
തൊടുപുഴ: ആയുർവേദ ഡോക്ടറിൽ നിന്ന് 75,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൊടുപുഴ നഗരസഭാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വിജിലൻസ് പിടിയിൽ. എറണാകുളം കറുകുറ്റി സ്വദേശി എം.പി.ജോസാണ് (54) അറസ്റ്റിലായത്. പുതുതായി പണി കഴിപ്പിച്ച ആയുർവേദ ആശുപത്രി കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകാനാണ് തൊടുപുഴ സ്വദേശിയായ ഡോക്ടറിൽ നിന്ന് കൈക്കൂലി വാങ്ങിയത്.
കംപ്ലീഷൻ സർട്ടിഫിക്കറ്റിനായി കഴിഞ്ഞ ഒക്ടോബറിൽ ഡോക്ടർ ഓൺലൈൻ വഴി അപേക്ഷ നൽകിയിരുന്നു. എന്നാൽ ഒരു മാസത്തോളം ഫയൽ പിടിച്ചുവച്ച എം.പി.ജോസ് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് ഡോക്ടർ ബിൽഡിംഗ് എൻജിനിയർ മുഖേന ജോസിനോട് സംസാരിച്ചതിനെ തുടർന്ന് പിന്നീട് വേണ്ടവിധം കണ്ടാൽ മതിയെന്ന് പറഞ്ഞ് സർട്ടിഫിക്കറ്റ് നൽകി. കഴിഞ്ഞ മേയിൽ ഡോക്ടറെ ജോസ് ഓഫീസിൽ വിളിച്ച് വരുത്തി. നിർമ്മിച്ചിട്ടുള്ള ഇരുമ്പ് ഗോവണി പെർമിറ്റിൽ ഇല്ലാത്തതിനാൽ കെട്ടിടത്തിന് അനുവദിച്ച നമ്പരുകൾ റദ്ദാക്കുമെന്ന് പറഞ്ഞു.
അത് ഒഴിവാക്കണമെങ്കിൽ രണ്ടുലക്ഷം രൂപ വേണമെന്നും 75,000 രൂപ ഉടൻ നൽകാനും ആവശ്യപ്പെട്ടു. തുടർന്ന് ഡോക്ടർ ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പിയെ വിവരമറിയിച്ചു. വിജിലൻസ് നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് അഞ്ചിന് തൊടുപുഴയിലെ ബാർ ഹോട്ടലിന് സമീപത്തുവച്ച് ഡോക്ടർ 75,000 രൂപ കൈമാറുന്നതിനിടെ ജോസിനെ പിടികൂടുകയായിരുന്നു. ഇയാളുടെ പക്കൽനിന്ന് രണ്ട് പൊതികളിലായി ഒരുലക്ഷം രൂപ കണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |