SignIn
Kerala Kaumudi Online
Tuesday, 25 August 2026 5.01 AM IST

ഒരു കണ്ണിന് കാഴ്ചയില്ല, ക്രിക്കറ്റിനോട് പ്രണയം; പ്രിയദർശനെ കാണുമ്പോൾ പിതാവിനെ ഓർമ്മിക്കുന്നുവെന്ന് സെയ്‌ഫ് അലി ഖാൻ

saif-priyadarshan-pataudi
സെയ്‌ഫ് അലി ഖാൻ, പ്രിയദർശൻ,​ മൻസൂർ അലി ഖാൻ പട്ടൗഡി

സംവിധായകൻ പ്രിയദർശനിൽ അന്തരിച്ച പിതാവും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവുമായ മൻസൂർ അലി ഖാൻ പട്ടൗഡിയെ (ടൈഗർ പട്ടൗഡി) കാണുന്നതായി ബോളിവുഡ് നടൻ സെയ്‌ഫ് അലി ഖാൻ. പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹൈവാൻ' ഷൂട്ടിംഗിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് സെയ്‌ഫിന്റെ പരാമർശം. ചിത്രത്തിൽ കാഴ്ചപരിമിതിയുള്ള കഥാപാത്രത്തെയാണ് സെയ്‌ഫ് അവതരിപ്പിക്കുന്നത്. പ്രിയദർശനെ ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ് വുഡിനോടാണ് താരം ഉപമിച്ചത്. സംവിധായകന്റെ ശാന്തമായ സ്വഭാവവും കൃത്യമായ പ്രവർത്തനശൈലിയും പിതാവിനെ ഓർമിപ്പിക്കുന്നതായും പറഞ്ഞു.

'പ്രിയദർശൻ ക്ലിന്റ് ഈസ്റ്റ് വുഡിനെ പോലെയാണ്. ശാന്തനും സീനിയറും. അദ്ദേഹം എന്റെ പിതാവിനെ ഓർമിപ്പിക്കുന്നു. രണ്ടുപേരും ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. ഇരുവർക്കും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുമുണ്ട്. എന്നാൽ അതൊന്നും അവരുടെ മേഖലകളിലെ മികവിന് തടസമായില്ല. പ്രിയദർശൻ ഒരു സീനിന് ഒരേയൊരു ടേക്ക് മാത്രമാണ് നൽകുന്നത്. അതിനാൽ നടനെന്ന നിലയിൽ പെട്ടെന്ന് തീരുമാനങ്ങളെടുക്കണം. ഓരോ ദിവസവും കൃത്യസമയത്ത് ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്യും'- സെയ്‌ഫ് പറഞ്ഞു.


1961ൽ ലണ്ടനിലുണ്ടായ വാഹനാപകടത്തിലാണ് ടൈഗർ പട്ടൗഡിക്ക് വലത് കണ്ണിന്റെ കാഴ്ച നഷ്ടമായത്. സഹതാരം ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ശസ്ത്രക്രിയയ്ക്കുശേഷം ഡബിൾ വിഷൻ അനുഭവപ്പെട്ടെങ്കിലും അഞ്ച് മാസത്തിനകം, 20-ാം വയസിൽ ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്ത വർഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്ടനുമായി. ഇരട്ടക്കാഴ്ചയുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ക്രിക്കറ്റ് തൊപ്പി വലത് കണ്ണിന് മുകളലേക്ക് താഴ്ത്തിവയ്ക്കുന്നത് പതിവായിരുന്നു.

പ്രിയദർശനും ചെറുപ്പത്തിൽ സംസ്ഥാനതലത്തിൽ ക്രിക്കറ്റ് കളിച്ചിരുന്നു. പ്രൊഫഷണൽ ക്രിക്കറ്ററാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ക്രിക്കറ്റ് മത്സരത്തിനിടെ പന്ത് ഇടത് കണ്ണിൽ ശക്തമായി പതിച്ചതിനെ തുടർന്ന് കാഴ്ച പരിമിതിയുണ്ടാവുകയും പിന്നീട് സിനിമയലേക്ക് തിരിയുകയുമായിരുന്നു. അതേസമയം സെയ്‌ഫ് അലി ഖാനും അക്ഷയ് കുമാറും ഒരുമിക്കുന്ന ഏഴാമത്തെ ചിത്രമെന്ന പ്രത്യേകതയാണ് ഹൈവാനുള്ളത്. ചിത്രത്തിൽ അക്ഷയ് വില്ലൻ വേഷത്തിലെത്തുന്നത് സിനിമയ്ക്ക് കൂടുതൽ കരുത്തേകിയെന്നും സെയ്‌ഫ് പറഞ്ഞു.

'അക്ഷയ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമയ്‌ക്ക് വലിയ നേട്ടമാണ്. അദ്ദേഹത്തോടൊപ്പം ശക്തമായ ഒരു കഥാപാത്രംത്തെ അവതരിപ്പിക്കുന്നത് ആദ്യമായാണ്. ഞങ്ങൾ ആദ്യമായി ഒരുമിച്ചത് 'യെ ദില്ലഗി'യിലായിരുന്നു. അന്ന് അക്ഷയ് എന്റെ മൂത്ത സഹോദരനായാണ് അഭിനയിച്ചത്. അതാണ് ഞങ്ങളുടെ സൗഹൃദത്തിന്റെ അടിത്തറ' -സെയ്ഫ് പറഞ്ഞു.

ഷിംലയിൽ 40 ദിവസത്തെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവവും താരം പങ്കുവച്ചു. പുലർച്ചെ ആറുമണിക്ക് അക്ഷയ്‌യുടെ നേപ്പാളി സ്‌പോട്ട് ബോയ് തന്റെ മുറിക്ക് പുറത്ത് നിന്ന് 'ഖിലാഡി'യിലെ ഗാനങ്ങൾ പാടാറുണ്ടായിരുന്നെന്നും ഉറക്കം നഷ്ടപ്പെട്ടതിനാൽ സാധനങ്ങൾ എടുത്തെറിയാൻ തോന്നിയിരുന്നെന്നും സെയ്‌ഫ് തമാശയായി പറഞ്ഞു. 'ഹൈവാൻ' തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്നാണ് പ്രിയദർശനും അക്ഷയ് കുമാറും അഭിപ്രായപ്പെട്ടതെന്നും സെയ്‌ഫ് അലി ഖാൻ കൂട്ടച്ചേർത്തു. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്ത 2007ൽ പുറത്തറങ്ങിയ ആക്ഷൻ കോമഡി ചിത്രം 'തഷാൻ' ആണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

English Summary

Bollywood actor Saif Ali Khan finds similarities between director Priyadarshan and his late father, cricket legend Mansoor Ali Khan Pataudi. Both played cricket and overcame single-eye vision loss to excel. Saif, who plays a visually impaired character in Priyadarshan's new film 'Heywan', also noted Akshay Kumar's villain role, calling it a strength for their seventh collaboration.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYADARSHAN, SAIF ALI KHAN, MANSOOR ALI PATAUDI, TIGER PATAUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY