SignIn
Kerala Kaumudi Online
Sunday, 06 September 2026 2.19 PM IST

കോൺഗ്രസിന് നാണക്കേടായി ചിറയിൻകീഴിലെ കൈയാങ്കളി

READ ENGLISH VERSION
1

തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എം.എൽ.എയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളി പാർട്ടിക്ക് നാണക്കേടായിരിക്കെ​ സംഭവത്തെ ന്യായീകരിച്ച് ഇരുപക്ഷവും രംഗത്തെത്തി. വിവിധ പാനലുകളായി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രാദേശിക നേതാക്കൾ തീരുമാനിച്ചു. ഇതിനോട് സഹകരിക്കാത്തതാണ് തനിക്കെതിരെ തിരിയാൻ കാരണമെന്ന് രമ്യ പറയുന്നു. മീഡിയയിലും ചായക്കടയിലുമൊക്കെ അപവാദ പ്രചാരണം നടത്തി. പട്ടികജാതി ഫണ്ട് ചെലവഴിക്കലുമായി ബന്ധപ്പെട്ട് ബ്ലോക്ക് ഓഫീസിൽ ചർച്ച നടന്നിരുന്നു. ഇതിന്റെ ഫോട്ടോ ചേർത്ത് പാർട്ടിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ തനിക്കെതിരെ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സജ്ജാദ് കമന്റിട്ടു. സജ്ജാദിനോട് ചോദിച്ചപ്പോൾ ജില്ലാപഞ്ചായത്ത് മെമ്പർ സജിത് മുട്ടപ്പലവും ഡി.സി.സി മെമ്പർ വിശ്വനാഥൻ നായരും പറഞ്ഞിട്ടാണ് ചെയ്തതെന്നറിയിച്ചു.

വീട് തൊട്ടടുത്താണെന്നും അങ്ങോട്ടേക്ക് പോകാമെന്നും സജ്ജാദ് ക്ഷണിച്ചിട്ടാണ് പോയത്. സംസാരിച്ചിരിക്കെയാണ് സജിത്ത് അടക്കം എട്ടോളം പേരെത്തിയത്. സജിത് മോശമായി സംസാരിച്ചു. തിരിച്ചുപോകാൻ കാലുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തി. തന്റെ കൈ പിടിച്ചുവലിച്ചു. തുടർന്നാണ് ചികിത്സ തേടിയത്. തിരഞ്ഞെടുപ്പ് സാമ്പത്തിക തിരിമറിക്ക് സജിത്തിനെതിരെ പരാതിയുണ്ട്. പാളയം പ്രദീപ് അടക്കം തനിക്ക് നാല് സ്റ്റാഫുണ്ട്. എം.പി ആയിരുന്നപ്പോൾ മുതൽ പാളയം പ്രദീപ് ഒപ്പമുണ്ടെന്നും രമ്യ പറഞ്ഞു.

പ്രശ്‌നമുണ്ടാക്കിയത് പാളയം പ്രദീപ്: സജ്ജാദ്

ഗ്രൂപ്പിലിട്ട മെസേജ് വീട്ടിലെത്തി മകളെ കൊണ്ട് രമ്യ വായിപ്പിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടായതെന്ന് സജ്ജാദ് പറഞ്ഞു. പാളയം പ്രദീപാണ് പിന്നിൽ. ഇത് ചോദ്യം ചെയ്‌തതാണ് പ്രശ്നത്തിന് കാരണം. പാളയം പ്രദീപ് എം.എൽ.എയുടെ സ്റ്റാഫ് അല്ല. ഇയാൾ മുതലപ്പൊഴി നിർമ്മാണത്തിലടക്കം ഇടപെട്ടു. ബ്ലോക്ക് ഓഫീസിലെ യോഗത്തിൽ ഇയാളും പങ്കെടുത്ത ഫോട്ടോ കണ്ടതതോടെ പ്രതികരിച്ചു. ഇതോടെ ശത്രുവായി. എം.എൽ.എയെ നിയന്ത്രിക്കുന്നത് പ്രദീപാണ്. രമ്യ ഓടിവന്ന് കൈയ്ക്ക് പിടിച്ച് വലിച്ചിട്ട് തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് സജിത് മുട്ടപ്പലവും പറഞ്ഞു.

 ജാമ്യമില്ലാ വകുപ്പിൽ കേസ്

രമ്യയുടെ പരാതിയിൽ ചിറയിൻകീഴ് പൊലീസ് സജിത്ത്, സജ്ജാദ് ഉൾപ്പെടെ 14 നേതാക്കൾക്കെതിരെ എസ്‌.സി/എസ്.ടി അതിക്രമ നിരോധന നിയമം ഉൾപ്പെടെ ജാമ്യമില്ലാവകുപ്പ് ചുമത്തി കേസെടുത്തു. സജിത്തും ഭാര്യയും പരാതി നൽകിയെങ്കിലും കേസെടുത്തിട്ടില്ല. സജിത്തിനെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു. രമ്യ ഹരിദാസ് ചിറയിൻകീഴിൽ സ്ഥാനാർത്ഥിയായത് മുതൽ ഒരു വിഭാഗം എതിർപ്പിലാണ്.

 സമിതിയെ വച്ച് കെ.പി.സി.സി

കൈയാങ്കളി അന്വേഷിക്കാൻ കെ.പി.സി.സി സമിതിയെ നിയോഗിച്ചു. നെയ്യാറ്റിൻകര സനൽ, എം.എം.ഹസൻ, രമണി പി. നായർ എന്നിവർക്കാണ് ചുമതല. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളെയും കേട്ട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണം. മണ്ഡലത്തിലെ ഡി.സി.സി മെമ്പർമാർ, രണ്ടു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ എന്നിവരെയും ഇന്ന് കെ.പി.സി.സി ഓഫീസിലേക്ക് വിളിപ്പിച്ചു. ഡൽഹിയിൽ വനിത എം.എൽ.എമാരുടെ യോഗത്തിൽ പങ്കെടുക്കേണ്ടതിനാൽ ഇന്ന് ഹാജരാകില്ലെന്ന് രമ്യ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA