
തിരുവനന്തപുരം: പി.എസ്.സി നിയമനത്തട്ടിപ്പിൽ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ടാണിത്. ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിൽ എസ്.ഐ.ടി ഇന്നലെ യോഗം ചേർന്ന് ശുപാർശ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിന് കൈമാറി. പി.എസ്.സിയിലെ പരീക്ഷാ വിഭാഗത്തിലെയടക്കം ഉന്നതർ പ്രതികളാവുമെന്നാണ് സൂചന. കേസ് ഇന്ന് രജിസ്റ്റർ ചെയ്തേക്കും. പ്ലാനിംഗ് ബോർഡിലെ മൂന്ന് വിഭാഗങ്ങളുടെ ചീഫ് നിയമനത്തിൽ വൻ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയത്. മുഴുവൻ ഉത്തരങ്ങളും മൂല്യനിർണയം നടത്താതെയാണ് ഉയർന്ന തസ്തികയ്ക്ക് പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസ് പുനർമൂല്യനിർണയം നടത്തി റാങ്ക്പട്ടിക പരിഷ്‌കരിക്കുന്നതിൽ നടപടി എടുത്തിട്ടില്ലെന്നതിന്റെ തെളിവുകൾ എസ്.ഐ.ടിക്ക് ലഭിച്ചിരുന്നു. നിയമനം ലഭിച്ചവർക്ക് ഇടത് നേതാക്കളുമായി ബന്ധമുണ്ടെന്നും കണ്ടെത്തി.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്കെതിരെ കേസെടുക്കുന്നതിലെ നടപടി ക്രമങ്ങളെല്ലാം പാലിച്ചായിരിക്കും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. പിന്നാക്ക വികസന കോർപ്പറേഷൻ പ്രോജക്ട് അസിസ്റ്റന്റ് നിയമനത്തിലെ ക്രമക്കേടുകളിൽ അടുത്ത കേസെടുക്കുമെന്നും സൂചനയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |