
കൊച്ചി: മുഖത്തല സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. മാത്യു ടി. ജോർജിന് ചിത്രരചന വെറുമൊരു വിനോദമല്ല, ആത്മീയതയും കലയും ചേരുന്ന ജീവിതചര്യയാണ്. പ്രാർത്ഥനാ നിമിഷങ്ങളിൽ മനസിൽ തെളിയുന്ന ദിവ്യരൂപങ്ങളാണ് പ്രധാനമായും ഒഴിവുസമയങ്ങളിൽ കാൻവാസിലേക്ക് പകർത്തുന്നത്. ഒരു പതിറ്റാണ്ടിനിടെ ജിനു തലവൂർ എന്ന തൂലികാ നാമത്തിൽ ഫാദർ വരച്ച മുന്നൂറിലധികം ചിത്രങ്ങൾ വിവിധ പള്ളികളിൽ ഇടം പിടിച്ചു. കൊല്ലം തലവൂർ സ്വദേശിയാണ്. പഠനകാലത്ത് പെൻസിൽ ഡ്രോയിംഗിൽ ധാരാളം സമ്മാനങ്ങൾ നേടി. കലാജീവിതത്തിൽ വഴിത്തിരിവായത് 2009ൽ കോട്ടയം പഴയ സെമിനാരി പഠനകാലത്ത് ഓയിൽ പെയിന്റിംഗിലേക്ക് കടന്നതാണ്. ''ചിത്രരചനയിൽ ശാസ്ത്രീയമായ പരിശീലനമൊന്നും നേടിയിട്ടില്ല. വരച്ച് വരച്ച് വശത്താക്കി"- ഫാ. മാത്യു ടി. ജോർജ് പറഞ്ഞു. ക്രിസ്തുദേവൻ, പുണ്യവാളന്മാർ, പരിശുദ്ധ ബാവമാർ എന്നിങ്ങനെയുള്ള ചിത്രങ്ങളാണ് കൂടുതലും. ചലച്ചിത്ര താരങ്ങളും ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയുമെല്ലാം ഫാദറിന്റെ കാൻവാസിൽ വിരിഞ്ഞിട്ടുണ്ട്. നടുത്തേരി എബനേസർ ഭവനിൽ തങ്കച്ചൻ-എൽസി ദമ്പതികളുടെ മകനാണ്. ഐ.ടി പ്രൊഫഷണലായ ഭാര്യ ജിൻസിയും മകൾ ജെർഷയും സഹോദരി ജീനയും ചിത്രരചനയിൽ ഫാദറിന് തുണയാണ്.
പള്ളികൾ കൈക്കുമ്പിളിൽ
കൊല്ലം ഭദ്രാസനത്തിന് കീഴിലുള്ള പള്ളികളിലാണ് ഫാദർ സേവനം അനുഷ്ഠിച്ചിട്ടുള്ളത്. ഈ പള്ളികളുടെയെല്ലാം മിനിയേച്ചറുകളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. കൃത്യമായ അളവിൽ രൂപഘടനയിൽ പോരായ്മ വരാതെയാണ് ശില്പകല. മുഖത്തല സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയുടെ മിനിയേച്ചർ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പിലാണ് ഫാദർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |