
തിരുവനന്തപുരം:സ്വകാര്യവത്കരണം സർക്കാരിന്റെ നയമല്ലെന്നും നിരന്തരം
ഖജനാവ് ചോർത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനാവില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ.
ഐ.എൻ.ടി.യു.സി സംസ്ഥാനനേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കെ.എസ്ആർ.ടി.സി, ഇലക്ട്രിസിറ്റിബോർഡ് തുടങ്ങിയ സ്ഥാപനങ്ങളെ സർക്കാർ സഹായമില്ലാതെ സ്വന്തം നിലയിൽ നിലനിറുത്താനും പരിപോഷിപ്പിക്കാനും നടപടികളെടുക്കും.
രാജ്യത്തെ 29 തൊഴിൽനിയമങ്ങൾ കോൺഗ്രസ് ഗവൺമെന്റുകൾ നടപ്പാക്കിയത്
ഐ.എൻ.ടി.യു.സി നിർദേശപ്രകാരമായിരുന്നു. അവമാറ്റിമറിച്ചാണ് ബി.ജെ.പി സർക്കാർ ലേബർകോഡുകൾ നടപ്പാക്കുന്നത്. പാർലമെന്റ് ലേബർകോഡുകൾ പാസാക്കിയതിനാൽ അത് നടപ്പാക്കുന്നതിൽ നിന്ന് ഗവൺമെന്റുകൾക്ക് മാറിനിൽക്കാനാവില്ല. തൊഴിലാളികൾക്ക് ദ്രോഹകരമല്ലാത്ത ചട്ടങ്ങൾ രൂപീകരിക്കാൻ നടപടികളെടുക്കും. അതിനുമുമ്പ് ട്രേഡ് യൂണിയനുകളുടെ അഭിപ്രായം തേടും.
ജൂൺ 24ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഐ.എൻ.ടി.യു.സി സംഘടിപ്പിച്ച സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് നിയമസഭയിലെ തിരക്ക് കൊണ്ടായിരുന്നു. നിയമസഭാംഗമെന്ന നിലയിൽ എല്ലാനടപടികളിലും പൂർണ്ണസമയപങ്കാളിയായി റെക്കാഡ് സൃഷ്ടിച്ച ദിവസമായിരുന്നു അന്ന്. അതിനാൽ പ്രത്യേകയോഗം സംഘടിപ്പിക്കണമെന്ന് താനാണ് ഐ.എൻ.ടി.യു.സി നേതൃത്വത്തോട് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കശുഅണ്ടി വികസനകോർപ്പറേഷൻ അഴിമതികേസിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി കൊടുത്തശേഷം ആദ്യമായാണ് മുഖ്യമന്ത്രി ചന്ദ്രശേഖരനൊപ്പം വേദി പങ്കിടുന്നത്.
ആർ.ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. നേതാക്കളായ പി.ജെ.ജോയി, വി.ആർ.പ്രതാപൻ, വി.ജെ.ജോസഫ്,
കൊല്ലം മേയർ എ.കെ.ഹഫീസ്, സിറിയക് തോമസ് എം.എൽ.എ, തമ്പികണ്ണാടൻ, കെ.കെ.ഇബ്രാഹിംകുട്ടി, പി.പി.ആലി, സുന്ദരൻകുന്നത്തുള്ളി, കൃഷ്ണവേണി ജി.ശർമ്മ, പി.ജി.ദേവ്, കാർത്തിക് ശശി തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |