
വർക്കല: വർക്കലയിൽ യാത്രയ്ക്കിടെയുണ്ടായ വാക്കുതർക്കത്തിൽ,യാത്രക്കാരന്റെ കുത്തേറ്റ് സ്വകാര്യ ബസ് ഡ്രൈവർക്ക് പരിക്ക്.ആക്രമണത്തിൽ പരിക്കേറ്റ മണമ്പൂർ ഒറ്റൂർ സ്വദേശിയായ ബസ് ഡ്രൈവർ ബിജോയ് (38) വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തിൽ പ്രതിയായ അഞ്ചുതെങ്ങ് സ്വദേശിയായ ജാക്സണെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് വർക്കലയിൽ നിന്ന് കടയ്ക്കാവൂരിലേക്ക് പോകുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം.വർക്കല പുത്തൻചന്തയിൽ നിന്ന് ബസിൽ കയറിയ ജാക്സൺ, "ഈ ബസ് അഞ്ചുതെങ്ങിലേക്കാണോ പോകുന്നത്" എന്ന് കണ്ടക്ടറോട് ചോദിച്ചു."ബോർഡ് വായിക്കാൻ അറിയില്ലേ... എന്ന് കണ്ടക്ടർ ചോദിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.തുടർന്ന് വർക്കല ആയുർവേദ ആശുപത്രിക്ക് സമീപം വച്ച് പ്രതി ബസിൽ നിന്നിറങ്ങുന്നതിനിടെ,വീണ്ടും കണ്ടക്ടറുമായി വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.
ഇത് ശ്രദ്ധയിൽപ്പെട്ട ബിജോയ് ബസ് നിറുത്തി ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ,പ്രതി ബാഗിൽ ഒളിപ്പിച്ചിരുന്ന കത്തി പുറത്തെടുത്ത് ഇയാളെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ബിജോയിയുടെ കഴുത്തിലും കൈയിലുമാണ് കുത്തേറ്റത്.കഴുത്തിലെ മുറിവ് ആഴത്തിലുള്ളതാണെന്നും,എന്നാൽ പരിക്കുകൾ ഗുരുതരമല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തിൽ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പ്രതിയുടെ മൊഴിയും ദൃക്സാക്ഷികളുടെ വിവരങ്ങളും സി.സി ടിവി ദൃശ്യങ്ങളും ഉൾപ്പെടെ പരിശോധിച്ചാണ് തുടർനടപടികൾ സ്വീകരിക്കുകയെന്ന് വർക്കല പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |