ ഉപഗ്രഹ ഫീൽഡ് സർവേ വിവരങ്ങളുടെ അകമ്പടിയോടെ കേന്ദ്രത്തിന് വീണ്ടും സമർപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ. വന വിസ്തൃതി സംരക്ഷിക്കപ്പെടുന്നത് മനുഷ്യരെ കുടിയിറക്കിക്കൊണ്ടാവരുത് എന്ന രാഷ്ട്രീയ കക്ഷികളുടെയും കർഷക സംഘടനകളുടെയും മലയോര ജനതയുടെയും ആവശ്യം ന്യായമായതല്ലെന്ന് പറയാനാകില്ല.

എന്നാൽ, പശ്ചിമഘട്ടം സംരക്ഷിക്കപ്പെടേണ്ടത് കേരളത്തിന്റെ നിലനിൽപ്പിന് തന്നെ ആവശ്യമാണ്. സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങൾ ഇതിന് അടിവരയിടുകയും ചെയ്യുന്നു. അതിനാൽ കേന്ദ്രത്തിന്റെ നിർദ്ദേശത്തിന്റെയും കേരളത്തിന്റെ ആവശ്യത്തിന്റെയും ഇടയിൽ സന്തുലിതമായ ഒരു യോജിപ്പിന്റെ പാത കണ്ടെത്തേണ്ടത് ഇക്കാര്യത്തിൽ ആവശ്യമാണ്. കർഷകരുടെ ഭൂമിയും വീടും ഉപജീവനവും സംരക്ഷിക്കപ്പെടുമെന്ന വ്യക്തമായ ഉറപ്പ് കേരളം നേടിയെടുക്കണം. അതേസമയം ക്വാറികൾ പോലുള്ളവയുടെ പ്രവർത്തനത്തിന് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതും ആവശ്യമാണ്. ഓരോ ഗ്രാമത്തിന്റെയും സവിശേഷതകൾ, കൃഷിരീതി, ജനസാന്ദ്രത, ജലസ്രോതസുകൾ തുടങ്ങിയവ പ്രത്യേകം പഠിച്ചും വിലയിരുത്തിയും വേണം അന്തിമ തീരുമാനങ്ങളെടുക്കാൻ. സംരക്ഷണവും മനുഷ്യ ജീവിതവും ഒന്നിച്ച് കൊണ്ടുപോകാൻ കഴിയുന്ന പരിഹാരമാണ് നമുക്ക് വേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY