SignIn
Kerala Kaumudi Online
Thursday, 23 July 2026 3.16 AM IST

ബി.ജെ.പി തൃശൂർ ഓഫീസിൽ 25 കോടി എത്തിയെന്ന് മുൻ ജീവനക്കാരൻ  കൊണ്ടുവന്നത് 17 ചാക്കുകളിൽ

1

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ 25 കോടി രൂപയുടെ കള്ളപ്പണമെത്തിയെന്ന് മുൻ ഓഫീസ് സെക്രട്ടറി പി.അക്ഷയ് വെളിപ്പെടുത്തി. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറിൽ 17 ചാക്കുകളിലായി പണം കൊണ്ടുവന്നു. സംഘടനാ സെക്രട്ടറിയുടെ മുറിയിലേക്കാണ് ഇത് മാറ്റിയത്. സാമ്പത്തിക ഇടപാടുകൾ പുറത്തറിഞ്ഞതിലുള്ള വൈരാഗ്യത്താൽ തന്നെ പുറത്താക്കിയെന്നും അക്ഷയ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പണം വ്യക്തികൾ കൊള്ളയടിക്കുകയായിരുന്നു. സംഘടനാ സെക്രട്ടറി കെ.പി.സുരേഷ്, അദ്ദേഹത്തിന്റെ ഡ്രൈവർ രാജേഷ്, മുരളി കൊളങ്ങാട്ട് എന്നിവരാണ് പണം കൈകാര്യം ചെയ്തത്. ഇതിനായി വീട് വാടകയ്‌ക്കെടുത്തിരുന്നു. ട്രഷററേയോ ഓഫീസ് സെക്രട്ടറിയേയോ അറിയിക്കാതെയായിരുന്നു ഇടപാട്.

ഒരു കോടി രൂപ ഒരു ദിവസം തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തിൽ അയച്ചിരുന്നു. പിന്നീട് വിവരം പുറത്തായതോടെ പണം എവിടേക്കോ മാറ്റി. പിന്നാലെ ഇവിടത്തെ സി.സി.ടിവി ഒഫാക്കുകയും ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഡി.വി.ആർ മാറ്റുകയും ചെയ്തു. ഈ വിവരങ്ങൾ തൃശൂർ സിറ്റി പ്രസിഡന്റിനെ അറിയിച്ചതിനാണ് തന്നെ പുറത്താക്കിയതെന്നും അക്ഷയ് പറഞ്ഞു. കൊടകര കുഴൽപ്പണക്കേസിന് പിന്നാലെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പുതിയ വെളിപ്പെടുത്തൽ.

നിഷേധിച്ച് പാർട്ടി

പണമെത്തിയെന്ന് ആരോപിക്കുന്ന അക്ഷയ് ഓഫീസ് സെക്രട്ടറിയായിരുന്നില്ലെന്നും താത്കാലിക ജീവനക്കാരൻ മാത്രമായിരുന്നെന്നും ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് വ്യക്തമാക്കി. സ്വഭാവദൂഷ്യത്തിന് പുറത്താക്കപ്പെട്ട അക്ഷയ് വ്യക്തിവൈരാഗ്യം തീർക്കാൻ ഉന്നയിക്കുന്ന കള്ളപ്രചാരണങ്ങളാണിത്. ജില്ലാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BJPAMOUNT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA