SignIn
Kerala Kaumudi Online
Monday, 27 July 2026 2.26 AM IST

ഫാം.ഡി കോഴ്‌സ് പ്രവേശനത്തിൽ പ്രതിസന്ധി; മുഴുവൻ സീറ്റും വേണമെന്ന് മാനേജ്‌മെൻറുകൾ

a

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഫാം.ഡി കോഴ്‌സിന് 50% സീറ്റിൽ മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ കേരള സ്റ്റേറ്റ് സെൽഫ് ഫിനാൻസിംഗ് ഫാർമസി കോളേജ് മാനേജ്‌മെന്റ് അസോസിയേഷൻ.മെരിറ്റ് സീറ്റ് വിട്ടു നൽകുന്നതിനെതിരെ അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. ഇക്കുറിയും 100% സീറ്റിലും സ്വന്തം നിലയിൽ പ്രവേശനം നടത്താൻ അനുമതി വേണമെന്നാണ് അസോസിയേഷന്റെ ആവശ്യം.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഫാം.ഡി കോഴ്‌സിന് 100% സീറ്റിലും പ്രവേശനം നടത്താൻ മാനേജ്‌മെന്റുകൾക്ക് അനുമതി നൽകി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.അതേസമയം മാനേജ്‌മെൻറുകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ.ഈ മാസം 16ന് അസോസിയേഷൻ പ്രതിനിധികളുമായി മന്ത്രി കെ.മുരളീധരൻ ഇത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു.ഈ വർഷം കൂടി 100% സീറ്റും മാനേജ്‌മെന്റുകൾക്ക് വിട്ടുതരണമെന്ന് അസോസിയേഷൻ പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രോസ്‌പെക്ടസ് പ്രകാരം മാത്രമേ പ്രവേശനം നടത്താനാകൂവെയെന്ന് മന്ത്രി നിലപാടെടുത്തു.

മെരിറ്റ് സീറ്റിൽ ഒഴിവുണ്ടായാൽ അത് മാനേജ്‌മെന്റിന് നൽകണമെന്ന ആവശ്യം പരിഗണിക്കാമെന്നും വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് മാനേജ്‌മെൻറ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. അതേസമയം ഡിപ്ലോമ കോഴ്‌സ് ആയ ഡീ ഫാമിന് സ്വാശ്രയ മേഖലയിൽ 50 ശതമാനം സീറ്റിൽ മെരിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുന്നത്.


മെരിറ്റടിസ്ഥാനത്തിൽ കുട്ടികൾക്ക് പഠിക്കാൻ അവസരം ഉണ്ടാകണം. അതൊരുക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. മാനേജ്‌മെന്റ് അസോസിയേഷനുകൾക്ക് കുടപിടിക്കുന്ന തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല.

-കെ.മുരളീധരൻ,

ആരോഗ്യ മന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHARMD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA