SignIn
Kerala Kaumudi Online
Thursday, 23 July 2026 1.20 AM IST

യുവതിയുടെ വലത് കൈപ്പത്തി വെട്ടിമാറ്റി, ആൺ സുഹൃത്ത് പിടിയിൽ

an
പ്രതി അനു

കടയ്ക്കാവൂർ (തിരുവനന്തപുരം)​: വാക്കു തർക്കത്തെ തുടർന്ന് കടയ്ക്കാവൂർ ചാവടി മുക്കിൽ യുവതിയുടെ വലതു കൈപ്പത്തി ആൺ സുഹൃത്ത് വടിവാൾകൊണ്ട് വെട്ടിമാറ്റി. യുവതിയുടെ തലയ്ക്കും കഴുത്തിനും കാലിനും വെട്ടേറ്റു. കടയ്ക്കാവൂർ വയൽത്തിട്ട വീട്ടിൽ വിജിമോളാണ് (38) ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായ വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആൺസുഹൃത്ത് അഞ്ചുതെങ്ങ് കായിക്കര കൊച്ചു ചാത്തിയോട് വീട്ടിൽ അനുവിനെ (38) പൊലീസ് പിടികൂടി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് കടയ്ക്കാവൂർ ചാവടിമുക്ക് കരിച്ചിറ ആങ്ങാവിള റോഡിലായിരുന്നു സംഭവം. ഇരുവരും 12 വർഷമായി കടയ്ക്കാവൂർ ഗാന്ധിമുക്കിലെ വാടക വീട്ടിൽ ഒരുമിച്ച് താമസിക്കുകയാണ്. കരിച്ചിറ വെളിവിളാകത്തെ വെൽഡിംഗ് വർക്ക്ഷോപ്പിലെ തൊഴിലാളിയാണ് അനു. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലാണ് വിജി ജോലി ചെയ്യുന്നത്. വിജി ജോലിക്ക് പോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.

രണ്ടു ദിവസം മുമ്പാണ് കോട്ടയത്തു നിന്ന് വിജി നാട്ടിലെത്തിയത്. ഇന്നലെ കടയ്ക്കാവൂരിലെ ബാങ്കിൽ പോയ വിജിയെ അനു വെൽഡിംഗ് വർക്ക്ഷോപ്പിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് സമീപത്തെ റോഡിലേക്ക് മാറ്റി നിറുത്തി സംസാരിക്കുന്നതിനിടെ വാക്കുതർക്കമുണ്ടായി. പിന്നാലെ അനു കൈയിൽ കരുതിയിരുന്ന വടിവാൾകൊണ്ട് വിജിയെ വെട്ടുകയായിരുന്നു. സംഭവശേഷം വിജിയുടെ സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ വർക്കല മുത്താനയ്ക്ക് സമീപത്തുവച്ച് കടയ്ക്കാവൂർ പൊലീസ് പിടികൂടുകയായിരുന്നു. പൊലീസെത്തിയാണ് വിജിയെ ആശുപത്രിയിലെത്തിച്ചത്.

മുമ്പും ആക്രമണം

കഴിഞ്ഞ വർഷം ഓണത്തിനും വിജിയെ, അനു തലയിലും കൈകാലുകളിലും വെട്ടിപ്പരിക്കേൽപ്പിരുന്നു. അന്ന് അറസ്റ്റിലായ അനു മൂന്നുമാസം ജയിലിലായിരുന്നു. തുടർന്ന് വീണ്ടും രമ്യതയിലെത്തി ഇരുവരും ഒന്നിച്ച് താമസിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA