
തിരുവനന്തപുരം: ദുർബലമായ കാലവർഷം സംസ്ഥാനത്തെ നയിക്കുന്നത് കടുത്ത പ്രതിസന്ധിയിലേക്ക്. കാർഷികമേഖലയിടക്കം വലിയ പ്രത്യാഘാതം വരുത്തും. ഒറ്റപ്പെട്ട മഴയാണ് മിക്ക ജില്ലകളിലും ലഭിക്കുന്നത്. ഇത് ഭൂജലനിരപ്പോ നദികളിലെ ജലനിരപ്പോ വർദ്ധിക്കാൻ സഹായകമല്ല. പല ജില്ലകളിലും പകൽ താപനില 35 ഡിഗ്രിവരെയാണ്.
മഴകുറഞ്ഞത് പച്ചക്കറി കൃഷിയെ അടക്കം ബാധിച്ചു കഴിഞ്ഞു. തമിഴ്‌നാട്ടിലും കർണ്ണാടകയിലും മഴ കുറഞ്ഞതോടെ പച്ചക്കറിക്കും പൂക്കൾക്കും ഉൾപ്പെടെ വിലകൂടുന്ന സ്ഥിതിയാണ്. ഇത് ഓണക്കാലത്ത് കേരളത്തിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം.
ജലവൈദ്യുതി ഉത്പാദനവും പരിമിതപ്പെടുത്തേണ്ടിവരുന്നു. വേനൽക്കാലത്തേക്ക് ഡാമുകളിൽ ജലം കരുതിവയ്ക്കാൻ കഴിയുന്നില്ല. ജലസേചന പദ്ധതികളേയും പരുങ്ങലിലാക്കും.
അതേസമയം, കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ച് ഈയാഴ്ച സമാന്യം ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന നിഗമനത്തിലാണ് കാലാവസ്ഥാ വകുപ്പ്. ന്യൂനമർദ്ദങ്ങൾ മഴ കൂട്ടുമെന്നാണ് പ്രതീക്ഷ.
മഴക്കുറവ് 37%; ഏറ്റവും
കുറവ് ഇടുക്കിയിൽ
# സംസ്ഥാനത്ത് മഴക്കുറവ് 37 ശതമാനമായി ഉയർന്നു. 1203.8 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇന്നലെ വരെ കിട്ടിയത് 760.2 മി.മീ മഴമാത്രമാണ്.
#വയനാടും ഇടുക്കിയുമാണ് ഏറ്റവും കുറവ്. വൈദ്യുതി ഉത്പാദനത്തിൽ മുഖ്യപങ്കുവഹിക്കുന്ന ഇടുക്കിയിലാണ് ഏറ്റവും കുറവ്.
# 62 ശതമാണ് ഇവിടെ മഴ കുറഞ്ഞത്. 1415.6 മി.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 573.3 മി.മീ മഴ മാത്രം. 61 ശതമാനമാണ് വയനാട് മഴക്കുറവ്. 1464.3 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 566.2 മി.മീ മഴ മാത്രമാണിവിടെ.
തലസ്ഥാനത്ത് മാത്രം
ശരാശരി മഴ
13 ജില്ലകളിലും മഴ കുറഞ്ഞപ്പോൾ ശരാശരി മഴ തിരുവനന്തപുരത്ത് മാത്രമാണ്. 15 ശതമാനം മാത്രമാണ് ഇവിടെ മഴയിലെ കുറവ്. 480.3 മി.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 409.5 മി.മീ മഴയാണ് കിട്ടിയത്.
ഇന്ന് 5 ജില്ലകളിൽ
മഴ സാദ്ധ്യത
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ യെല്ലോ അലർട്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |