തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പരിശീലകനായ മനു എം (40)ന് 47 വർഷം കഠിനതടവും 79,000 രൂപ പിഴയും ശിക്ഷ. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറ് വർഷവും ഒമ്പത് മാസവും അധികതടവും അനുഭവിക്കണം. ഇയാൾക്കെതിരെയുള്ള മൂന്നാമത്തെ കേസിലാണ് കോടതി വിധി പറഞ്ഞത്.
ആദ്യ രണ്ട് കേസുകളിലെ ശിക്ഷാ കാലാവധിക്കു ശേഷമേ ഈ കേസിലെ ശിക്ഷ ആരംഭിക്കുകയുള്ളൂ. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആറ് കേസുകളാണ് മനുവിനെതിരെയുള്ളത്. നാല് കേസുകളുടെ വിചാരണ പൂർത്തിയായി. ഒരു കേസിൽ പ്രതിയെ കഴിഞ്ഞ മാസം ശിക്ഷിച്ചിരുന്നു. രണ്ടാമത്തെ കേസിൽ 35 വർഷം തടവും 66,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
2018 മുതൽ കോച്ചിംഗിനെത്തിയ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. പരിശീലനത്തിനെത്തി കുറച്ച് നാളുകൾ പിന്നിട്ടപ്പോൾതന്നെ വിവിധ സ്ഥലങ്ങളിലെത്തിച്ച് കുട്ടിയെ പീഡീപ്പിക്കാൻ തുടങ്ങി. ഇതിനുപുറമെ കുട്ടിയുടെ നഗ്നവീഡിയോ പകർത്തി ഭീഷണിപ്പെടുത്താനും ആരംഭിച്ചു. മറ്റൊരു കേസിലെ അതിജീവിതയെ ഉപയോഗിച്ചാണ് കുട്ടിയുടെ നഗ്ന വീഡിയോ എടുത്തത്.
ഇയളുടെ താൽപര്യങ്ങൾക്ക് വഴങ്ങാതായതോടെ ശരിയായ കോച്ചിംഗ് നൽകാതെയായി. തുടർന്ന് പെൺകുട്ടി മറ്റൊരു കോച്ചിംഗ് സെന്ററിനെ ആശ്രയിക്കുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ പ്രതിയുടെ കീഴിൽ കോച്ചിംഗിനെത്തിയ അഞ്ച് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.
2024ൽ ഇയാൾക്കെതിരെ മറ്റൊരു പെൺകുട്ടി രംഗത്തെത്തിയതോടെയാണ് പീഡനവിവരങ്ങൾ പുറത്തെത്തിയത്. തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടി ഇയാളെ കണ്ടതോടെ ബഹളം വയ്‌ക്കുകയായിരുന്നു. കുട്ടി നിയമപരമായി പ്രതിക്കെതിരെ നീങ്ങിയതോടെ കൂടുതൽ പേർക്ക് കേസ് നൽകാനുള്ള ധൈര്യമായി. പരാതികളുടെ അടിസ്ഥാനത്തിൽ ആറുകേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |