
കൊച്ചി: തന്ത്രപ്രധാന മേഖലയിലായതിനാൽ, ഭവനരഹിതർക്കായി കൊച്ചി കോർപ്പറേഷൻ നിർമ്മിച്ച ഫോർട്ടുകൊച്ചിയിലെ ട്വിൻ ടവർ രാജ്യസുരക്ഷാ ഭീഷണിപ്പട്ടികയിൽ കുരുങ്ങി. സുരക്ഷാ ക്ളിയറൻസ് ഇല്ലാത്തതിനാൽ, ഉദ്ഘാടനം കഴിഞ്ഞ് പത്ത് മാസമായിട്ടും കൈമാറാനുമായില്ല. ഇന്റലിജന്റ്സ് ബ്യൂറോയുടെ നിർദ്ദേശത്തെ തുടർന്ന് ഗുണഭോക്താക്കൾക്ക് പൊലീസ് ക്ളിയറൻസ് എടുക്കാനുള്ള നടപടികളിലാണ് കോർപ്പറേഷൻ. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യ, ദക്ഷിണനാവിക ആസ്ഥാനം, കൊച്ചി തുറമുഖം, എൽ.എൻ.ജി ടെർമിനൽ, വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ തുടങ്ങിയവ ഈ ഫ്ളാറ്റ് സമുച്ചയത്തിന് സമീപമാണ്. വളപ്പിനുള്ളിൽ പൊലീസ് കൺട്രോൾ റൂം ഉൾപ്പെടെ നിരവധി വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 12, 13 നിലകളുള്ള ടവറുകളിലെ 394 ഗുണഭോക്താക്കളും ഒരു മതവിഭാഗക്കാരായതും പരാതിക്ക് ഇടയാക്കിയിരുന്നു.
സെപ്തംബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ചർച്ചയ്ക്കായി തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി. അനുപമ വിളിച്ച യോഗത്തിൽ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ, കോർപ്പറേഷൻ സെക്രട്ടറി പി.എസ്.ഷിബു തുടങ്ങിയവർ പങ്കെടുത്തിരുന്നു. മട്ടാഞ്ചേരിയിലെ തുരുത്തി, കൽവത്തി, കൊഞ്ചേരി, കോളനിവാസികൾക്കായി പത്ത് വർഷത്തോളമെടുത്താണ് ഫ്ളാറ്റ് നിർമ്മിച്ചത്. 12 നിലയുള്ള ടവർ രാജീവ് ആവാസ് യോജന പ്രകാരവും 13 നിലയുള്ളത് കൊച്ചി സ്മാർട്ട് സിറ്റി മിഷനുമാണ് നിർമ്മിച്ചത്. 218 പേർക്ക് അലോട്ട്‌മെന്റ് കഴിഞ്ഞു. സ്വന്തം വീടില്ലെന്ന രേഖ ഹാജരാക്കാൻ 110 പേർക്ക് സാധിച്ചില്ല.
ആകെ 394 ഫ്ളാറ്റുകൾ
ചെലവ് : 85.75 കോടി
ഒന്നാം ടവർ : 41.74 കോടി
12 നിലകൾ
199 വീടുകൾ, 300 ചതു. അടി
രണ്ടാം ടവർ : 44.01 കോടി
13 നിലകൾ
195 വീടുകൾ, 320 ചതു. അടി
സുരക്ഷാമാനദണ്ഡം ഏർപ്പെടുത്താനുള്ള നടപടികളിലാണ്. എത്രയും വേഗം ഫ്ളാറ്റ് കൈമാറാനാണ് ശ്രമം.
അഡ്വ.വി.കെ. മിനിമോൾ
കൊച്ചി മേയർ
കൈമാറ്റം വൈകിയത് വീഴ്ചയാണ്. നിർമ്മാണവേളയിൽ സുരക്ഷാ ക്ളിയറൻസ് പ്രശ്നമുണ്ടായിരുന്നില്ല. എത്രയും വേഗം പ്രശ്നം പരിഹരിക്കണം.
അഡ്വ. എം.അനിൽകുമാർ
മുൻ മേയർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |