തിരുവനന്തപുരം : പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ട് രാജ്യത്തുടനീളം നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ സംസ്ഥാനത്ത് നാളെ നടക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന്‍ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. അഞ്ചു വയസിന് താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് ഉറപ്പുവരുത്താന്‍ എല്ലാ മാതാപിതാക്കളും രക്ഷാകര്‍ത്താക്കളും ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ. മുരളീധരന്‍ തൈക്കാട് മാതൃ-ശിശു ആശുപത്രിയില്‍ രാവിലെ എട്ടിന് നിര്‍വ്വഹിക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ അദ്ധ്യക്ഷത വഹിക്കും, ഡോ. ശശി തരൂര്‍ എം.പി, മേയര്‍ വി.വി രാജേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
സംസ്ഥാനത്ത് അഞ്ചുവയസിനു താഴെയുളള 19,80,224 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കുക. ഇതിനായി 22,288 ബൂത്തുകള്‍ സജീകരിക്കും. തുള്ളിമരുന്ന് നല്‍കാന്‍ 46,663 സന്നദ്ധപ്രവര്‍ത്തകരെ നിയോഗിക്കും. സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍, നഗരാരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, വായനശാലകള്‍, സ്കൂളുകള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ബൂത്തുകള്‍ ക്രമീകരിക്കും.
സാധാരണ ബൂത്തുകള്‍ക്ക് പുറമേ യാത്രാവേളയില്‍ കുഞ്ഞുങ്ങള്‍ക്ക് വാക്സിന്‍ നകുന്നതിനു 539 ട്രാന്‍സിറ്റ് ബൂത്തുകള്‍, 283 മൊബൈല്‍ ബൂത്തുകള്‍, 9 ഉത്സവ/ മേളകളിലെ ബൂത്തുകള്‍ എന്നിവയും ക്രമീകരിക്കും. റെയില്‍വെ സ്റ്റേഷന്‍, ബസ്സ്റ്റാന്‍റ്, ബോട്ടുജെട്ടി എന്നിവിടങ്ങളിലാകും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. അതിഥി തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ദുര്‍ഘട പ്രദേശങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍.
പള്‍സ് പോളിയോ ദിനത്തില്‍ ബൂത്തുകളില്‍ എത്താത്ത കുഞ്ഞുങ്ങള്‍ക്ക് ജൂണ്‍ 29, 30 തിയതികളില്‍ വീടുകളിലെത്തി വാക്സിന്‍ നല്‍കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പുറമേ ആശാ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരാണ് വാളന്‍റിയര്‍മാര്‍. ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ ആരോഗ്യകേരളം, തദ്ദേശസ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, കുടുബശ്രീ മിഷന്‍, സാക്ഷരതാ മിഷന്‍ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെയും റോട്ടറി ഇന്റര്‍നാഷണല്‍ തുടങ്ങിയ സന്നദ്ധസംഘടനകളുടെയും ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |