SignIn
Kerala Kaumudi Online
Monday, 24 August 2026 3.50 AM IST

എയിംസ് മാതൃകയിൽ കേരളത്തിന് കേന്ദ്ര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട്

READ ENGLISH VERSION
aiia

തിരുവനന്തപുരം: 'എയിംസ്" മാതൃകയിൽ കേന്ദ്ര ആയുഷ് മന്ത്രാലയം പ്രഖ്യാപിച്ച അഖിലേന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് (എ.ഐ.ഐ.എ) കേരളത്തിന് ലഭിക്കാൻ സാദ്ധ്യത തെളിയുന്നു. തിരുവനന്തപുരം വർക്കലയിലെ അയിരൂർ, കാസർകോട്ടെ ചീമേനി, തൃശൂർ ചാലക്കുടിയിലെ ആതിരപ്പള്ളി എന്നീ സ്ഥലങ്ങൾ ശുപാർശ ചെയ്‌ത് സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്ര അയുഷ് വകുപ്പിന് പ്രാഥമിക റിപ്പോർട്ട് നൽകി.

ന്യൂഡൽഹിയിലെ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മാതൃകയിലാണ് പുതിയ കാമ്പസുകൾ. ആയുർവേദ ചികിത്സ, പി.ജി പഠനം, ഗവേഷണം, സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ എന്നിവ ഇവിടെയുണ്ടാകും. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിനുള്ള (എയിംസ്) സമാനപദവിയും ഉണ്ടാകും.

അയിരൂരിലെ ഭൂമി നേരത്തെ ഗ്ലോബൽ ആയുർവേദ വില്ലേജ് പദ്ധതിക്കായി കണ്ടെത്തിയതാണ്. 2012ൽ എമർജിംഗ് കേരളയിൽ ഉയർന്ന ആശയമാണ് ഗ്ലോബൽ ആയുർവേദ വില്ലേജ്. മൂന്നു ഘട്ടങ്ങളിലായി 200 കോടിയുടെ പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നത്. അതു നടപ്പാകാത്ത സാഹചര്യത്തിലാണ് അഖിലേന്ത്യ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന് പരിഗണിക്കുന്നത്. 40 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ ഭൂമി ഏറ്റെടുക്കാനുമാകും. ടൂറിസം മേഖലയായതിനാൽ വർക്കലയ്ക്ക് സാദ്ധ്യതയേറെയാണ്.

ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കാമെന്ന് ആതിരപ്പള്ളി പഞ്ചായത്ത് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. വിശദ പഠനം നടത്തി റിപ്പോർട്ട് നൽകാനാണ് കേന്ദ്ര ആയുഷ് വകുപ്പ് സംസ്ഥാന ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരളത്തെ മുന്നിൽ എത്തിക്കുന്നത്

1. കേരളത്തിലെ ആയുർവേദ ചികിത്സ ലോകപ്രശസ്തം

2. പാരമ്പര്യ ചികിത്സയുൾപ്പെടെ ലഭ്യം

3. ടൂറിസം കേന്ദ്രമായതിനാൽ മെഡിക്കൽ ടൂറിസം സാദ്ധ്യത

4. ഔഷധ സസ്യങ്ങളുടെ ലഭ്യത. അതിനെ കുറച്ച് അറിവുള്ള ജനം

പുതുതായി 3 എ.ഐ.ഐ.എ

 മൂന്ന് അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസുകൾ സ്ഥാപിക്കാനാണ് കേന്ദ്ര ആയുഷ് മന്ത്രാലയം നിർദ്ദേശം ക്ഷണിച്ചത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ചിരുന്നു.

 ഭൂമി, അടിസ്ഥാന സൗകര്യം, സർക്കാരിന്റെ പ്രതിബദ്ധത, നടപ്പാക്കാനുള്ള ശേഷി തുടങ്ങിയവ മാനദണ്ഡമാക്കി ഏറ്റവും മികച്ച സ്‌കോർ നേടുന്ന സംസ്ഥാനങ്ങൾക്കായിരിക്കും അനുവദിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA