
തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതി ഹരീഷിന് ജാമ്യം കിട്ടാൻ വഴിയൊരുക്കിയ പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരിയെ മാറ്റാൻ സർക്കാർ. ഒക്ടോബർവരെ ഗീനയ്ക്ക് കാലാവധിയുണ്ട്. എൽ.ഡി.എഫ് സർക്കാർ നിയമിച്ച ഗീനാകുമാരിയെ മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കും. ഹരീഷിന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. രേഖകളുമായി തിങ്കളാഴ്ച കൊച്ചിയിലെത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ മ്യൂസിയം സി.ഐ പ്രശാന്തിനോട് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.അസഫലി നിർദ്ദേശിച്ചു.
കഴിഞ്ഞ 18ന് ഹരീഷിന്റെ ജാമ്യത്തെ എതിർത്ത് പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. ജാമ്യം നൽകാതിരിക്കാൻ 13 കാരണങ്ങളും റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോർട്ട് ഗീനാകുമാരി കോടതിക്ക് കൈമാറിയെങ്കിലും ജാമ്യത്തെ എതിർത്തില്ല. 24നാണ് വാദം കേട്ടത്. കേസ് ഡയറിയടക്കം രേഖകൾ പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനുമായി ചർച്ചയും നടത്തിയില്ല. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും ഇനി കസ്റ്റഡി ആവശ്യമില്ലെന്നും ബോധിപ്പിച്ചു.
തുടർന്നാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എസ്.നസീറ ജാമ്യം അനുവദിച്ചത്. ഈ കേസിൽ ജാമ്യം കിട്ടുന്ന ആദ്യപ്രതിയാണ് കടകംപള്ളി മധുമുക്ക് പുണർതം വീട്ടിൽ ഹരീഷ്. മറ്റുള്ളവരും സമാനമായ വഴിയിൽ ജാമ്യം നേടാനിടയുള്ളതിനാലാണ്
ജാമ്യം റദ്ദാക്കാൻ സർക്കാർ ഹൈക്കോടതിയെ സമീപിക്കുന്നത്.
കക്ഷിചേരാൻ ഇ.ഡി
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷിചേരാൻ ഇ.ഡി കോടതിയിൽ അപേക്ഷ നൽകും. പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് ഹർജിയിൽ ഇ.ഡി ചൂണ്ടിക്കാട്ടും. കേസിന്റെ സത്യാവസ്ഥ വെളിപ്പെടണമെങ്കിൽ തങ്ങളെയും കേൾക്കണം. ജാമ്യ ഹർജിയിൽ പ്രോസിക്യൂട്ടർ സ്വീകരിച്ച നിലപാട് സംശയാസ്പദമാണ്. നിരവധി പ്രതികൾ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണ്. ഗൂഢാലോചന ഉൾപ്പെടെ തെളിയിക്കേണ്ടതുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |