തിരുവനന്തപുരം: മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയ്ക്കെതിരെ കേസെടുത്ത് പുനലൂർ പൊലീസ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിലാണ് കേസ്. ബിഎൻഎസ് 192 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് ശ്രീലേഖയ്ക്കെതിരെ പുനലൂർ എസ്എച്ച്ഒയ്ക്ക് പരാതി നൽകിയത്. മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, കൊല്ലം റൂറൽ എസ്പി എന്നിവർക്ക് വിഷ്ണു സുനിൽ പരാതി നൽകിയിരുന്നു.
കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പ്രസംഗമെന്നാണ് എഫ്ഐആറിൽ പറയുന്നത്. ഒരു വർഷം വരെ തടവ് അല്ലെങ്കിൽ പിഴ, അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കാവുന്ന കുറ്റമാണ് ശ്രീലേഖയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.
പുനലൂരിൽ നടന്ന ബിജെപി പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയായിരുന്നു ശ്രീലേഖയുടെ അധിക്ഷേപ പരമാർശം. മയക്കുമരുന്ന് ഉള്ളിൽ ചെല്ലുമ്പോഴുള്ള വെപ്രാളമാണ് ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നതെന്നും അപ്പോഴുള്ള താണ്ഡവമാണ് കാണുന്നതെന്നുമാണ് ശ്രീലേഖ പറഞ്ഞത്. രാഹുൽ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പിയെല്ലാം എറിഞ്ഞ് ഡൽഹി മലിനമാക്കുകയാണെന്നും അവർ പരിഹസിച്ചു.
എസ്ഐആർ എന്ന് പറയുന്നത് അടുത്തിടെ വന്ന കാര്യമൊന്നുമല്ല. പാറ്റകൾ തെറ്റായ പ്രക്ഷോഭമാണ് മുന്നോട്ടുകൊണ്ടുവന്നിരിക്കുന്നത്. നമ്മുടെ ഭാരതം ജനാധിപത്യരാജ്യമായത് എന്നുമുതലാണോ അന്നുമുതലുള്ള കാര്യമാണ് വോട്ടർ പട്ടിക പുതുക്കലെന്ന് പറയുന്നത്. എല്ലാ പത്ത് വർഷം കൂടുമ്പോഴും നടക്കാറുള്ള പ്രക്രിയ കൂടിയാണ്. ഇന്റൻസീവ് റിവിഷൻ ആയിരുന്നുവെന്നത് ശരിയാണ്. അനേകം നുഴഞ്ഞുകയറ്റക്കാരുള്ളത് തന്നെയാണ് അതിന് കാരണമെന്നും ശ്രീലേഖ പറഞ്ഞു.
ഗ്യാനേഷ് കുമാറിനോട് യഥാർത്ഥത്തിൽ നന്ദി പറയുകയാണ് വേണ്ടത്. എൽഡിഎഫ് ഭരിക്കുന്ന കാലത്തെ കേരളത്തിൽ നിന്നുള്ള തിരഞ്ഞെടുപ്പ് ചുമതലയുള്ളവർ കൂടിയാണ് ഇക്കാര്യങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയത്. എന്നിട്ടിപ്പോൾ ഇങ്ങനെ പാറ്റകളോടൊപ്പം പ്രക്ഷോഭം നടത്താൻ നാണമില്ലേ? അവരോടൊപ്പം കോൺഗ്രസും ചേർന്നിരിക്കുകയാണ്. എന്താണ് അദ്ദേഹം അവിടെ കാണിക്കുന്നതെന്നും ശ്രീലേഖ ചോദിച്ചു.
Punalur police have registered a case against former DGP and Kerala BJP vice-president R Sreelekha for allegedly making insulting remarks about Rahul Gandhi. The case was filed under BNS Section 192 following a complaint by Youth Congress leader Vishnu Sunil Panthalam. The offence is bailable and carries a possible jail term of up to one year, a fine, or both.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |