
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കരാറിലെ മാറ്റങ്ങളെക്കുറിച്ച് കേന്ദ്രവുമായി ധാരണയായില്ലെങ്കിൽ, മന്ത്രിസഭ ഉപസമിതി റിപ്പോർട്ട് പരിഗണിച്ചു മുന്നോട്ടുനീങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഡൽഹിയിൽ പോയിരിക്കയാണ്. ഇന്നലെ മന്ത്രിസഭായോഗത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനം നിർദ്ദേശിക്കുന്ന മാറ്റങ്ങൾ ഷംസുദ്ദീൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. അവ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ ഉപസമിതി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അംഗീകരിക്കണമെന്ന് ഔദ്യോഗികമായി കേന്ദ്രത്തോട് ആവശ്യപ്പെടും.
നിതിൻരാജ് കേസ്:
വീഴ്ച ബോദ്ധ്യമായി
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തെത്തുടർന്നുള്ള കേസിൽ പൊലീസിന്റെ വീഴ്ച ശ്രദ്ധയിൽപ്പെട്ടെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഭ്യന്തര മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചു. പുതിയ അന്വേഷണ ഉദ്യോഗസ്ഥർ തുടർനടപടികളെടുക്കും.
കിഫ്ബിയിലെ ക്രമക്കേടുകളെയും അഴിമതികളെയും കുറിച്ച് ടെക്നിക്കൽ കമ്മിറ്റി പരിശോധിക്കുകയാണ്. റിപ്പോർട്ട് കിട്ടിയാൽ തുടർനടപടിയുണ്ടാവും. ഇപ്പോൾ നടക്കുന്ന പ്രവൃത്തികളെ അന്വേഷണം ബാധിക്കില്ല. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളും ഓണക്കാലത്ത് കയറുത്പന്നങ്ങൾ വാങ്ങി കയർമേഖലയെ സഹായിക്കണം. അതിനുവേണ്ട പ്രചാരണം നടത്തും.
അജിത്തിനെതിരേ
നടപടി വൈകിയില്ല
ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരേ നടപടിക്ക് കാലതാമസമുണ്ടായിട്ടില്ല. സർക്കാരിനു മുന്നിൽ റിപ്പോർട്ട് എത്തിയിട്ടില്ല. ഡി.ജി.പിക്ക് എസ്.ഐ.ടിയുടെ റിപ്പോർട്ട് കിട്ടിയത് കഴിഞ്ഞയാഴ്ചയാണ്. ഡി.ജി.പിയുടെ റിപ്പോർട്ട് കിട്ടിയാൽ ആലോചിച്ച് നടപടിയെടുക്കും. അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകാൻവേണ്ടി നടപടി വൈകിപ്പിക്കുന്നു എന്ന ആരോപണം ശരിയല്ല. താനാണ് അജിത്കുമാറിനെ ഏറ്റവും വിമർശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |