SignIn
Kerala Kaumudi Online
Monday, 27 July 2026 12.43 AM IST

ബോർഡ് പുനഃസംഘടന: അതൃപ്തി മറികടക്കാൻ സബ്‌കമ്മിറ്റിയിലേക്ക്

1

തിരുവനന്തപുരം: ബോർഡ്,​ കോർപ്പറേഷൻ പുനഃസംഘടന വേഗത്തിലാക്കാൻ എല്ലാ ഘടകകക്ഷികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി യു .ഡി.എഫ് സബ് കമ്മിറ്റി രൂപീകരിക്കാൻ സാദ്ധ്യത. ഈ മാസം 30 ന് ചേരുന്ന യു.ഡി.എഫ് യോഗം ഇക്കാര്യം തീരുമാനിക്കും. ബോർഡുകൾ, കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഇരുന്നൂറോളം സ്ഥാപനങ്ങളിലാണ് പുനഃസംഘടന നടത്തേണ്ടത്. മുൻകാലങ്ങളിലെ രീതിയിൽ പങ്കുവയ്ക്കൽ നടക്കണമെന്നില്ലെന്ന് യു.ഡി.എഫ് കൺവീനർ അടൂർപ്രകാശ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചില ഘടകകക്ഷികൾ ആവശ്യങ്ങൾ യു.ഡി.എഫ് കൺവീനറെ അറിയിച്ചിട്ടുണ്ട്. ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷ പദവിക്ക് ലീഗും കേരള കോൺഗ്രസും ആഗ്രഹമറിയിച്ചിട്ടുണ്ട്. ലീഗ് ഡോ.എം.കെ.മുനീറിനായും കേരള കോൺഗ്രസ് പി.ജെ.ജോസഫിനായുമാണ് ആവശ്യപ്പെടുന്നത്. പകരം വയോജന കമ്മിഷൻ എന്നൊരു നിർദ്ദേശം ലീഗ് മുന്നോട്ടുവച്ചിട്ടുണ്ട്. സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പദവിയിലാണ് ഫോർവേഡ് ബ്ളോക്കിന്റെ കണ്ണ്. മന്ത്രി പദവി കിട്ടാതെ പോയ മാണി സി.കാപ്പന് നോർക്ക വൈസ് ചെയർമാൻ പദവി വേണമെന്നുണ്ട്. പി.എം ശ്രീപദ്ധതി നടത്തിപ്പ്, മദ്യനയം തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും.

ഘടകകക്ഷികൾക്ക് അതൃപ്തി

സർക്കാരിന്റെ പല തീരുമാനങ്ങളും യു.ഡി.എഫിൽ ചർച്ച ചെയ്യുന്നില്ലെന്ന അതൃപ്തി ചില ഘടകകക്ഷികൾക്കുണ്ട്. യു.ഡി.എഫിന് പകരമാവില്ല ക്യാബിനറ്റ് എന്നാണ് അവരുടെ നിലപാട്. അടുത്തിടെയാണ് ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചത്. മുൻ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖർ ഉപാദ്ധ്യക്ഷനായ ബോർഡിൽ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി,​ സണ്ണിജോസഫ്,​ മോൻസ് ജോസഫ്,​ ഷിബുബേബിജോൺ,​ സി.പി.ജോൺ എന്നിവരാണ് അംഗങ്ങൾ. അധികാരത്തിലെത്തിയ ശേഷം രണ്ടാമത്തെ യോഗമാണ് 30ന് നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA