SignIn
Kerala Kaumudi Online
Monday, 29 June 2026 6.03 AM IST

മുതിയവിളയിൽ നാല് യുവാക്കൾക്ക് വെട്ടേറ്റു, എട്ട് പേർക്കെതിരെ കേസ്

കാട്ടാക്കട: മുതിയവിളയിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ മാരകായുധങ്ങൾ കൊണ്ട്നടത്തിയ അക്രമണത്തിൽ നാല് പേർക്ക് പരിക്ക്. സംഭവത്തിൽ എട്ടുപേർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. തോട്ടംപാറ പൊറ്റയിൽ വീട്ടിൽ മനു (26), കാട്ടാക്കട സ്വദേശി മഹേഷ് (24), ശരത് (26), അമൽ (24) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ലാലു, മുജീബ്, അഭിലാഷ്, വാത്തി, ശരൺ, വിഷ്ണു, വിഷ്ണു, മനു എന്നിവർക്കെതിരെയാണ് കേസ്.

ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

ആഴ്ചകൾക്ക് മുമ്പ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് മൈതാനത്ത് നടന്ന പുസ്തകമേളയ്ക്കിടെ ചിലർ ലഹരി ഉപയോഗിക്കുന്നത് മനു ചോദ്യം ചെയ്തിരുന്നു. പിന്നാലെ മുജീബിനെ ലഹരിമരുന്നുമായി എക്സൈസ് പിടികൂടി. ഇതിന് പിന്നിൽ മനുവാണെന്ന സംശയമാണ് ആക്രമണത്തിൽ കലാശിച്ചത്.

സംഭവദിവസം മുതിയവിള എ.എം.സി ഹാളിന് സമീപം വീണ്ടും ചിലർ ലഹരി ഉപയോഗിക്കുന്നത് കണ്ട മനു അത് ചോദ്യം ചെയ്തു. തുടർന്ന് പ്രതികൾ മനുവിനെ നിലത്തുതള്ളിയിട്ട് മർദ്ദിച്ചു. ഇത് കണ്ട മനുവിന്റെ സുഹൃത്തുക്കളായ അമലും മഹേഷും അവിടേക്ക് ഓടിയെത്തി. ഇതിനിടെ ഒന്നാം പ്രതിയായ ലാലു വെട്ടുകത്തി ഉപയോഗിച്ച് മനുവിന്റെ തലയ്ക്ക് വെട്ടാൻ ശ്രമിച്ചു. മനു കൈകൊണ്ട് തടഞ്ഞതിനാൽ തലയിൽ പരിക്കേറ്റില്ലെങ്കിലും കൈയ്ക്ക് ഗുരുതരമായി മുറിവേറ്റു.

ഇതിനിടെ മൂന്നാം പ്രതിയായ അഭിലാഷ് വാൾ ഉപയോഗിച്ച് മഹേഷിന്റെ കൈയിൽ വെട്ടി.

നാലാം പ്രതിയായ വാത്തി കത്തികൊണ്ടും അഞ്ചാം പ്രതിയായ ശരൺ ഇരുമ്പുകമ്പി ഉപയോഗിച്ചും ആക്രമിച്ചതായും മറ്റു പ്രതികൾ ചേർന്ന് അമലിനെ മർദിച്ചതായും പരാതിയിൽ പറയുന്നു.

നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടു. പരിക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവം ആദ്യം വിവാഹസൽക്കാരത്തിനിടെയുള്ള സംഘർഷമാണെന്ന് പ്രചരിച്ചിരുന്നെങ്കിലും ആക്രമണം വിവാഹവേദിക്ക് പുറത്തായിരുന്നുവെന്നും സംഭവത്തിന് പിന്നിൽ പഴയ വൈരാഗ്യവും ലഹരി ഉപയോഗം ചോദ്യം ചെയ്തതുമാണെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY