SignIn
Kerala Kaumudi Online
Friday, 24 July 2026 2.27 AM IST

മോർഫ് ചെയ്ത് അശ്ലീലചിത്രം പ്രചരിപ്പിച്ച സംഭവം: മെഡി. വിദ്യാർത്ഥി വീണ്ടും അറസ്റ്റിൽ

crime

പ്രതിക്കെതിരെ കൂടുതൽ പരാതി കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു


തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിലെ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു. വയനാട് കാക്കവയൽ സ്വദേശിയും മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയുമായ എബേൽ അഗസ്റ്റിനാണ് രണ്ട് എഫ്‌.ഐ.ആർ കൂടി രജിസ്റ്റർ ചെയ്തശേഷം ഇന്നലെ വീണ്ടും അറസ്റ്റിലായത്. ഇയാൾക്കെതിരെ ഒന്നിലധികം പെൺകുട്ടികൾ പരാതിയുമായി എത്തിയെങ്കിലും ഒരുപരാതിയിൽ മാത്രമാണ് ആദ്യം പൊലീസ് കേസെടുത്തിരുന്നത്. ഈ കേസിൽ ഇയാൾക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരുന്നു. പൊലീസിന്റെ അനാസ്ഥമൂലമാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രി മെഡിക്കൽ കോളേജ് സ്‌റ്റേഷനിൽ വൻ വിദ്യാർത്ഥി പ്രതിഷേധമുണ്ടായി. തുടർന്നാണ് വീണ്ടും കേസ് രജിസ്റ്റർ ചെയ്തതും എബേിലിനെ അറസ്റ്റ് ചെയ്തതും. ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ എബേൽ അഗസ്റ്റിനെ മെഡിക്കൽ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തതായി പ്രിൻസിപ്പൽ പറഞ്ഞു.

20 ൽ അധികം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ
മെഡിക്കൽ കോളേജിലെ 20ൽ അധികം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പെൺകുട്ടികളുടെ ഇൻസ്റ്റഗ്രാം പേജുകളിൽ നിന്നെടുത്ത ചിത്രങ്ങളാണ് മോർഫ് ചെയ്തത്.

ഇടപെട്ട് ചെന്നിത്തല, ഐ.ജി അന്വേഷിക്കും
സംഭവം കോളേജ് യൂണിയൻ ഭാരവാഹികൾ മന്ത്രി രമേശ് ചെന്നിത്തലയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് സൈബർ വിഭാഗം ഐ.ജി അന്വേഷിക്കുന്നതിന് നിർദ്ദേശം നൽകി. പരാതിക്കാർ ഐ.ജി ഓഫീസിലെത്തി തെളിവുകൾ കൈമാറി. പൊലീസ് നിസാര വകുപ്പുകൾ ചുമത്തിയതുകൊണ്ടാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എൻ.എച്ച്.സാലിഹ് പറഞ്ഞു. സീനിയർ വിദ്യാർത്ഥികൾ മാത്രമാണ് ആദ്യം പരാതി നൽകാൻ തയാറായത്. ജൂനിയർ വിദ്യാർത്ഥികൾ ഉൾപ്പെടെ വരും ദിവസങ്ങളിൽ പരാതി നൽകുമെന്നും സാലിഹ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY