തിരുവനന്തപുരം: ദേശീയ പാതകളിൽ നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ ഹ്രസ്വ, ദീർഘകാല സുരക്ഷാ നടപടികളുമായി സർക്കാർ. വാഹനങ്ങളുടെ അമിത വേഗം, അനധികൃത വാഹന പാർക്കിംഗ് അടക്കം തടയാൻ നടപടിയെടുക്കും. രാത്രിയിൽ പ്രത്യേക സ്പീഡ് ചെക്ക് സംവിധാനം ഏർപ്പെടുത്തും. ആവശ്യമായ മുൻകരുതൽ ബോർഡുകൾ സ്ഥാപിക്കും. വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള ക്രമീകരണമൊരുക്കാൻ ജില്ലാടിസ്ഥാനത്തിൽ കളക്ടർമാരുടെ നേതൃത്വത്തിൽ മൂന്നു ദിവസത്തിനകം പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും.
നിർമ്മാണം പല ഘട്ടങ്ങളിലുള്ള ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ അപകടങ്ങൾ തുടർച്ചയായ സാഹചര്യത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഓരോ ജില്ലയിലെയും ദേശീയപാത നിർമ്മാണവും സുരക്ഷയും കളക്ടറുടെ നേതൃത്വത്തിലെ കമ്മിറ്റി വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
തൃശൂർ, മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളിൽ അടുത്തിടെ ഉണ്ടായ വാഹനാപകടങ്ങൾ സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അപകടങ്ങളുടെ കാരണങ്ങൾ യോഗം വിലയിരുത്തി. ഉടൻ നടപ്പാക്കേണ്ട സുരക്ഷാ നടപടികൾക്ക് രൂപം നൽകിയെന്നും വ്യക്തമാക്കി. എൻ.എച്ച്.എ.ഐ അധികൃതർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, കളക്ടർമാർ എന്നിവരടക്കം യോഗത്തിൽ പങ്കെടുത്തു.
അനധികൃത പാർക്കിംഗ് തടയും
1.എൻഎച്ച്-66ൽ ഉൾപ്പെടെ നിർമ്മാണത്തിലിരിക്കുന്നതും പണി പൂർത്തിയായതുമായ സ്ഥലങ്ങളിൽ വാണിംഗ് സൈനേജ്, ബാരിയർ, ലൈറ്റിംഗ്, റിഫ്‌ളക്ടർ എന്നിവ സ്ഥാപിക്കും
2.റോഡിൽ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് കർശനമായി തടയും
3.ബ്ലാക്ക് സ്‌പോട്ടുകളിൽ ഹ്രസ്വകാല സുരക്ഷാ ക്രമീകരണങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും
സംയുക്ത പരിശോധന
വാഹനങ്ങൾക്ക് പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി 'വേ സൈഡ് അമിനിറ്റീസ്'പദ്ധതികൾ ഉൾപ്പെടെ ദീർഘകാല നടപടികൾ സ്വീകരിക്കും. പ്രധാന സ്ഥലങ്ങളിൽ, പ്രത്യേകിച്ച് സ്‌കൂൾ പരിസരങ്ങളിൽ ഫുട്ഓവർ ബ്രിഡ്ജുകൾ പണിയും. അമിതവേഗത്തിനും തെറ്റായ പാർക്കിംഗിനുമെതിരെ നിരീക്ഷണവും പരിശോധനയും ശക്തമാക്കും. എൻ.എച്ച്.എ.ഐയുമായും മറ്റ് വകുപ്പുകളുമായും ചേർന്ന് സംയുക്ത പരിശോധനാ സംവിധാനവും ഉണ്ടാകും.
''റോഡുകൾ സുരക്ഷിതമാക്കുക പൊതുമരാമത്ത് വകുപ്പിന്റെ മുൻഗണനാ നടപടിയാണ്
- മന്ത്രി പി.കെ. ബഷീർ
The government is planning short- and long-term safety measures to prevent the frequent road accidents occurring on national highways.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |