SignIn
Kerala Kaumudi Online
Friday, 23 October 2026 1.57 PM IST

ബീഫ് കഴിച്ചതിന് അദ്ധ്യാപകന്റെയും സഹപാഠികളുടെയും ജാതി അധിക്ഷേപം: കോയമ്പത്തൂരിൽ പതിനാറുകാരൻ ജീവനൊടുക്കി

akhilan
എ അഖിലൻ,​ അമ്മ കൗസല്യയെ ആശ്വസിപ്പിക്കുന്ന അച്ഛൻ അശോക് കുമാർ

ചെന്നൈ: ബീഫ് കഴിച്ചതിന്റെ പേരിൽ അദ്ധ്യാപകനും സഹപാഠികളും ചേർന്ന് ജാതി അധിക്ഷേപം നടത്തിയതിൽ മനംനൊന്ത് 16കാരൻ ജീവനൊടുക്കി. കോയമ്പത്തൂർ അവിനാശ് റോഡിലെ കെ കെ നായിഡു സർക്കാർ എയ്ഡഡ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ എ അഖിലൻ ആണ് മരിച്ചത്. സംഭവത്തിൽ ക്ലാസ് അദ്ധ്യാപകൻ വിജയകുമാർ, സ്കൂൾ പ്രിൻസിപ്പൽ അരുൺ കുമാർ, രണ്ട് വിദ്യാർത്ഥികൾ എന്നിവർക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തു.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അഖിലന്റെ അമ്മ കൗസല്യ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകനെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ബീഫ് കഴിക്കുന്നവനെന്ന് ആരോപിച്ച് മകനെ രണ്ടുവിദ്യാർത്ഥികൾ രണ്ടുമാസം മുൻപ് ക്ലാസ് മുറിയിൽ എഴുന്നേൽപ്പിച്ചു നിർത്തിയതായി മാതാപിതാക്കൾ പരാതിയിൽ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് സ്കോളർഷിപ്പിനായി പട്ടികജാതി വിദ്യാർത്ഥികളുടെ വിവരങ്ങൾ അദ്ധ്യാപകൻ വിജയകുമാർ ക്ലാസിൽവച്ച് ശേഖരിച്ചിരുന്നു. അഖിലനും ഇതിനായി അപേക്ഷിച്ചിരുന്നു.

തുടർന്ന് അദ്ധ്യാപകൻ നിങ്ങളിൽ എത്രപേർ ബീഫ് കഴിക്കുന്നവരാണെന്ന് ചോദിച്ചു. അഖിലനും മറ്റൊരു വിദ്യാർത്ഥിയും എഴുന്നേറ്റുനിന്നു. ഇതിന് പിന്നാലെയാണ് രണ്ട് സഹപാഠികൾ അവനെ ജാതിയുടെ പേരിൽ നിരന്തരം അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതെന്നും പരാതിയിൽ പറയുന്നു. താൻ നേരിടുന്ന ക്രൂരതയെക്കുറിച്ച് അഖിലൻ പ്രിൻസിപ്പലായ അരുൺ കുമാറിനോട് പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

മകന്റെ മരണത്തിന് സ്കൂൾ അധികൃതരും അദ്ധ്യാപകനും വിദ്യാർത്ഥികളും ഉത്തരവാദികളാണെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പിതാവ് അശോക് കുമാർ ആവശ്യപ്പെട്ടു. സംഭവത്തിൽ പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A 16-year-old Plus One student, A. Akhilan, died by suicide after allegedly facing caste-based abuse from his teacher and classmates for eating beef at a government-aided school in Coimbatore, Tamil Nadu. Police have registered an abetment to suicide case against the class teacher, principal and two students.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASTE ABUSE OVER EATING BEEF, 16 YEAR OLD SUICIDE, STUDENT ASSAULTED BY CLASSMATES, BEEF EATING DISCRIMINATION, COIMBATORE POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY