ആലപ്പുഴ: ഉസ്‌ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർത്ഥിനി സാവരിയ നേരിട്ടിരുന്നത് അതിക്രൂരമർദനമെന്ന് റീ പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തം. സാവരിയയുടെ നട്ടെല്ലിന് പൊട്ടൽ ഉണ്ടായിരുന്നുവെന്നും ശരീരമാസകലം മർദനമേറ്റ ചതവുകളുണ്ടായിരുന്നുവെന്നും ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി. കാല് മുതൽ തലവരെയുള്ള ചതവുകളെക്കുറിച്ചും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. തലയ്‌ക്കേറ്റ അടിയാണ് മരണകാരണം.
വ്യാഴാഴ്‌ച നാട്ടിലെത്തിച്ച മൃതദേഹം വിദഗ്ദ്ധ ഡോക്‌ടർമാരുടെ സംഘമാണ് വിശദമായി പരിശോധിച്ചത്. മൃതദേഹത്തിന്റെ 150 ചിത്രങ്ങൾ ശേഖരിച്ചു. റീ പോസ്റ്റ്‌മോർട്ടം പൂർണമായും വീഡിയോയിൽ പകർത്തി. മൃതദേഹം ഉസ്‌ബക്കിസ്ഥാനിലെ ആശുപത്രിയിൽ ആദ്യം പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു. അതും തലയിൽ ശസ്‌ത്രക്രിയ നടത്തിയതും നാട്ടിലെത്തിക്കാൻ ആന്തരികാവയവങ്ങൾ നീക്കി എംബാം ചെയ്‌തതും റീ പോസ്റ്റ്‌മോർട്ടത്തിലൂടെ വിശദമായ മരണവിവരം കണ്ടെത്താനുള്ള ദൗത്യം സങ്കീർണമാക്കുമെന്നാണ് വിവരം.
തലയിൽ പൊട്ടലേറ്റ ഭാഗവും തലച്ചോറിന്റെ ഒരുഭാഗവും ഉസ്‌ബക്കിസ്ഥാനിൽ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി മാറ്റിയിരുന്നു. ശരീരത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. കടിയേറ്റ പാട് വ്യക്തമായി കാണാമായിരുന്നുവെന്നാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ നൽകുന്ന വിവരം.
അതേസമയം, കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നലെ വൈകിട്ട് സാവരിയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണച്ചുമതല. വിദേശത്ത് നടന്ന കുറ്റകൃത്യമായതിനാൽ പൊലീസിന് അവിടെപ്പോയി അന്വേഷിക്കുന്നതിൽ പരിമിധിയുണ്ട്. അതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുന്നതിനാവശ്യമായ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
ഉസ്‌ബക്കിസ്ഥാനിലെ മെഡിക്കൽ കോളേജിൽ സഹപാഠിയായ പെരിന്തൽമണ്ണ സ്വദേശി സദറുൾ അനമിന്റെ ക്രൂരമർദനത്തിനിരയായാണ് സാവരിയ ബസന്ത് കഴിഞ്ഞ ശനിയാഴ്‌ച കൊല്ലപ്പെട്ടത്. ലാപ്‌ടോപ്പുകൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. സാവരിയയെ മതംമാറാനായി പ്രതി നിരന്തരം നിർബന്ധിച്ചിരുന്നതായും സഹപാഠികൾ സാവരിയയുടെ കുടുംബത്തെ അറിയിച്ചിരുന്നു.
A re-postmortem report of Malayalam student Sawariya, who was killed in Uzbekistan, revealed signs of severe physical assault. Doctors found multiple bruises from head to toe, a spinal fracture, and bite marks, with the head injury identified as the cause of death. The case will be investigated by the Crime Branch, while authorities are taking steps to pursue legal action against the accused.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |